ട്രംപിന്റേത് പേടിയുടേയും യുദ്ധോത്സുകതയുടേയും ജയം

Glint Staff
Thu, 10-11-2016 02:51:16 PM ;

 

മാനുഷിക മൂല്യങ്ങളോട് ചേർന്നു പോകുന്നതാണ് ഒറ്റ നോട്ടത്തിൽ യു.എസില്‍ ഡെമോക്രാറ്റിക് പാർട്ടിയുടെ രാഷ്ട്രീയം. അതിനർത്ഥം അവർ അധികാരത്തിൽ വന്നാൽ യു.എസിന്റെ നയത്തിൽ കാതലായ മാറ്റം വരുമെന്നല്ല. എങ്കിലും അപകടങ്ങൾ ചിലത് ഒഴിഞ്ഞു പോകാനുള്ള സാധ്യത ഡെമോക്രാറ്റുകൾ അവശേഷിപ്പിക്കുന്നുണ്ട്. പ്രസിഡന്റുമാരുടെ വ്യക്തിത്വമനുസരിച്ചും ഗുണദോഷങ്ങൾ സംഭവിക്കുന്നു. ഉദാഹരണത്തിന് ഇറാഖിനെ ആക്രമിക്കാനുള്ള ബുഷിന്റെ തീരുമാനം. ബരാക്ക് ഒബാമയുടെ കാലത്ത് അതുപോലെ ചില ദുരന്തങ്ങൾ ഒഴിഞ്ഞുപോയിട്ടുണ്ടാകാം.

 

യു.എസ് കണ്ടതിൽ ഏറ്റവും ജുഗുപ്സാവഹമായ തെരഞ്ഞെടുപ്പു പ്രചാരണമായിരുന്നു ട്രംപ്-ഹിലാരിമാരുടേത്. രാഷ്ട്രീയത്തിന്റെ പാരമ്പര്യമില്ലാത്ത ഡൊണാൾഡ് ജെ. ട്രംപ് പല സന്ദർഭങ്ങളിലും പരിതാപകരമായ അവസ്ഥയിൽ പെടുന്നത് കാണാമായിരുന്നു. ഒടുവിൽ ഹിലാരിയോടൊപ്പം എത്തിയിട്ടും വിജയം ഹിലാരിയിലേക്കെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു.

 

എന്തുകൊണ്ട് ട്രംപ് ഇത്രയും ഭൂരിപക്ഷത്തിൽ ജയിച്ചു എന്നുള്ളത് പല കോണുകളിൽ നിന്ന് വിശകലനം ചെയ്യാവുന്നതാണ്. ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യു.എസിലെ ജനതയാണ് ഒരുപക്ഷേ, ലോകത്തിലെ ഏറ്റവും പേടിയുള്ള സമൂഹവും. തലയണയുടെ അടിയിൽ തോക്കു വെച്ചുറങ്ങുന്നവർ ഏറെയുള്ള സമൂഹം. വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനു ശേഷം തപാലിലെത്തുന്ന കത്തു പൊട്ടിക്കാനുള്ള പേടിയിൽ നിന്ന് ഇന്നും അവർ മോചിതരായിട്ടില്ല. അങ്ങനെയുള്ളവരുടെ മുന്നിലേക്കാണ് ആവശ്യമെന്നു കണ്ടാൽ താൻ നേരിട്ടും പൊരുതാനിറങ്ങുമെന്ന ബോധ്യം ജനിപ്പിക്കുന്ന ശരീരഭാഷയുമായി ട്രംപ് ജനങ്ങളെ ഇളക്കി മറിച്ചത്. പലപ്പോഴും അവയൊക്കെ സംസ്കാരത്തിന് ചേരാത്തവ പോലുമായിരുന്നു. മൊത്തത്തിൽ നോക്കിയാൽ പേടിക്കുന്നവർക്ക് സംരക്ഷണം ലഭ്യമാക്കുമെന്നുള്ള പ്രതീതി ജനിപ്പിക്കാൻ ട്രംപിനു കഴിഞ്ഞു. ആ കേന്ദ്രബിന്ദുവിൽ തിരിഞ്ഞുകൊണ്ടായിരുന്നു ട്രംപിന്റെ പ്രചാരണം തുടക്കം മുതൽ അവസാനം വരെ. ആകെത്തുകയായി കരുത്തിന്റെ പ്രതീകമായി ജനമനസ്സുകളിൽ ട്രംപ് നിക്ഷേപിക്കപ്പെട്ടു. ഹിലാരി ദൗർബല്യത്തിന്റെയും. യു.എസില്‍ വര്‍ധിച്ചുവരുന്ന സാമ്പത്തിക അസമത്വവും ട്രംപ് അനുകൂല ഘടകമായി മാറ്റി. ഈ അസമത്വത്തെ വര്‍ധിപ്പിക്കുന്ന വ്യവസ്ഥയുടെ പ്രതിനിധിയായിട്ടാണ് ഹില്ലാരിയെ ജനങ്ങള്‍ കണ്ടത്. രാഷ്ട്രീയ പശ്ചാത്തലത്തിന്റെ അഭാവം ഇവിടെ ട്രംപിന് മുതല്‍ക്കൂട്ടായി മാറി.     

 

യു.എസിന് ആദ്യമായി വനിതാ പ്രസിഡണ്ടിനെ കിട്ടുമെന്ന പ്രതീക്ഷയും ഇതോടെ അസ്ഥാനത്തായി. മൂല്യങ്ങളെ ഉയർത്തിക്കാട്ടിക്കൊണ്ടായിരുന്നു ഹിലാരിയുടെ പ്രചാരണം. മൂല്യങ്ങൾ സ്വതന്ത്രമായി ശക്തിയുടെ മുഖം പ്രാപിക്കുന്നത് ചരിത്രത്തിൽ അപൂർവ്വം സന്ദർഭങ്ങളിലാണ്. സാംസ്കാരികമായി ഒരു സമൂഹം പക്വത നേടുന്ന സന്ദർഭങ്ങളിൽ. അതേസമയം മൂല്യങ്ങളെ മനുഷ്യൻ എപ്പോഴും ആഗ്രഹിച്ചുകൊണ്ടുമിരിക്കും. ചില വ്യക്തികൾക്ക് അവയെ തങ്ങളുമായി ചേർത്തുവെച്ച് അവയുടെ പ്രതീകമാകാൻ കഴിയും. അവർ ജനമനസ്സിൽ പേടിയുടെ സ്ഥാനത്ത് പ്രതീക്ഷയെ നിറയ്ക്കും. അവർ ഭാഷയുടേയും നിറത്തിന്റെയും അതിർ വരമ്പുകളെ ഭേദിക്കും. അങ്ങനെയാണ് കറുത്ത വർഗ്ഗക്കാരനായ ബരാക് ഒബാമ എട്ടു കൊല്ലം മുൻപ് മാറ്റം എന്ന ഏകമന്ത്ര വാഗ്ദാനവമായി അമേരിക്കൻ ജനതയുടെയും ലോകജനതയുടെയും മനം കവർന്നത്. ആ വ്യക്തിപ്രഭാവമോ ട്രംപിന്റെ യുദ്ധോത്സുകതയോ ഹിലാരിയിലില്ലാതായിപ്പോയി. ബർണി സാൻഡേഴ്സിന് പ്രൈമറിയിൽ വേറിട്ട രീതിയില്‍ അടിസ്ഥാന ചിന്താഗതിയുടെയും മാനവികതയുടെയും വക്താവ് എന്ന ധാരണ സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. ഒരുപക്ഷേ ബർണിയായിരുന്നു ഡെമോക്രാറ്റിക് സ്ഥാനാർഥിയെങ്കിൽ വിജയം സംഭവിക്കാമായിരുന്നു. മാറ്റമോ രക്ഷാകവചമോ ഹിലാരിക്ക് ഉയർത്തിക്കാട്ടാനായില്ല. ബൗദ്ധികമായും വൈകാരികമായും യുദ്ധോത്സുകതയാൽ നയിക്കപ്പെടുന്ന ജനത പുരുഷനായ നല്ല യോദ്ധാവ് യുദ്ധത്തിനായി കച്ചകെട്ടി മുന്നിൽ നിൽക്കുമ്പോൾ സ്ത്രീയും അവരുടെ കാഴ്ചപ്പാടിൽ ദുർബലയുമായ ഹിലാരിയിൽ ഭാഗ്യം പരീക്ഷിക്കാൻ തയ്യാറാവില്ല.

 

ആക്ടിവിസ്റ്റുകളായ സ്ത്രീവിമോചനക്കാർ ശ്രദ്ധിക്കേണ്ട ഒരു പാഠവും ഈ തിരഞ്ഞെടുപ്പ് ഫലം ഓർമ്മിപ്പിക്കുന്നുണ്ട്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ സങ്കൽപ്പങ്ങൾ കയറ്റിവിടുന്നത് യു.എസില്‍ നിന്നാണ്. ആ സ്തീസങ്കൽപ്പത്തിലെ കാതൽ യുദ്ധോത്സുകതയാണ്. അതിൻറെ കുറവാണ് ഹിലാരിയുടെ തോൽവിക്കു മുഖ്യ കാരണങ്ങളിലൊന്ന്. എന്നുവെച്ചാൽ ട്രംപിന്റെ അംശത്തെയാണ് വിമോചന സങ്കല്പ ഘടകമായി കയറ്റിയയ്ക്കപ്പെടുന്നത്. ആ ട്രംപിസമാണ് പലപ്പോഴും അക്രമോത്സുകത പ്രകടമാക്കുന്ന ആക്ടിവിസം.

Tags: