Skip to main content

pinarayi vijayan

 

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്കു തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു. എന്നാല്‍, കണക്കെടുപ്പിലെ കോട്ടങ്ങള്‍ കൂടി ചേരുമ്പോഴേ വിലയിരുത്തല്‍ പൂര്‍ണ്ണമാകൂ. മുഖ്യമന്ത്രിയുടെ അവകാശവാദങ്ങള്‍ക്കൊപ്പം ചേര്‍ത്തുവായിക്കാന്‍ ഒരു പട്ടിക.  

 

1) തുടക്കത്തിൽ വൻ പ്രതീക്ഷ - അത് അസ്ഥാനത്തായി.

2) അഴിമതിയിൽ ഗണ്യമായ കുറവുണ്ടാകുമെന്നു കരുതി - അതുണ്ടായില്ലെന്നു മാത്രമല്ല, വ്യവസ്ഥാപിത സംവിധാനം നിശ്ചലമാകുകയും ചെയ്തു. അഴിമതി പുനർനിർവചിക്കപ്പെട്ടു. ഉദാഹരണം: അഴിമതിയുടെ പേരിൽ രാജ്യത്തെ പരമോന്നത കോടതി കുറ്റവാളിയെന്നു പ്രഖ്യാപിച്ചു ജയിൽ ശിക്ഷ അനുഭവിച്ച ആർ. ബാലകൃഷ്ണപിള്ളയെ ക്യാബിനറ്റ് റാങ്കിൽ മുന്നോക്ക വികസന കോർപ്പറേഷൻ ചെയർമാനാക്കി. അഴിമതിക്കാരനെന്ന് എൽ.ഡി.എഫും സി.പി.ഐ.എമ്മും ഉറക്കെ വിളിച്ചു പറഞ്ഞ കെ.എം. മാണിയുമായി കൂട്ടുകൂടാൻ മടിയില്ലെന്ന് തെളിയിച്ചു

3) വിവാദങ്ങൾ- മുഖ്യമന്ത്രി പറയുന്നത് വിവാദങ്ങളുടെ പിന്നാലെ സർക്കാർ പോകുന്നില്ലെന്നും പ്രവർത്തനത്തിലാണ് ശ്രദ്ധയെന്നുമാണ്. എന്നാൽ സുപ്രധാന സർക്കാർ തീരുമാനങ്ങളും പ്രവർത്തനങ്ങളും വിവാദമാകുന്നു. ഒടുവിലത്തേത് കൊച്ചി മെട്രോ ഉദ്ഘാടനം സംബന്ധിച്ച്. മൂന്നാർ ഉൾപ്പടെ ഒരു വിവാദവും മാധ്യമങ്ങൾ ഉണ്ടാക്കിയതല്ല.

4) ക്രമസമാധാനം - രാഷ്ട്രീയ കൊലപാതകങ്ങളുൾപ്പടെയുള്ള, സംസ്ഥാനത്ത് അസ്വസ്ഥത പുലർത്തുന്ന സംഭവങ്ങൾ ഒട്ടേറെ.

5) വിദ്യാഭ്യാസം - മാറ്റമില്ലാതെ തുടരുന്നു. ജിഷ്ണു വധക്കേസ്, ലാ അക്കാദമി സമരം എന്നിവയിൽ സർക്കാർ ന്യായത്തിന്റെ പക്ഷത്തല്ല നിന്നതെന്ന പ്രതീതി ജനിച്ചു. അതിൽ വാസ്തവവുമുണ്ട്.

6) സുതാര്യത - സർക്കാർ ഭരണത്തിൽ സുതാര്യത നഷ്ടമായി. കീഴ്വഴക്കമായിരുന്ന മന്ത്രിസഭാ യോഗ തീരുമാന വിശദീകരണം മുഖ്യമന്ത്രി ഒഴിവാക്കിയത് അതിൽ ഏറ്റവും പ്രധാനം.

7) ജനായത്ത സംസ്‌കാരം - പോലീസ് മേധാവി നിയമനത്തിൽ സുപ്രീംകോടതി വിധിയുടെ അന്തസത്തയെ ഇല്ലായ്മ ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിച്ചു.

8) പോലീസ് - പോലീസ് സംവിധാനത്തിന്റെ തലപ്പ് താറുമാറായി.

9) ജനായത്തത്തില്‍ മർമ്മപ്രധാനമാണ് വിവരലഭ്യത. കോടതികളിൽ മാധ്യമപ്രവർത്തകർക്ക് കയറാനാകാത്ത സാഹചര്യം തുടരുന്നു. മുഖ്യമന്ത്രിക്കും സർക്കാരിനും അതിൽ പങ്കില്ലെന്ന സമീപനം.

10) ഐ.എ.എസ് ഉദ്യോഗസ്ഥ വൃന്ദമാണ് മുഖ്യമായും ഭരണയന്ത്രം ചലിപ്പിക്കുന്നത്. അവരുമായുള്ള ബന്ധം തകർന്നതിനെ തുടർന്ന് സിവിൽ സർവ്വീസ് ഭാഗികമായി നിശ്ചലമായി.

11) ഒരു വകുപ്പു പോലും മികച്ച പ്രകടനം കാഴ്ചവച്ചതായി ബോധ്യമാകുന്നില്ല. അതുപോലെ മന്ത്രിമാരുടെ കാര്യവും.

12) അയ്യായിരത്തിലേറെ കോടി രൂപയുടെ ക്ഷേമപെൻഷനുകൾ കൊടുത്തു തീർക്കാൻ കഴിഞ്ഞു എന്നുള്ളതാണ് എടുത്തു പറയാവുന്ന നേട്ടം. അതിനു പുറമേ സർക്കാർ ഉയർത്തിക്കാട്ടുന്നതൊക്കെ ആരിരുന്നാലും ഏതു സാഹചര്യത്തിലും നടപ്പിലാവുന്നവ.