Skip to main content

മണ്ഡലകാലം കഴിഞ്ഞു. കേരള ചരിത്രത്തില്‍ ഇത്രയും നാള്‍ ഉണ്ടാകാതിരുന്ന വിധം സ്പിരിറ്റുകടത്തും സെക്കന്‍ഡ്‌സ് വില്‍പനയുമാണ് സംസ്ഥാനത്ത് അരങ്ങേറിയത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 748 ബാറുകള്‍ അടച്ചതിനെ തുടര്‍ന്ന് ഭീമമായ നഷ്ടമാണ് ബാറുടമകള്‍ക്കുണ്ടായത്. എന്നാല്‍ ഇക്കഴിഞ്ഞ രണ്ടര മാസത്തെ മണ്ഡലകാലത്തിനുള്ളില്‍, വീണ്ടും ബാര്‍ രംഗത്തേക്കെത്തിയ മുതലാളിമാരുടെ പോയകാല നഷ്ടം പരിഹരിച്ചെന്ന് മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പുകളില്‍ യഥേഷ്ടം സംഭാവന ചെയ്യാനുള്ള ലാഭവും കൂടി ഉണ്ടാക്കിയെന്നാണ് എക്‌സൈസ് വകുപ്പിലുള്ളവര്‍ തന്നെ സമ്മതിക്കുന്നത്. കഴിഞ്ഞ രണ്ടര മാസക്കാലം എക്‌സൈസ് വകുപ്പ് മുഖ്യമായും കേന്ദ്രീകരിച്ചിരുന്നത് മയക്കുമരുന്ന് വേട്ടയ്ക്കായിരുന്നു. അതും ഒരു പരിധിവരെ മദ്യലോബിയുടെ ആവശ്യമായിരുന്നു.

 

പുതുവത്സരത്തിനും മറ്റും, വ്യാപകമായ തോതില്‍ മയക്കുമരുന്ന് ഉപയോഗത്തെ തുടര്‍ന്ന് മദ്യ ഉപയോഗം കുറയുമെന്നുള്ള ആശങ്ക മുതലാളിമാര്‍ക്കുണ്ടായിരുന്നു. മയക്കുമരുന്ന് പിടുത്തം മാധ്യമങ്ങളിലൂടെ അറിയിക്കുന്നതിന്‌ എക്‌സൈസ് വകുപ്പ് ജാഗ്രത പുലര്‍ത്തുകയും ചെയ്തു. എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിങ്ങാകട്ടെ മയക്കുമരുന്നുപയോഗത്തെ കുറിച്ച് മുഖ്യധാര  മാധ്യമങ്ങളില്‍ ലേഖനമെഴുതി. എക്‌സൈസ് മന്ത്രിയും അദ്ദേഹവുമുള്‍പ്പെട്ട ചാനല്‍ പരസ്യങ്ങള്‍ ഇടതടവില്ലാതെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി കാണിക്കപ്പെട്ടു. ഇതൊക്കെ ഒരു ഭാഗത്ത് എക്‌സൈസ് വകുപ്പിന്റെ സാന്നിധ്യത്തെയും ഋഷിരാജ് സിങിന്റെ പ്രതിശ്ചായയെയും ഒരേ പോലെ ഉയര്‍ത്തി. ഇതും മറ്റൊരുവിഷയത്തിലേക്ക് പോകാതിരിക്കാന്‍ മണ്ഡലകാലത്തിനൊപ്പം മറയൊരുക്കി. കേരള ചരിത്രത്തിലാദ്യമായിട്ടാണ് ഇത്രയും കലുഷിതമായ മണ്ഡല കാലം കടന്നുപോകുന്നത്. ഈ ഉഗ്ര തിരശീലയ്ക്ക് പിന്നിലാണ് കേരളത്തില്‍ മദ്യ ലോബിയുടെ വിഹാരം മുഴുവന്‍ ഒരു ചെറു പോലീസ് പേടിയുമില്ലാതെ നടത്തപ്പെട്ടത്.

 

ചാനലുകള്‍ക്ക് രുചികരമായ 'ഭക്ഷണം' നല്‍കിയാല്‍ ഏത് സാമൂഹ്യ മറയും സൃഷ്ടിക്കാമെന്നുള്ള അവസ്ഥ കേരളത്തിലുണ്ട്. ഒരു അജണ്ട മറ. കാരണം ദൈനംദിന അടിസ്ഥാനത്തില്‍ ചാനലുകള്‍ അജണ്ടകളെ നിശ്ചയിച്ചുകൊണ്ടിരിക്കുന്നു. ഈ അജണ്ട മറയെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അതി സര്‍ഗാത്മകയമായി ഉപയോഗിക്കുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷമായി കാണാന്‍ കഴിയുന്നത്.