തമിഴ്‌നാട്ടിലെ ജനായത്ത സമസ്യ

Glint Staff
Fri, 10-02-2017 08:27:53 PM ;

vk sasikala

 

ജനായത്ത സംവിധാനത്തിന്റെ ഏറ്റവും വലിയ വെല്ലുവിളി അതിന്റെ ധാർമ്മികതയും സാങ്കേതികതയും തമ്മിൽ മുഖാമുഖം നിൽക്കുമ്പോഴാണ്. ജനായത്തമെന്നത് ധാർമ്മികതയുടെ അസ്ഥിവാരത്തിൽ ഉയർത്തപ്പെട്ട സംവിധാനമാണ്. അതിനാൽ ജനായത്തത്തിന്റെ തറക്കല്ലിന് കോട്ടം തട്ടുന്ന ഒരു നടപടിയും ജനായത്ത സംവിധാന പ്രയോഗത്തിൽ  ഉണ്ടാകാൻ പാടില്ല. ഈ സമസ്യയാണ് തമിഴ്‌നാട് രാഷ്ട്രീയം ഉയർത്തുന്നത്. ധാർമ്മികമായി ഒ. പന്നീർശെൽവത്തിന് മുഖ്യമന്ത്രിയായി തുടരാനുള്ള അവകാശമില്ലായ്മയേക്കാൾ പ്രധാനം എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി വി.കെ ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യത ഇല്ലെന്നുള്ളതാണ്. എന്നാൽ, നിയമസഭയില്‍ ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവായി തിരഞ്ഞെടുക്കപ്പെട്ട ശശികലയെ മന്ത്രിസഭ രൂപീകരിക്കാൻ വിളിക്കാതിരിക്കുന്നത് ഗവർണ്ണറുടെ ഭാഗത്തു നിന്ന് സാങ്കേതികമായി ധാർമ്മികവുമല്ല. എന്നാല്‍, സന്ദിഗ്ധ ഘട്ടങ്ങളിൽ ഭരണഘടന പ്രയോഗിക്കുന്നവരുടെ ഉത്തമ ചിന്തയിൽ നിന്ന് രൂപം കൊള്ളുന്ന തീരുമാനമെടുക്കാനും അധികാരം നൽകുന്നുണ്ട് ഇന്ത്യൻ ഭരണഘടന.

 

സാങ്കേതികതയുടെ അധാർമ്മികമായ വിനിയോഗമാണ് ഇന്ത്യൻ ജനായത്ത സംവിധാനം നേരിടുന്ന ഏറ്റവും വലിയ പുഴുക്കുത്ത്. അതിൽ ഇന്ന് ഭരണത്തിലിരിക്കുന്നവരും ഭരണത്തിനു വേണ്ടി ശ്രമിക്കുന്നവരും ഒരേപോലെ ഉത്തരവാദികളാണെന്നു തോന്നാം. സാങ്കേതികമായി അത് ശരിയാണ്. എന്നാൽ പ്രയോഗത്തിൽ അത് ജനങ്ങളുടെ പങ്കാളിത്തക്കുറവുകൊണ്ട് സംഭവിച്ചതാണ്. ജനങ്ങളുടെ പങ്കാളിത്തം തെരഞ്ഞെടുപ്പ് കേന്ദ്രീകൃതമാകുമ്പോൾ സംഭവിക്കുന്ന അപചയം. ജനായത്ത രീതിയിലുള്ള  പങ്കാളിത്തത്തിലേക്കുള്ള ഒരു ചുവടുവയ്പാണ് തമിഴ് ജനത ജല്ലിക്കെട്ടിനു വേണ്ടി നേതൃത്വമില്ലാതെ സംഘടിച്ച് പ്രതിഷേധിച്ചപ്പോൾ പ്രകടമായത്. നേതൃത്വമില്ലാതെ അവ്വിധം ജനങ്ങൾ സംഘടിക്കുന്നതും ക്രിയാത്മകമാവില്ല.

 

ധാർമ്മികതയുടെ പേരിലാണെങ്കിൽ ഒരു കാരണവശാലും ശശികലയ്ക്ക് മുഖ്യമന്ത്രിയാകാനുള്ള യോഗ്യതയില്ല. എന്നാൽ അവർ 130 പേരുടെ പിന്തുണ ഗവർണ്ണർക്കു കൊടുക്കുമ്പോൾ  അവരെ മന്ത്രിസഭ രൂപീകരിക്കാൻ വിളിക്കുന്നതിൽ വിമുഖത കാട്ടുകയോ തന്ത്രപരമായ താമസിപ്പിക്കൽ വരുത്തുകയോ ചെയ്യുകയാണെങ്കിൽ അതോടെ സാങ്കേതികത്വം പാലിക്കുന്നതിലുള്ള ഗവർണ്ണറുടെ ധാർമ്മികത അവിടെ തകരുകയാണ്. അതൊരു അനാശാസ്യമായ കീഴ്വഴക്കത്തിന്റെ തുടക്കവും കൂടിയാകും. കേന്ദ്രം ഭരിക്കുന്ന സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് ഗവർണ്ണർമാർ പ്രവർത്തിക്കുന്നുവെന്നുള്ളത് രഹസ്യമല്ലാത്ത രഹസ്യവുമാണ് നമ്മുടെ രാജ്യത്ത്. എത്ര അധാർമ്മികമായ അന്തരീക്ഷത്തിലും ഈ സംവിധാനത്തെ പ്രവർത്തനക്ഷമമാക്കി നിലനിർത്തുന്നതാണ് സാങ്കേതികത. അതു നശിച്ചാൽ ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ തറക്കല്ല് ഇളകിത്തുടങ്ങും. വർത്തമാനകാല സാഹചര്യത്തിൽ ധാർമ്മികത ബാഹ്യമായി ഒരു മാധ്യമാഭിമുഖ-ന്യായീകരണവാദ-മുഖോപാദിയായി പരിണമിച്ചിരിക്കുന്നതിനാൽ ജനായത്തിന്റെ സാങ്കേതിക ധാർമ്മികത ഉയർത്തിപ്പിടിക്കുന്നതു തന്നെയാണ് ധാർമ്മികമായ നിലപാട്.

 

തമിഴ്നാട്ടിൽ ശശികല മുഖ്യമന്ത്രിയാകുന്നത് സാങ്കേതികത ഒഴിച്ചാൽ എല്ലാ അർഥത്തിലും അധാർമ്മികം തന്നെ. ശശികല അറിയപ്പെടുന്നതു തന്നെ പരസ്യമായി മഫിയ എന്ന് കൂട്ടിച്ചേർക്കലുള്ള ഒരു കുടുംബത്തിന്റെ  പേരിലാണ്. എന്നാൽ ശശികലയെ മുഖ്യമന്ത്രിയാക്കാതിരിക്കാൻ തമിഴ്നാട്ടിൽ ഇപ്പോൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്ന നടപടികളും ശശികലയുടെ നടപടികളും തമ്മിൽ വലിയ വ്യത്യാസമില്ല. ഈ അധാർമ്മികതയുടെ പശ്ചാത്തലത്തിൽ താരതമ്യേന കുറഞ്ഞ അധാർമ്മികതയെന്നു വേണമെങ്കിൽ വാദിക്കാമെങ്കിൽ പോലും അധാർമ്മികതയുടെ വിജയത്തിനായി ധാർമ്മികതയെ ഉപയോഗിക്കുന്നത് ഏറ്റവും വിനാശകരമാണ്. തമിഴ്‌നാട് ഗവർണ്ണറുടെ ചുമതല വഹിക്കുന്ന വിദ്യാസാഗർ റാവുവിന്റെ ചിന്തയിൽ തെളിയേണ്ട വസ്തുത ഇതാണ്. സാങ്കേതികതയിലുള്ള വിശ്വാസ്യത മാത്രമാണ് ഇന്നും ജനായത്തത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്തുന്നത്. അതുകൂടി തകർന്നാൽ ഇന്ത്യയിൽ ജനായത്തം ഊർധൻ വലിക്കുന്നതു കാണാം.

Tags: