ആത്മീയേതരമാവില്ല യോഗം; കേരളത്തിനാവശ്യം യോഗത്തിന്റെ ആത്മീയതയും

Glint Staff
Thu, 23-06-2016 11:53:28 AM ;

yoga demonstration by cpim

 

മതത്തിന്റെയും ആത്മീയതയുടെയും കെട്ടുപാടുകളില്‍ നിന്ന്‍ യോഗത്തെ മോചിപ്പിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. യോഗത്തിന്റെ സദ്‌ഫലങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകാനാണ് മുഖ്യമന്ത്രി ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. ശരീരത്തിനും മനസ്സിനും ആരോഗ്യം നല്‍കുന്ന പുനരുജ്ജീവന വ്യായാമമുറയായി യോഗത്തെ കണ്ടാല്‍ മതിയെന്നും അദ്ദേഹം ഒപ്പം നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നാല്‍, ഭാരതത്തിലെ ആറു വൈദിക ദാര്‍ശനിക പദ്ധതികളില്‍ ഒന്നായെണ്ണുന്ന യോഗത്തെ സംബന്ധിച്ച ഒരു പരിമിത വീക്ഷണമാണ് ഇവിടെ അദ്ദേഹം മുന്നോട്ടുവെക്കുന്നത്. മുഖ്യമന്ത്രിയുടെ വീക്ഷണത്തിലെ ഈ പരിമിതി തന്നെയാണ് ഈ വിഷയം ഉയര്‍ത്തുന്ന പ്രധാന പ്രശ്നവും. കേരള സമൂഹത്തിന്റെ മാനസികവും ശാരീരികവും ആയ ആരോഗ്യം അനുദിനം മോശമായി വരികയും അടിയന്തര ചികിത്സ  വേണ്ട ഒരു സന്ദര്‍ഭത്തിലേക്ക് സമൂഹം അതിദ്രുതം സഞ്ചരിക്കുകയും ചെയ്യുന്ന ഒരു കാലത്ത് ആ സാമൂഹിക ചികിത്സയ്ക്ക് നേതൃത്വം കൊടുക്കേണ്ട സ്ഥാനത്ത് അവരോധിക്കപ്പെട്ട വ്യക്തി പരിമിത വീക്ഷണത്തിലാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ അത് നല്‍കുന്നത് ആപല്‍സൂചനയാണ്.

 

വൈദികമെന്ന പോലെ വൈദികേതരവുമായ ഒരു ധാര, പ്രധാനമായും ബുദ്ധനിലൂടെ, യോഗത്തിന്റെ പാരമ്പര്യത്തിലുണ്ട്. യോഗം ഭാരതത്തിന്റെ അതിരുകള്‍ക്ക് പുറത്തേക്ക് ആദ്യം സഞ്ചരിക്കുന്നതും ബുദ്ധമതത്തിലൂടെയാണ്. ബുദ്ധം വൈദികേതരമായിരിക്കുമ്പോള്‍ തന്നെ വേദനിഷേധവുമായിരുന്നില്ല. വേദപ്രാമാണ്യം ആധാരമാക്കി വളര്‍ന്ന ഒരു സാമൂഹ്യവ്യവസ്ഥ ജീര്‍ണ്ണതയുടെ വഴിയിലേക്ക് നീങ്ങിയപ്പോള്‍ ഒരു പുതുവഴി തെളിക്കുകയായിരുന്നു ബുദ്ധന്‍. യോഗം ശരീരത്തിനും മനസ്സിനും നല്‍കുന്ന ആരോഗ്യം അന്ന്‍ ബുദ്ധനും തിരിച്ചറിഞ്ഞിരിക്കണം. തമസില്‍ നിന്ന്‍ രജസിലേക്ക് - നിഷ്ക്രിയത്വത്തില്‍ നിന്ന്‍ കര്‍മ്മത്തിലേക്ക് - ഉണരാന്‍ ശരീരത്തിനും മനസ്സിനും ആരോഗ്യം ആവശ്യം തന്നെ. അതേസമയം, രജസില്‍ നിന്ന്‍ സാത്വികതയിലേക്കുള്ള - ശുദ്ധിയിലേക്കുള്ള - വഴിയായിരുന്നു ആത്യന്തികമായി ബുദ്ധന് യോഗം. അതുകൊണ്ടാണ് യോഗം ബോധിസത്വന്‍മാരുടെ മാര്‍ഗ്ഗമായത്. അത് ആനന്ദത്തിലേക്കുള്ള മാര്‍ഗ്ഗവുമാണ്‌. ബ്രഹ്മസാക്ഷാത്കാര മാര്‍ഗ്ഗമായി യോഗത്തെ കാണുന്ന ഉപനിഷത്തുക്കളും സത്യത്തിലേക്കുള്ള അന്തര്‍ദര്‍ശനമായി യോഗത്തെ ആവിഷ്കരിച്ച പതഞ്‌ജലിയും അന്തരാര്‍ത്ഥത്തില്‍ മറ്റൊന്നല്ല പറഞ്ഞിരിക്കുന്നതും.

 

ഇത് വേറൊരു രീതിയില്‍ പറഞ്ഞാല്‍ യോഗ പാരമ്പര്യത്തിന്റെ ഏത് ധാര നിങ്ങള്‍ പിന്‍പറ്റിയാലും ഭൗതികതയുടെയും (തമസില്‍ നിന്ന്‍ രജസിലേക്ക്) ആത്മീയതയുടെയും (രജസില്‍ നിന്ന്‍ സാത്വികതയിലേക്ക്) ഒരു സന്തുലനം - യോഗം - അതിലുണ്ട്. ഉണ്ടാകണം. എന്നാലേ അത് യോഗമാകൂ. ദര്‍ശനത്തിന്റെ പേര് തന്നെ യോഗം എന്നാണ്. യോഗ എന്ന ആംഗലേയ നാമം നമ്മള്‍ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ഭാഷയില്‍ യോഗം എന്ന നാമം ലളിതമായി സംവേദനം ചെയ്യുന്ന അര്‍ഥം നഷ്ടപ്പെടുന്നുണ്ട്. യോഗത്തെ ചുറ്റിപ്പറ്റിയുള്ള ഇന്നത്തെ ചിന്താക്കുഴപ്പങ്ങള്‍ക്ക് ഒരു കാരണവും ഈ അര്‍ത്ഥനഷ്ടം തന്നെയെന്ന് പറയാം.

pinarayi vijayan

 

യോഗം, അതിന്റെ ഏത് ധാരയിലും ഭൗതികവും ആത്മീയവും ആയിരിക്കുമ്പോള്‍ എങ്ങിനെയാണ്‌ അതിനെ ആത്മീയതയില്‍ നിന്ന്‍ മോചിപ്പിക്കുക? അങ്ങനെ വേര്‍പെടുത്തപ്പെട്ട ഒന്ന്‍ പിണറായി വിജയന്‍ പറഞ്ഞപോലെ ഒരു വ്യായാമമുറ മാത്രമേ ആകൂ. അതിന് യോഗം നല്‍കുന്ന ശുദ്ധിയിലേക്ക്, അതില്‍ നിന്നുളവാകുന്ന ആനന്ദത്തിലേക്ക് നയിക്കാനാകില്ല. തന്റെ സമൂഹത്തില്‍ ബുദ്ധന്‍ നേരിട്ടത് പോലുള്ള ഒരു നിമിഷമാണ് പിണറായി വിജയന്റെയും മുന്നിലുള്ളത് എന്ന്‍ പറഞ്ഞാല്‍ അത് അതിശയോക്തിയല്ല. ജീര്‍ണ്ണതയില്‍ നിന്ന്‍ പുനരുജ്ജീവനത്തിലേക്ക് സഞ്ചരിക്കേണ്ട ഒരു നിമിഷത്തിലാണ് കേരള സമൂഹവും. കുറേക്കൂടി കൃത്യമായി പറഞ്ഞാല്‍ രാജസികമായ അവസ്ഥയില്‍ തുടര്‍ന്ന്‍ അതില്‍ നിന്നുളവാകുന്ന പ്രതിസന്ധിയാണ് കേരളം നേരിടുന്നത്. അനിയന്ത്രിതമായ ഭൗതികതയുടെ പ്രതിസന്ധി. സാത്വികത കൊണ്ട് പൂരിതമാകുന്നതിലൂടെയേ അതിനെ മറികടക്കാന്‍ കഴിയൂ. തമസ്, രജസ്, സത്വം എന്നിങ്ങനെ യോഗം വിഭാവനം ചെയ്യുന്ന അവസ്ഥകള്‍ നമ്മുടെ ജീവിതത്തിന്റെ, വ്യക്തിതലത്തിലും സാമൂഹ്യതലത്തിലും, പ്രതിഫലനങ്ങള്‍ തന്നെയാണ്. എന്നാല്‍, യോഗം പുനരുജ്ജീവനത്തിലേക്കുള്ള മാര്‍ഗ്ഗമെന്ന് പറയുമ്പോഴും അതിന്റെ സമഗ്രതയില്‍, ഭൗതികതയുടെയും ആത്മീയതയുടെയും സന്തുലനമായി, യോഗത്തെ കാണാന്‍ പക്ഷെ, പിണറായി വിജയന് സാധിക്കുന്നില്ല. പിന്‍പറ്റുന്ന രാഷ്ട്രീയ തത്വശാസ്ത്രത്തിലൂടെ ലഭിച്ച കേവല ഭൗതികവാദത്തിന്റെ ആശയ പശ്ചാത്തലത്തില്‍ നിന്നാലാകട്ടെ, പിണറായി വിജയന് ആത്മീയതയെ പരമാവധി വ്യക്തിതലത്തിലല്ലാതെ സാമൂഹ്യതലത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുകയുമില്ല. ഇവിടെ മഹാത്മാ ഗാന്ധിയിലേക്ക് കൂടി പിണറായി വിജയന്‍ നോക്കേണ്ടതുണ്ട്. ആത്മീയതയുടെ ഒരു സാമൂഹ്യപ്രയോഗം സാധ്യമാണെന്ന് മാത്രമല്ല, അതിനെ രാഷ്ട്രീയമായി തന്നെ സാധിതമാക്കാം എന്ന്‍ ഗാന്ധി കാണിച്ചിട്ടുണ്ട്. ഗാന്ധിയില്‍ വിളങ്ങിയത് ഭഗവദ് ഗീതയില്‍ നിന്ന്‍ പ്രചോദിതമായ യോഗമാണെന്നും കാണാം.

 

പടിഞ്ഞാറന്‍ ഉറവിടങ്ങളില്‍ നിന്ന്‍ സ്വീകരിച്ച മതേതര സങ്കല്‍പ്പങ്ങളും യോഗത്തെ ചൊല്ലിയുള്ള ഇപ്പോഴത്തെ വിവാദത്തിനു കാരണമാകുന്നുണ്ട്. ആത്മീയതയില്‍ നിന്ന്‍ യോഗത്തെ മോചിപ്പിക്കണം എന്ന് പിണറായി വിജയന്‍ പറഞ്ഞ ചടങ്ങില്‍ തന്നെ അതിനെ കൊല്ലം കത്തോലിക്കാ രൂപതയുടെ മെത്രാന്‍ ഡോ. സ്റ്റാന്‍ലി റോമന്‍ തിരുത്തിയത് പക്ഷെ, ശ്രദ്ധിക്കേണ്ടതാണ്. ഭൗതികലോകത്തിനപ്പുറത്തേക്ക് മനസിനെ കൊണ്ടുപോകാന്‍ കഴിയുന്നത് കൊണ്ടാണ് അത് ആത്മീയമാകുന്നതെന്നാണ് മെത്രാന്‍ വിശദീകരിച്ചത്. ഇതാണ് യോഗത്തിന്റെ സദ്‌ഫലം. ഇതാണ് മതങ്ങളുടെ അന്തസ്സാരവും. ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങളായി മതങ്ങളെ കണ്ടാല്‍, അങ്ങനെയുള്ള ഓരോ വഴിയിലും യോഗത്തെയും കാണാം.

 

യോഗത്തിന്റെ ആത്മീയ വശത്തെ ഉള്‍ക്കൊള്ളാന്‍ പിണറായി വിജയന് തന്റെ മാര്‍ക്സിസ്റ്റ്‌ പശ്ചാത്തലത്തെ തള്ളിപ്പറയേണ്ടതില്ല. കേരളം ഇന്നെത്തിനില്‍ക്കുന്ന പ്രതിസന്ധി ഘട്ടത്തിന് മുതലാളിത്തത്തിന്റെ നവ ഉദാര അവതാരത്തിന് കാര്യമായ പങ്കുണ്ട്. മനുഷ്യനും മനുഷ്യനും തമ്മില്‍ നഗ്നമായ സ്വാര്‍ത്ഥമൊഴികെ, ഹൃദയശൂന്യമായ രൊക്കം പൈസയൊഴികെ, മറ്റൊന്നും അത് അവശേഷിപ്പിക്കുന്നില്ല എന്ന് മുതലാളിത്തത്തെ വിശേഷിപ്പിച്ചത് മാര്‍ക്സ് ആണ്. മുതലാളിത്തത്തോടുള്ള മാര്‍ക്സിയന്‍ വിമര്‍ശനാത്മക സമീപനം നിലനിര്‍ത്തിക്കൊണ്ട് തന്നെ അത് സൃഷ്ടിക്കുന്ന ആത്മീയ ശൂന്യതയെ യോഗത്തിലൂടെ മറികടക്കാനുള്ള ഭാവനയാണ് ഇവിടെ വേണ്ടത്. കേവല ഭൗതികത്തില്‍ നിന്ന്‍ ഭൗതികത്തിന്റെയും ആത്മീയത്തിന്റെയും സന്തുലനമായി സമൂഹത്തെ വിഭാവനം ചെയ്‌താല്‍ മാര്‍ക്സിസത്തെയും യോഗത്തിന് പൂരിപ്പിക്കാന്‍ കഴിയും. ഏറ്റവുമുപരിയായി, യോഗത്തിന്റെ ആത്മീയതയെ നിഷേധിക്കുമ്പോള്‍ കേരള സമൂഹം നേരിടുന്ന പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുന്ന ഒരു വാതില്‍ കൂടിയാണ് ഒരുപക്ഷെ, പിണറായി വിജയന്‍ കൊട്ടിയടക്കുന്നത്.

Tags: