ദുബൈ വിമാനത്താവളത്തിൽ തീപിടിച്ച എമിരേറ്റ്സ് വിമാനത്തിനുള്ളിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിൽ മലയാളികൾ തങ്ങളുടെ കൈവശ ലഗ്ഗേജും ലാപ്ടോപ് കംപ്യൂട്ടറുമൊക്കെ എടുക്കാൻ തിടുക്കു കാട്ടിയത് പുറത്തേക്ക് ജീവനും കൊണ്ട് ചാടുന്നതിൽ താമസത്തിനിടയാക്കി. ചെരിപ്പു പോലുമിടാൻ നിൽക്കാതെ എടുത്ത് ചാടാൻ പുരുഷന്മാരായ വിമാനജീവനക്കാർക്ക് അലറേണ്ടി വന്നു. വേഗം ചാടുന്നതിനുവേണ്ടി എയർഹോസ്റ്റസ്സുമാർക്ക് മലയാളികളോട് യാചിക്കേണ്ടിവരെ വന്നു.
മരണത്തിന്റെ മുമ്പിൽ പോലും മരിക്കാത്ത മലയാളി അംശത്തിന്റെ പ്രകടനമായിരുന്നു അത്. മലയാളിയെ മൊത്തത്തിൽ സാമൂഹ്യരോഗം പോലെ ബാധിച്ചിരിക്കുന്ന ഒന്നാണത്. എല്ലാ സൗഭാഗ്യങ്ങളുമുണ്ടെങ്കിലും മലയാളിക്ക് ജീവിക്കാനറിയില്ല. അതേ സമയം ജീവിക്കാനുള്ള മോഹമോ അതിരില്ലാത്തതും. ജീവിതാവസാനം വരെ ആ ശ്രമത്തിനുള്ള ഓട്ടത്തിലായിരിക്കും. അതിനുവേണ്ടി മരിക്കാൻ പോലും തയ്യാറാണ്. അതുകൊണ്ടാണ് യുദ്ധക്കളമായ ഇറാഖിലേക്കും അഫ്ഗാനിസ്ഥാനിലേക്കുമൊക്കെ മലയാളി ഒരു സങ്കോചവുമില്ലാതെ പോകാൻ തയ്യാറാവുന്നത്. ഇത് മരണഭീതിയില്ലായ്മയാണോ അതോ ഒരുതരം ആത്മഹത്യാ പ്രവണതയുടെ മങ്ങിയ സ്വാധീനം കൊണ്ടാണോ എന്ന്‍ തിട്ടപ്പെടുത്തേണ്ടിയിരിക്കുന്നു. അതോ തൃപ്തി വരാത്ത മാനസികാസ്ഥയുടെ പ്രേരണ കൊണ്ടോ? അതുമല്ല അണുകുടുംബ സംവിധാനത്തിലേക്ക് മാറിയ മലയാളിയുടെ സ്വാർഥത കൊണ്ടുമാകാം.
ഒന്നുറപ്പാണ്, മലയാളിക്ക് എന്ത് ഏത് സമയം ചെയ്യണമെന്ന അറിവിനനുസരിച്ച് പ്രവർത്തിക്കാനുള്ള ശേഷി കുറവാണ്. അല്ലെങ്കിൽ വിലപ്പെട്ടതെന്താണെന്ന് അറിയില്ല. സ്വയം നാശത്തിനു കാരണമാകുന്ന കാര്യങ്ങൾ പോലും മലയാളി വാശി പിടിച്ച് ചെയ്യുന്നതും അതുകൊണ്ടാണ്. അങ്ങിനെ സ്വയംകൃതാനർഥമാകുന്ന കാര്യങ്ങൾ പോലും നടപ്പിലാക്കാൻ രാഷ്ട്രീയപ്പാർട്ടികൾ വരെയുള്ള നാടാണിത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളിലേയും നേതാക്കൾ സ്വീകരിക്കുന്ന നിലപാടുമതാണ്. ശുദ്ധജലവും ശുദ്ധവായുമാണ് മനുഷ്യന്റെ അടിസ്ഥാന നിലനിൽപ്പിനാവശ്യം. അത് ലോകത്തിൽ തന്നെയാണ് ഏറ്റവും കൂടുതൽ ഉളള ഭൂപ്രദേശങ്ങളിലൊന്നായിരുന്നു കേരളം. ഇന്ന് കേരളത്തിൽ ഇല്ലാത്തതും അതാണ്. ഗാഡ്ഗില്‍ റിപ്പോർട്ട് നടപ്പാക്കരുതെന്ന് പറയുന്നതിന്റെ പിന്നിലെ മന:ശാസ്ത്രവും ഇതാണ് സൂചിപ്പിക്കുന്നത്. ആർത്തി. ജീവിതത്തിനോടും അതിനായി ജീവിതം നഷ്ടപ്പെടുത്താനും തയ്യാറാവുന്നത്.
വിലപ്പെട്ടത് എന്താണെന്ന് തിരിച്ചറിയാനുളള ശേഷിയില്ലായ്മയാണ് കേരളം വർത്തമാനകാലത്തിൽ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കും കാരണം. വൃദ്ധസദനങ്ങൾ പെരുകുന്നതിന്റെയും മക്കളാൽ ഉപേക്ഷിക്കപ്പെട്ട മാതാപിതാക്കളുടെ വാർത്ത വാർത്തയല്ലാതായി മാറുന്നതും അതുകൊണ്ടാണ്. വിലപ്പെട്ടതെന്തെന്ന തിരിച്ചറിവില്ലാതെ വളരുന്ന മക്കളുണ്ടാവുന്നതാണ് കാരണം. അതിന് മക്കൾ മാത്രമല്ല ഉത്തരവാദികൾ. ലാപ്ടോപ്പും ബാഗുമൊക്കെ പോകട്ടമ്മേ എന്ന്‍ അലർച്ചയോടെ ചില മക്കൾ ആവശ്യപ്പെടുന്നതും തീപിടിച്ച വിമാനത്തിൽ നിന്ന് ചാടാൻ വൈകുന്ന കൂട്ടത്തിനിടയിൽ നിന്ന് കേൾക്കാമായിരുന്നു. ജീവിതവും ജീവിക്കാനുള്ള ആർത്തിയും ആ നിമിഷത്തിൽ നിന്നും വായിക്കാൻ കഴിയും.
ആ നിമിഷം വ്യക്തമാക്കുന്നത് മലയാളിയുടെ അവസ്ഥയാണ്, ജീവിതമാണ്, മന:ശാസ്ത്രമാണ്, രാഷ്ട്രീയമാണ്. അതിനെ ജീർണ്ണതയെന്നും വിളിക്കാം.