ഐ.എസും മലയാളി യുവാക്കളും അറബുവത്കരണവും

Glint Staff
Mon, 11-07-2016 04:16:29 PM ;

 

വർഷങ്ങളായി വളർന്നു വന്ന മതമൗലികവാദ വൃക്ഷത്തിലെ കായ്ക്കളാണ് ഇപ്പോൾ ഐ.എസ്സിൽ എത്തിപ്പെട്ടു നിൽക്കുന്ന യുവതീയുവാക്കൾ. ഈ വൃക്ഷത്തിന് യഥേഷ്ടം വളരുവാനുള്ള വെളളവും വളവും കേരളത്തിൽ അതിസുലഭമായിരുന്നു. ആ വെളളവും വളവും ഒഴിച്ചതിൽ മുഖ്യപങ്കു വഹിച്ചത് ഒരു പരിധിവരെ കേരളത്തിലെ ബുദ്ധിജീവികളും മുഖ്യധാരയിലുൾപ്പടെയുള്ള മാദ്ധ്യമങ്ങളുമാണ്, പലപ്പോഴും അറിയാതെയും ചിലപ്പോഴെങ്കിലും സൗകര്യപൂര്‍വ്വം അതിന് നേരെ കണ്ണടച്ചും.

 

അറബ് നാടുകളുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത കുടുംബങ്ങളൊന്നും തന്നെ കേരളത്തിലില്ല. അതിന്റെ സാംസ്കാരിക - സാമ്പത്തിക മാറ്റങ്ങള്‍ കേരളത്തിൽ പിന്നിട്ട ദശാബ്ദങ്ങളിലായി നടന്നു വരുന്നുണ്ട്. ഗള്‍ഫ് പണം മാത്രമല്ല, അറബ് നാടുകളില്‍ നിന്ന്‍ കേരളത്തിലേക്ക് സാംസ്കാരികമായ ഒരു വാങ്ങല്‍ കൂടി നടക്കുന്നുണ്ട്. മുസ്ലിം സമൂഹത്തിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ, വസ്ത്രധാരണ രീതികളിലും പൊതുവെ ഭക്ഷണ വിഭവങ്ങളിലുമെല്ലാം ഈ വാങ്ങല്‍ കാണാം. മലയാളി പ്രവാസത്തിലൂടെയാണ് ഈ സാംസ്കാരിക മാറ്റം എന്നതിനാല്‍ സാംസ്കാരിക വിനിമയങ്ങളില്‍ പതിവുള്ള കൊടുക്കല്‍ ഈ വിനിമയത്തിലില്ല താനും.

 

ഇതേ കാലഘട്ടത്തില്‍ തന്നെയാണ് ഇന്ത്യയിൽ ഹൈന്ദവതയെ ആധാരമാക്കിക്കൊണ്ടുള്ള രാഷ്ട്രീയ മുന്നേറ്റം നടക്കുന്നതും. മതേതരത്വത്തിൽ അഭിമാനം കൊണ്ടിരുന്ന ബുദ്ധിജീവികളും സാംസ്കാരിക നേതാക്കളും രാഷ്ട്രീയ നേതൃത്വങ്ങളും മാദ്ധ്യമപ്രവർത്തകരുമെല്ലാം അതിനെ അതിശക്തമായി എതിർത്തുപോന്നു. ആ എതിർപ്പ് ചിലപ്പോഴൊക്കെ ന്യൂനപക്ഷ പ്രതിരോധത്തിന്റെ പേരിൽ തീവ്രമായ മുസ്ലീം പ്രീണനത്തിലേക്ക് ചാഞ്ഞുപോയിട്ടുണ്ട്. ഈ അവസരത്തിലാണ് ബൗദ്ധികതലത്തിൽ മതേതരത്വത്തിന്റെ ചാലിലൂടെ മുഖ്യധാരാസ്രോതസ്സുകളിൽ നുഴഞ്ഞുകയറി തങ്ങളുടെ അജണ്ടകൾ നടപ്പിൽ വരുത്താൻ മതമൗലികവാദ ലക്ഷ്യമുള്ള ശക്തികൾ ശ്രമിച്ചതും ഒരു പരിധി വരെ വിജയിച്ചതും.

 

മതം മാറി മുസ്ലീം യുവാവിനൊപ്പം ഐ.എസ് ക്യാമ്പിലെത്തിയ ഒരു യുവതിയുടെ അമ്മ ചാനൽ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യം വളരെ പ്രസക്തമാണ്. ആദ്യം യുവതീയുവാക്കളുടെ മനസ്സ് വളരെ ലോലമാക്കുക എന്ന പ്രക്രിയയിലാണ് മതം മാറ്റുന്നതിനു പിന്നിലുള്ളവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ലോലമായ മനസ്സിനെ പിന്നീട് സ്വാധീനിച്ചുകൊണ്ടാണ് ഇവർ പ്രണയത്തിലേർപ്പെടുന്നതും മതം മാറ്റുകയുമൊക്കെ ചെയ്യുന്നത്. അതായത് എല്ലാ തരത്തിലും, ആശയ തലത്തില്‍ മാത്രമല്ല, പ്രായോഗികമായും വളരെ ബൗദ്ധികമായ പ്രക്രിയയിലൂടെയാണ് മതമൗലികവാദം അതിന്റെ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

 

ഹിന്ദുത്വ രാഷ്ട്രീയം ശക്തി പ്രാപിച്ചതോടെ മതേതര രാഷ്ട്രീയമാകട്ടെ, വോട്ടുബാങ്കിൽ കണ്ണുനട്ടുകൊണ്ടുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. പുരോഗമനത്തിന്റെ ഭാഗമായി മുഖ്യധാരാ മാദ്ധ്യമങ്ങളിലെ പ്രബലരും ബുദ്ധിജീവികളും ആ ആശയത്തെ പിൻപറ്റി. ഇത് അറബുവത്ക്കരണത്തെ ത്വരിതപ്പെടുത്തുന്നതിന് സഹായകമായി. ബുദ്ധിജീവി സമൂഹവും ചില മുഖ്യധാരാ മാദ്ധ്യമങ്ങളും അവരുടെ മതത്തെക്കുറിച്ചും ഭാരതീയ സംസ്കാരത്തെ കുറിച്ചുള്ള അജ്ഞതയെ ആധാരമാക്കി ആ സംസ്കാരം എല്ലാവിധ രീതിയിലും പ്രതിലോമമാണെന്നും പിന്തിരിപ്പനാണെന്നും സദാ പ്രചരിപ്പിച്ചുകൊണ്ടിരുന്നു. ചുംബന സമരത്തിൽ പോലും അതാണ് വ്യക്തമായത്. ഭാരതീയ സംസ്കാരത്തെ ഹിന്ദുത്വരാഷ്ട്രീയം പ്രതിനിധീകരിക്കുന്ന ഹിന്ദുത്വമെന്ന് മുദ്രകുത്തി എതിർപ്പുകൾ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ സംജാതമായി. കഴിഞ്ഞ പത്തുവർഷത്തെ ചില മുഖ്യധാരാ പ്രസിദ്ധീകരണങ്ങൾ എടുത്തു പരിശോധിച്ചു നോക്കിയാൽ ഈ വസ്തുത അനായാസം മനസ്സിലാകും. മറുവശത്ത് ഹിന്ദുത്വ രാഷ്ട്രീയം ശക്തമാകുന്നതിനും അതു സഹായകമായി. ഈ ദ്വന്ദസാഹചര്യങ്ങൾ വേഷത്തിലൂടെയും ഭക്ഷണത്തിലൂടെയും മതപരമായ അത്യാചാരത്തിലൂടെയുമുള്ള അറബുവത്ക്കരണം കേരളത്തിൽ വ്യാപകമാക്കി.

 

സാംസ്കാരികമായ ഈ സന്ദര്‍ഭത്തെ കാണാതെ ഐ.എസില്‍ ചേരുന്ന മലയാളി യുവാക്കളെ മനസിലാക്കാന്‍ ആകില്ല. ഈ അറബുവത്കരണത്തില്‍ നഷ്ടപ്പെട്ടുപോകുന്നത് കേരളത്തിന്റെ തനിമ പേറിയിരുന്ന ഒരു ഇസ്ലാമിക ജീവിതരീതി കൂടിയാണ്. ബഹുസ്വരമായ ജീവിതധാരകളെ ഏകമുഖമായ വ്യാഖ്യാനങ്ങളിലേക്ക് ചുരുക്കാനുള്ള ഈ ശ്രമം ഇസ്ലാമിന്റെ മാത്രം പ്രശ്നവുമല്ല. അമേരിക്ക, ലോകത്തേയും വഹാബിസം ഇസ്ലാമിനേയും ഹിന്ദുത്വം ഹൈന്ദവതയേയും അതിന്റെ പ്രതിച്ഛായയിലേക്ക് ചുരുക്കുന്നത് ഒരേ പ്രകിയകളിലൂടെയും പരസ്പര പൂരകവുമായാണ്. മനുഷ്യരെ കള്ളി തിരിച്ച് വിഭജിച്ച് മാറ്റുന്ന ഈ ചിന്തകള്‍ ലോകമെങ്ങും പോലെ നമ്മുടെ നാട്ടിലും വേരുറപ്പിച്ചിരിക്കുന്നു എന്നതിന്റെ ദൃഷ്ടാന്തമായി മാറേണ്ടതാണ് ഐ.എസിലേക്ക് പോകുന്ന മലയാളി യുവാക്കള്‍. ആ കള്ളികള്‍ക്ക് പുറത്ത് കടക്കാനും ഒരു നൂറ്റാണ്ടു മുന്‍പ് ശ്രീ നാരായണ ഗുരു നിര്‍ണ്ണയിച്ച പോലെ മനുഷ്യന്റെ ജാതി മനുഷ്യത്വമാണെന്ന തിരിച്ചറിവിലേക്ക് പ്രവേശിക്കാനും മലയാളി സമൂഹം അടിയന്തരമായി തയ്യാറാകേണ്ടതുണ്ട്.

Tags: