Skip to main content

 

ഏതു ദുരന്തങ്ങളും പിൻവലിയുമ്പോൾ ചില അവശേഷിപ്പുകൾ എടുക്കാനുണ്ടാകും. അതുപോലെയാണ് ഇപ്പോൾ നോട്ട് ക്ഷാമം മലയാളികളുടെയിടയിൽ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ചില ഗുണകരമായ മാറ്റങ്ങൾ. മരണം നടക്കുമ്പോൾ പോലും ഇവന്റ് മാനേജ്‌മെന്റ് ടീമിനെ ഏൽപ്പിക്കുന്ന സംസ്‌കാരത്തിലേക്ക് മലയാളി പ്രവേശിച്ചിരുന്നു. അതിനാൽ സാമൂഹികമായ ഏതു ചടങ്കിലും പങ്കെടുക്കുന്നവവര്‍ പങ്കാളിത്തമില്ലാതെ, വെറും കാഴ്ചക്കാരായി മാറുന്ന അവസ്ഥ വന്നിട്ട് നാളേറെയായി. അതിലൂടെ സാമൂഹികമായി സമൂഹത്തിൽ നിക്ഷിപ്തമായി കിടന്നിരുന്ന, ഏതൊരു സമൂഹത്തിനും വ്യക്തിയിലൂടെ സമൂഹികമായും ആരോഗ്യകരമായും മുന്നേറാൻ അവശ്യമായ പല ഘടകങ്ങളും അന്യം നിന്നു വരികയായിരുന്നു.

 

നോട്ട് ക്ഷാമം വന്നപ്പോൾ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത് മരണ വീടുകളാണ്. ആശുപത്രി മുതൽ ഈ ബുദ്ധിമുട്ടു തുടരുന്നു. മൊബൈൽ മോർച്ചറി, ശവപ്പെട്ടി വാങ്ങൽ തുടർന്നുള്ള സംസ്‌കാരച്ചടങ്ങുകൾക്കുള്ള ചെലവുകൾക്കെല്ലാം ചെറിയ നോട്ടുകളും വലിയ നോട്ടുകളും ആവശ്യമാണ്. എന്നാൽ നോട്ടിന്റെ അഭാവത്തിൽ ഉറ്റവർക്കും ഉടയവർക്കും മരണവീട്ടുകാരെ സഹായിക്കാൻ പോലും പറ്റാതെ വരുന്ന അവസ്ഥ. ഈ സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ മരണവീട്ടിലെ ഉത്തരവാദിത്വങ്ങൾ അയൽക്കാരും നാട്ടുകാരും ബന്ധുക്കളുമെല്ലാം ചേർന്ന് എങ്ങനെയെങ്കിലും ഏറ്റെടുത്ത് നടപ്പാക്കുന്ന പഴയ രീതി വീണ്ടും തിരിച്ചെത്തുന്നു. അദ്ധ്വാനം വേണ്ടയിടത്ത് സംഘം ചേർന്ന് ആൾക്കാർ അധ്വാനിച്ചും, പരമാവധി നോട്ടുകൾ സംഭരിച്ച് അവശ്യം ചെലവുകൾ നിറവേറ്റാനുമൊക്കെ സ്വമേധയാ ആൾക്കാർ മുന്നോട്ടു വരുന്നു.

 

അതുപോലെ നഗരത്തിലും മാറ്റങ്ങൾ കണ്ടു തുടങ്ങുന്നു. മതിൽവ്യത്യാസമേ വീടുകൾക്കുള്ളുവെങ്കിലും സഹകരണത്തിന്റെ കാര്യത്തിൽ മൈൽവ്യത്യാസം എന്നൊരു ആക്ഷേപം നഗരവാസികളെക്കുറിച്ചുണ്ട്. അതിനറുതി വരുത്തുന്ന നിമിഷങ്ങളും നോട്ട് ക്ഷാമം സൃഷ്ടിക്കുന്നുണ്ട്. ഉദാഹരണത്തിന്, പാചക വാതകം വരുമ്പോൾ അയൽക്കാർ പരമാവധി രൂപ പരസ്പരം നൽകി സഹായിക്കുന്നു. ഇതും ആവശ്യക്കാർ ചോദിക്കാതെ തന്നെ സ്വമേധയാ ആണ് പലപ്പോഴും. കൈവശം യഥേഷ്ടം ഇല്ലെങ്കിൽ പോലും ഉള്ളതു നൽകിയാണ് ഈ സഹായം. ഇങ്ങനെ സഹായിക്കുന്നവരുടെ മുഖഭാവം ശ്രദ്ധേയമാണ്. ഉല്ലാസവും ഉത്സാഹവും അവരുടെ മുഖങ്ങളിൽ നിഴലിക്കുന്നു. പരസ്പരം അതുവരെ കൽമതിലുകളേക്കാൾ ഉയരത്തിലുണ്ടായിരുന്ന പൊങ്ങച്ചമതിലുകളൊക്കെ ഇടിഞ്ഞുവീഴുന്ന കാഴ്ച.

 

ഏതാനും ദിവസങ്ങളായി തെരുവുനായ്ക്കളെയും പഴയത് പോലെ പൊതുനിരത്തിൽ കാണുന്നില്ലെന്നാണ് ചിലർ പറയുന്നത്. മാധ്യമങ്ങളെ പേടിച്ചാണെന്ന് ചിലർ കളിയാക്കി പറയുന്നുണ്ടെങ്കിലും പഴയതുപോലെ പാഴ്‌സൽ ഭക്ഷണത്തിന്റെ അവശിഷ്ടം നിരത്തുവക്കിൽ എറിയപ്പെടാത്തതുകൊണ്ടാണത്രെ അത്. നോട്ട് ക്ഷാമം വന്നതിനു ശേഷം പാഴ്‌സൽ ഭക്ഷണം വാങ്ങൽ ശീലത്തിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. ഇതിനേക്കാളുപരി അവശ്യവ്യയ സ്വഭാവത്തിലേക്കും ആൾക്കാർ നീങ്ങുന്നു. ആവശ്യം എന്താണെന്ന് തിരിച്ചറിഞ്ഞ് അതിനു വേണ്ടി മാത്രം കൈവശമുള്ള നോട്ടുകൾ ചെലവാക്കുന്നു. ഇതിന്റെയൊക്കെ ഫലമായി കാർഡുപയോഗിച്ചു സാധനങ്ങൾ വാങ്ങുന്നതിലും ആൾക്കാർ സ്വയം നിയന്ത്രിക്കുന്നതിലേക്ക് നീങ്ങുന്നുവെന്നുള്ളതും നോട്ട് ക്ഷാമകാലം അവശേഷിപ്പിക്കുന്ന ചില നല്ല ഗുണങ്ങളിലൊന്നാണ്.

 

എന്തൊക്കെയായാലും നോട്ടിന്റെ ക്ഷാമം നിമിത്തം ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിലായിരിക്കുന്നത് കേരളത്തിലെ മറുനാടൻ തൊഴിലാളികളാണ്. ഏതാണ്ട് എഴുപത്തിയഞ്ചു ശതമാനത്തിലേറെപ്പേരും പണിയില്ലാതെ നിൽക്കുന്ന അവസ്ഥയിലാണ്. മൺപണിയിൽ കൂടുതലായി ഏർപ്പെടുന്ന തമിഴ് തൊഴിലാളികൾ കുറഞ്ഞ വേതനത്തിന് പണി ചെയ്യാനായി മുൻപ് ജോലി ചെയ്തിട്ടുള്ള വീടുകളിൽ ഫോണിൽ വിളിച്ചും നേരിട്ടും അന്വേഷണം നടത്തുന്നുണ്ട്. എഴുന്നൂറു രൂപ പിടിച്ചു വാങ്ങിയിരുന്നിടത്ത് അഞ്ഞൂറു രൂപ മതി എന്ന വാഗ്ദാനവുമായാണവരെത്തുന്നത്. ഇത് ഒരു സൂചകവും കൂടിയാണ്. ഇന്നത്തെ അവസ്ഥ വീണ്ടും പഴയ അവസ്ഥയിലേക്കെത്തുന്നതിന് കുറഞ്ഞത് ആറ് മാസമെങ്കിലും വേണ്ടിവരുമെന്നാണ് കരുതപ്പെടുന്നത്. അപ്പോഴേക്കും വിപണിയിൽ വില കുറയുമെന്നാണ് കണക്കുകൂട്ടൽ. ആറ് മാസം തുടരുന്ന മിതവ്യയ ശീലവും പുത്തൻ സാഹചര്യം സൃഷ്ടിച്ച വിലക്കയറ്റ നിയന്ത്രണവും എല്ലാം ചേർന്ന് പുത്തൻ രൂപയുടെ മൂല്യം വർധിക്കുന്ന സാഹചര്യവും ഉണ്ടാവുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.