കേരളത്തിന്റെ നവോത്ഥാന ലഹരി

Glint Staff
Mon, 31-12-2018 07:21:34 PM ;

കൊച്ചിയില്‍ നിന്ന് ഡിസംബര്‍ 31ന് മൂന്ന് കോടി രൂപയോളം വിലവരുന്ന മയക്കുമരുന്ന് പിടിച്ചു. പോലീസ് അതീവ ജാഗ്രത പുലര്‍ത്തുന്നുണ്ടെങ്കിലും പുതുവര്‍ഷ തലേന്ന് കോടികളുടെ മയക്കുമരുന്ന് കൊച്ചിയില്‍ തന്നെ ചെലവഴിക്കപ്പെടുന്നു. അതില്‍ ഒരു ചെറിയ അംശം മാത്രമാണ് ഈ മൂന്ന് കോടിരൂപയോളം വരുന്നത്. ഇതിന്റെ ഉപഭോക്താക്കള്‍ ഭൂരിഭാഗവും കേരളത്തിലെ യൗവ്വനമാണ്. കഴിഞ്ഞ ദശകത്തെ വച്ച് നോക്കുമ്പോള്‍ ഉണ്ടായ മാറ്റം യുവാക്കളോടൊപ്പം തന്നെ യുവതികളും  ലഹരിമരുന്ന്  ഉപയോഗിക്കുന്നു എന്നുള്ളതാണ്. ലിംഗ സമത്വ വാദ ആക്ടിവിസ്റ്റുകള്‍ക്ക് ആഘോഷകരമായ ഒരു കാര്യമാണിതെങ്കിലും കേരള സമൂഹത്തെ സംബന്ധിച്ച് അത്ര ആശാവഹമല്ല.

 

ഏത് ആഘോഷവും ഒരു സമൂഹത്തിന്റെ സാംസ്‌കാരിക ആത്മാവിനെ പ്രകാശിപ്പിക്കുന്നതായിരിക്കണം. അങ്ങിനെ നോക്കുകയാണെങ്കില്‍ കേരളത്തിലെ പ്രത്യേകിച്ചും കൊച്ചിയിലെ പുതുവത്സര ആഘോഷം ലഹരിയില്‍ മുങ്ങുന്നു. ഏറിയും കുറഞ്ഞും മറ്റ് സ്ഥലങ്ങളിലും ഇങ്ങനെ തന്നെ. ഇത് ലഹരിയില്‍ മുങ്ങിയ കേരള സമൂഹത്തിന്റെ പ്രതിഫലനമാണ്. അഥവാ ലഹരി സംസ്‌കാരത്തിന്റെ ആഘോഷം. ലഹരിക്ക് അടിമപ്പെട്ട സമൂഹത്തിന് നശിക്കുവാന്‍ മാത്രമേ കഴിയുകയുള്ളൂ. കൗമാരക്കാര്‍ക്കിടയില്‍ പോലും ഇപ്പോള്‍ വ്യാപകമായി മയക്കുമുരുന്നുകള്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം ഔദ്യോഗികമായി പുറത്ത് വന്നിട്ടുള്ളത്. ഇതിനെ സാധൂകരിക്കുന്നതാണ് ജില്ലാ തലത്തില്‍ ലഹരി വിമുക്ത കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനവും.

 

ഈ 2018 ലെ പ്രളയം കേരളത്തോട് ചിലത് സംസാരിച്ചിട്ടുണ്ട്. കൗമാരം പോലും ലഹരിയില്‍ മുങ്ങാനിടയായ കേരളത്തിന്റെ ഗതിയെ കുറിച്ച്. അവിടെ സൂക്ഷ്മമായും അറിയേണ്ടത് കേരളത്തിന്റെ മുന്‍ഗണന എന്തായിരിക്കണമെന്നതാണ്. എന്തുകൊണ്ട് പത്ത് വയസ്സുള്ള കുട്ടികള്‍ മുതല്‍ ലഹരിക്ക് അടിമകളാകുന്നു. അവരുടെ കുടുംബങ്ങളുടെ സ്വാധീനമാണോ, അതോ മറ്റെന്തെങ്കിലും മൂലമാണോ കേരളത്തിന്റെ നിഷ്‌കളങ്കത പോലും ലഹരിയില്‍ പെടുന്നത്. ഏത് ആഘോഷവും ഒരു സമൂഹത്തെ നയിക്കുന്ന സൂക്ഷ്മ ഘടകങ്ങളുടെ വൈവിധ്യ ആവിഷ്‌കരണവും അതിന്റെ ഉറക്കെയുള്ള സാമൂഹിക പ്രഖ്യാപനവുമാണ്. അതുകൊണ്ടാണ് ഒരു ബിംബത്തിന്റെ അല്ലെങ്കില്‍ ഒരു സങ്കല്‍പ്പത്തിന്റെ പിന്നിലെ ആശയത്തെ ആധാരമാക്കി ഒരു സമൂഹം ഒന്നായി ആഘോഷത്തിലേര്‍പ്പെടുന്നത്. അവിടെ സമൂഹത്തെ കൂട്ടിക്കെട്ടുന്ന ആ ചരട് സന്തോഷത്തിന്റെ ഇഴയിലൂടെ ദൃഢമാക്കപ്പെടുകയാണ് ചെയ്യുന്നത്. കേരളത്തിന്റെ ഇപ്പോഴത്തെ ആഘോഷങ്ങള്‍ ആ ചരടിനെ ദൃഢമാക്കുകയാണോ പൊട്ടിക്കുകയാണോ എന്ന് ഓരോ മലയാളിയും പ്രളയാനന്തര 2019 ലേക്ക് കടക്കുമ്പോള്‍ ചിന്തിക്കേണ്ടതാണ്.

 

പുതുവര്‍ഷത്തില്‍ എന്താണ് ഇത്ര ആഘോഷിക്കുവാന്‍. മനുഷ്യ സമൂഹം സൗകര്യത്തിന് വേണ്ടി ഉണ്ടാക്കിയ ഒരു കലണ്ടര്‍ വേള അവസാനിച്ച് പുതിയ കലണ്ടര്‍ വേള തുടങ്ങുന്നു. അല്ലാതെ പ്രകൃതിയില്‍ ഒരു ചലനവും ഇത് ഉണ്ടാക്കുന്നില്ല. മനുഷ്യന് മാത്രമാണ് പുതുവര്‍ഷം. ബോധപൂര്‍വ്വമായ ഇടപെടലിലൂടെ ക്രമരാഹിത്യത്തില്‍ നിന്നും ക്രമസൃഷ്ടിയെ അനുസ്മരിപ്പിക്കുന്നതാണ് ലോകമെമ്പാടും ഒരേ കണക്ക് പ്രകാരം നീങ്ങുന്ന വാര്‍ഷിക കലണ്ടര്‍. ആ അര്‍ത്ഥത്തില്‍ സ്ഥലകാല ഭേദമന്യേ മനുഷ്യ ബോധം ഒന്നുതന്നെയാണ് എന്നുള്ള ആഗോള തലത്തിലുള്ള പ്രഖ്യാപനം കൂടിയാണത്. മതിലുകളില്ലാത്ത മനുഷ്യന്റെ ഒരുമയെ ആണ് അത് ഓര്‍മ്മിപ്പിക്കേണ്ടത്. അതാകട്ടെ അബോധ തലത്തില്‍ നിന്നും ബോധ തലത്തിലേക്ക് മനുഷ്യന്‍ സമൂഹമായി ഉയര്‍ന്നപ്പോള്‍ ഉണ്ടായ ക്രമപ്പെടുത്തലിന്റേതും. അതിനാധാരമായ ബോധമാണ് ഒരിക്കലും പഴയതാകാതെ എന്നും നവമായി പ്രപഞ്ചത്തില്‍ നിലനില്‍ക്കുക. ഒരോ നിമിഷവും മനുഷ്യനേര്‍പ്പെടുന്ന പ്രവൃത്തിയിലൂടെ ആ നവമായതിനെ ഉദ്ദാനം ചെയ്യാന്‍ ശ്രമിക്കുന്നതാണ് നവോത്ഥാനം. ആ നവോത്ഥാനം കേരളത്തില്‍ എവിടെ എത്തി നില്‍ക്കുന്നു എന്നുള്ളത് വളരെ ലളിതമായി  പ്രളയ വര്‍ഷമായ 2018 കാണിച്ച് തരുന്നതാണ് ബോട്ട് ജെട്ടിയില്‍ പിടികൂടിയ മൂന്ന് കോടി രൂപയുടെ മയക്ക് മരുന്ന്.

 

Tags: