രാജ്യത്ത് റെഡ് ബീക്കൺ ലൈറ്റ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ നടപടി ചരിത്രപ്രാധാന്യമർഹിക്കുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് എഴുപതു വർഷമായിട്ടും അധികാരത്തെ അടിച്ചമർത്തലിനു വേണ്ടി ഉപയോഗിച്ചിരുന്ന സംസ്കാരം വിട്ടുപോയില്ലെന്നു മാത്രമല്ല, ജുഗുപ്സാവഹമായ രീതിയിൽ അത് വർധിക്കുകയും ചെയ്തു. ആ സംസ്കാരത്തിന്റെ അഥവാ ഹുങ്കിന്റെ നിരത്തുകളിലെ അസഹനീയമായ സാന്നിദ്ധ്യമായിരുന്നു ഔദ്യോഗിക ശ്രേണിയിലെ ഉന്നതരുടെ വാഹനങ്ങളുടെ മേലുള്ള റെഡ് ബീക്കൺ ലൈറ്റ് അഥവാ ഹുങ്ക് ലൈറ്റ്.
ജനായത്ത സംവിധാനത്തിൽ ജനങ്ങൾക്ക് ജാഗ്രത ഇല്ലാതായാൽ ഏത് അനാശാസ്യ പ്രവണതകൾക്കും തഴയ്ക്കാനും വളരാനും അവസരമുണ്ടാകും. ജനായത്തമെന്നത് പങ്കാളിത്തമാകണം. എന്നാൽ ഇന്ത്യയിൽ വോട്ടുചെയ്യലിൽ മാത്രം ഈ പങ്കാളിത്തം പരിമിതപ്പെട്ടു. വർത്തമാനകാലത്ത് ചാനൽ ചർച്ചകൾ ജനായത്ത സംവിധാനത്തിലുള്ള പങ്കാളിത്ത പ്രതീതി ജനിപ്പിക്കുമെങ്കിലും ഫലത്തിൽ ചാനലുകൾക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള വ്യായാമമായി മാറിപ്പോയി. ഈ ജാഗ്രതയില്ലാത്ത സാഹചര്യത്തിൽ ഭൗതികമായി ജനങ്ങളുടെ മേൽ അലോസരം സൃഷ്ടിച്ചും നിരത്തുകളിൽ ഭീതിയുടെ അന്തരീക്ഷമുണ്ടാക്കിയും അധികാരം ആഘോഷിക്കാനുള്ള അവകാശത്തെയാണ് ഇന്നിപ്പോൾ ഈ ഹുങ്ക് ലൈറ്റുകൾ പ്രതിനിധാനം ചെയ്യുന്നത്. വരുന്ന മെയ് ഒന്നു മുതൽ എന്തായാലും ഈ ലൈറ്റുകൾ അപ്രത്യക്ഷമാകും. എന്നിരുന്നാലും കാറിൽ പതിപ്പിച്ചിട്ടുള്ള അധികാര സൂചക ബോർഡുകളും പോലീസിനെയുമൊക്കെ ഉപയോഗിച്ച് അധികാരിവർഗ്ഗം തങ്ങളുടെ ഹുങ്ക് നിരത്തുകളിൽ നിലനിർത്താൻ ശ്രമിച്ചെന്നിരിക്കും.
ശീലങ്ങളും പതിവുകളും ചിഹ്നങ്ങളുമൊക്കെ പ്രതിനിധാന സൂചകങ്ങളാണ്. അതിലുടെയാണ് സംസ്കാരം പ്രയോഗത്തിൽ വരുന്നത്. പ്രയോഗത്തിൽ സംഭവിക്കുന്നതും അനുനിമിഷം സംസ്കാരത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കും. അങ്ങനെയാണ് സംസ്കാരം മാറുന്നത്. മാറുന്ന സംസ്കാരം മനുഷ്യനെ കൂടുതൽ മാനുഷികമായ ഗുണത്തിലേക്കു നയിക്കുമ്പോഴാണ് മാറ്റം ധാര്‍മ്മികമാകുന്നത്. മറിച്ചാണെങ്കിൽ അധാർമ്മികമാകും. സാധാരണ മനുഷ്യർ നിരത്തിൽ അധികാരത്തെ അടുത്തു കാണുന്നത് പേടിയോടും തങ്ങളുടെമേൽ ആധിപത്യം സ്ഥാപിക്കുന്നതായും നിരത്തിൽ പാലിക്കേണ്ട നിയമങ്ങൾ ലംഘിക്കപ്പെടുന്നതുമായിട്ടാണ്. ഇത് അവർ അറിയാതെ അവരുടെയുള്ളിൽ അധികാരത്തെ കുറിച്ചുള്ള നിർവചനം നിക്ഷേപിക്കുന്നു. അതുകൊണ്ടാണ് അവരിലേക്കും അധികാരം എത്തുമ്പോൾ തങ്ങളെ സമീപിക്കുന്നവരോട് അടിമകളോടെന്നോണം പെരുമാറി പത്രാസ് പ്രകടമാക്കുന്നതും ബോധപൂർവ്വം നിയമലംഘനങ്ങളിലേർപ്പെടുന്നതും. അധികാരമുള്ളവരെ സമീപിക്കുന്നവരിൽ അടിമഭാവം ഉണ്ടാകാൻ കാരണവും അധികാരത്തേക്കുറിച്ചുള്ള ധാരണ തന്നെ. ഹുങ്ക് ലൈറ്റ് ഉള്ള വാഹനങ്ങൾ നിരത്തിൽ അശ്ലീലക്കാഴ്ചകൾ നടത്തുമ്പോൾ കാണുന്നവരും അനുഭവസ്ഥരും അതിനെ അപലപിച്ചെന്നിരിക്കും. അവരും അധികാരസ്ഥാനത്തെത്തിയാൽ ഇവ്വിധം പരസ്യമായി അശ്ലീല പ്രകടനം നടത്തി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനായ പ്രധാനപ്പെട്ട വ്യക്തി അല്ലെങ്കിൽ വി.ഐ.പി ആകുന്നത് അതുകൊണ്ടാണ്.
ഓരോ പൗരയും വി.ഐ.പി ആണെന്ന ഓർമ്മപ്പെടുത്തലോടെയുള്ള ഈ ഹുങ്ക് ലൈറ്റ് നിരോധനം പുതിയൊരു സംസ്കാരത്തിനു തുടക്കം കുറിക്കാൻ പര്യാപ്തമാണ്. അധികാരം സാധാരണ പൗരരിലേക്ക് അടുക്കുന്നതിന് ഇത് സഹായകരമാകും. എന്നാൽ അത്ര പെട്ടന്ന്‍ അപ്രത്യക്ഷമാകുന്നതല്ല അധികാരത്തോടു ചേർന്നു രൂപപ്പെട്ട് നിലവിൽ വന്നിട്ടുള്ള സംസ്കാരം. അത് ഓരോ വ്യക്തിയിലും സജീവമാണ്. അതിനാൽ ഹുങ്ക് ലൈറ്റ് പോയാലും അധികാരചിഹ്ന ബോർഡുകളുടെ വലിപ്പം കൂട്ടിയും വാഹനത്തിന്റെ എഞ്ചിൻ ശബ്ദവിന്യാസത്തിലെ മാറ്റത്തിലൂടെയൊക്കെയും വി.ഐ.പി അശ്ലീലത്വം പിടിച്ചു നിർത്താനുള്ള ശ്രമങ്ങൾ ഉണ്ടാകും. അത്തരം നടപടികളെ അവജ്ഞയോടെ കാണുന്ന പൊതുസമീപനം സമൂഹത്തിലുണ്ടായാൽ അത് കാതലായ മാറ്റങ്ങൾക്ക് വഴിവയ്ക്കും. അഴിമതി തഴയ്ക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഹുങ്ക് ലൈറ്റ് പ്രതിനിധാനം ചെയ്യുന്ന അധികാരബോധം സമൂഹത്തിൽ അവശേഷിക്കുന്നതാണ്.
സാമൂഹ്യവ്യവസ്ഥയിൽ അങ്ങേയറ്റം സർഗ്ഗാത്മകമായ ഘടകമാണ് അധികാരം. സ്വാതന്ത്ര്യം, ഉത്തരവാദിത്വം, തീരുമാനമെടുക്കാനുള്ള സമ്മതി ഇവ ഒന്നിച്ചു ചേരുന്നതാണ് ജനായത്ത സംവിധാനത്തിൽ അധികാരം. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സ് പ്രൊഫസറും സാമൂഹ്യശാസ്ത്രജ്ഞന്നുമായിരുന്ന ഹരോൾഡ് ലാസ്കി അധികാരത്തെ നിർവ്വചിച്ചത് ലളിതവും ഗഹനവുമായ രീതിയിലാണ്. കാര്യങ്ങൾ നടപ്പാക്കാനുള്ള മാർഗ്ഗം എന്നാണദ്ദേഹം അധികാരത്തെ വിശേഷിപ്പിച്ചത്. അല്ലാതെ പത്രാസ് പ്രകടിപ്പിക്കാനോ ഭൃത്യരുടെ ഓച്ഛാനിപ്പിലൂടെ ലഭ്യമാകുന്ന പ്രത്യേക പദവിയായോ അല്ല. അധികാരത്തെ സ്വന്തം വ്യക്തിത്വത്തിന്റെ മേൻമയും മേനിയുമായി കാണുന്നവർ എത്ര ഉന്നത പദവിയിലിരിക്കുന്നവരായാലും സ്വയം ബഹുമാനമില്ലാത്തവരും ഭീരുക്കളുമായിരിക്കും. തങ്ങളുടെ പരിമിതികളെ ഒരേസമയം മറയ്ക്കാനും സ്വയം ബോധ്യപ്പെടുത്താനുമായിരിക്കും ഇക്കൂട്ടർ അധികാരത്തെ ഉപയോഗിക്കുന്നത്. ഇവർ അടിസ്ഥാനപരമായി അധമ വ്യക്തിത്വത്തിന്റെ ഉടമകളാണ്. അതുകൊണ്ടാണ് അഴിമതിയുൾപ്പടെയുള്ള നീചപ്രവൃത്തികളിൽ അവർ മുഴുകിപ്പോകുന്നത്. വർത്തമാനകാലം നേരിടുന്ന ഒരു വെല്ലുവിളിയാണത്. അവിടെയാണ് വി.ഐ.പി സംസ്കാരത്തെ അശ്ലീലമായി കാണാൻ പ്രേരിപ്പിക്കുന്നതിന് സഹായകമായ ഹുങ്ക് ലൈറ്റ് നിരോധനം വന്നിരിക്കുന്നത്.