ജോളിയുടെ നിഗൂഢ ബന്ധങ്ങള്‍

Glint Staff
Sun, 13-10-2019 03:28:58 PM ;

ഓരോ മലയാളിയുടെ കൈയിലും ഇപ്പോള്‍ ഒരു കല്ലരിക്കുന്ന അവസ്ഥായാണ്. അവസരം ഒത്തുവന്നാല്‍ കൂടത്തായി ജോളിയെ കൂട്ടത്തോടെ എറിയാന്‍. ജോളി അകത്ത്. എന്നാല്‍ ജോളി നിഗൂഢമായി പുലര്‍ത്തിയിരുന്ന ബന്ധങ്ങള്‍ എല്ലാം പുറത്തും. ഏറ്റവുമൊടുവില്‍ ഏറെ നേരം സംസാരിച്ചത് ബി.എസ്.എന്‍.എല്‍ ഉദ്യേഗസ്ഥന്‍ ജോണ്‍സണുമായി. ജോണ്‍സണ്‍ തന്നെ സമ്മതിക്കുന്നുണ്ട്. ജോളിയുമായി കോയമ്പത്തൂര്‍ പോയ കാര്യം. ജോളിയുടെ ഭര്‍ത്താവ് റോയി ടോമിന്റെ കൊലപാതകം നടന്ന് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ജോളി ആണ്‍സുഹൃത്തുമായി കോയമ്പത്തൂര്‍ക്ക് വിട്ടു. 

റോയി ജീവിച്ചിരിക്കുമ്പോള്‍ തന്നെ ജോളി റോയിയുടെ കണ്മുന്നില്‍ എന്നവണ്ണം അന്യപുരുഷന്മാരുമായി ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ടായിരുന്നു. റോയി തനിക്ക് ആശ്രയിക്കാന്‍ പറ്റുന്ന ഭര്‍ത്താവല്ല എന്ന തിരിച്ചറിവ് ഏതോ ഒരുഘട്ടത്തില്‍ ജോളിക്കുണ്ടായി. അതില്‍ ജോളിക്കൊപ്പം ഒരുപക്ഷേ ജോളിയേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വം റോയി ടോമിന് തന്നെ. തകര്‍ന്ന ദാമ്പത്യവും വൈകാരിക ശൈഥല്യവും കൊണ്ട്  നീറിയ ജോളി തന്റെ വിഷാദത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ലൈംഗികതയുടെ വഴിയെ ആശ്രയിക്കുകയായിരുന്നു. ഒരേ സമയം തന്റെ വിഷാദത്തില്‍ നിന്ന് പുറത്ത് വരാനും ലൈംഗികതയിലൂടെ സന്തോഷത്തിന്റെ നിമിഷങ്ങള്‍ അറിയുവാനും
ഒപ്പം തന്റെ ഭര്‍ത്താവിനോടുള്ള പ്രതികാരവുമായി ജോളി തന്റെ ജീവിതത്തെയും ബന്ധങ്ങളെയും വിനിയോഗിച്ചതിന്റെ വിവരണങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 

രണ്ട് കുട്ടികളുണ്ടായിട്ട് പോലും മക്കളെകുറിച്ച് പോലും ചിന്തിക്കാന്‍ ശേഷിയില്ലാത്ത വൈകാരിക തകര്‍ച്ചിയിലൂടെ ജോളി കടന്ന് പോവുകയായിരുന്നു.  ജോളിയെ കല്ലെറിയാനായി കൂക്കിവിളിയോടെ മലയാളി പാഞ്ഞടുക്കുമ്പോള്‍ അവര്‍ ചില  കാര്യങ്ങള്‍ അറിയുന്നില്ല. അവര്‍ കൂക്കിവിളിക്കുന്നതും കല്ലെറിയുന്നതും മൂന്ന് കാര്യങ്ങളുടെ നേര്‍ക്കാണ്. രഹസ്യ ബന്ധങ്ങള്‍, കള്ളത്തരങ്ങള്‍, കുറ്റകൃത്യങ്ങള്‍. 

സംസ്ഥാന പോലീസിലെ സൈബര്‍ സെല്ലിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ സമീപകാലത്ത് പറഞ്ഞത് ഇങ്ങനെ, മലയാളികളുടെ ഫോണ്‍ സംഭാഷണങ്ങള്‍ നോക്കിയാല്‍ ഭൂരിഭാഗവും ലൈംഗികാതിപ്രസരത്തിന്റെയും രതിവൈകൃതങ്ങളുടെയും സംഭാഷണങ്ങളാണെന്ന്. ഇങ്ങനെ ഏര്‍പ്പെടുന്നവരില്‍ കൂടുതലും വിവാഹിതരായ സ്ത്രീ പുരുഷന്മാര്‍ തമ്മിലാണ്. അതിലെ സംഭാഷണങ്ങള്‍ വെളിപ്പെടുന്ന പക്ഷം കേരളത്തിന്റെ കുംടുംബ ബന്ധങ്ങള്‍ പട്ടത്തിന്റെ നൂല് പൊട്ടുന്ന പോലെ പൊട്ടിച്ചിതറാന്‍ പോന്നവയാണെന്നും അദ്ദേഹം പറയുകയുണ്ടായി. 

ജോളിയുടെ ജീവിതവും അതേ പാതയിലൂടെ തന്നെയായിരുന്നു. കൊലപാതകങ്ങളെ മാറ്റി നിര്‍ത്തിയാല്‍ കല്ലുമായി നില്‍ക്കുന്ന മലയാളിയുടെ പ്രതിനിധി തന്നെയാണ് ജോളി. പോലീസിന്റെ അന്വേഷണം ഇപ്പോള്‍ വിപുലപ്പെടുത്തിയിട്ടുണ്ട്. 

എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസമായി പോലീസിന്റെ അന്വേഷണ കഥകള്‍ പുറത്ത് വരുന്നത് കമ്മിയാണ്. അന്വേഷണം ശരിയായ രീതിയില്‍ തുടരുകയും ബന്ധങ്ങള്‍ കണ്ടെത്തുകയും ചെയ്യുകയാണെങ്കില്‍ കൂടത്തായിയുടെ പ്രാന്തപ്രദേശങ്ങളിലും എന്‍.ഐ.ടി പരിസരങ്ങളിലും പല കുടുംബബന്ധങ്ങളിലും തകര്‍ച്ച നേരിടുമെന്നും പറയപ്പെടുന്നുണ്ട്. ചെറിയ രീതിയില്‍ തന്നെ അന്വേഷണം വ്യാപിച്ചപ്പോള്‍ സി.പി.എമ്മിന്റെ മുന്‍ ലോക്കല്‍ സെക്രട്ടരി പാര്‍ട്ടിക്ക് പുറത്തായി. അതുപോലെ തന്നെ പല രാഷ്ട്രീയ പ്രവര്‍ത്തകരിലേക്കും അന്വേഷണം നീളുന്നുണ്ട്. രാഷ്ട്രീയ നേതാക്കളിലേക്കുള്ള അന്വേഷണം ഒരു പരിധിക്കപ്പുറത്തേ്ക്ക് പോകാനിടയായ ചരിത്രം കേരളത്തിലില്ല. 

എന്‍.ഐ.ടിക്ക് സമീപം ജോളി വാടകയ്‌ക്കെടുത്തിരുന്ന ഫ്‌ലാറ്റിലെ സന്ദര്‍ശകരെ കുറിച്ചിട്ടുള്ള വിവരം പുറത്ത് വരാന്‍ ഇടയാവുകയാണെങ്കില്‍ അതും സ്‌ഫോടന ശേഷി ഉള്ളതായിരിക്കും. ചിലപ്പോള്‍ ആ പരിസരങ്ങളില്‍ ആത്മഹത്യകള്‍ വരെ നടക്കാനിടയുണ്ടെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നതും അസ്ഥാനത്താകാന്‍ ഇടയില്ല. 

രണ്ടര ദശാബ്ദത്തോളം ജോളിയുടെ കൂടത്തായിലെ ജീവിതം മുഴുവന്‍ പൂര്‍ണമായും നിഗൂഢതയിലായിരുന്നു. ആ നിഗുഢതയുടെ പുറം തോടിന്റെ ശക്തിയാണ് ജോളി എന്‍.ഐ.ടി പ്രൊഫസറായി ആരിലും സംശയം ജനിപ്പിക്കാതെ ഇത്രയും നാള്‍ പിടിച്ചുനിന്നതും. അതും ബഹുമാന്യമായ മുഖത്തെ അവതരിപ്പിച്ചുകൊണ്ട്. ഇക്കാലമത്രയും ജോളി ഏര്‍പ്പെട്ടത് തീവ്രമായ ബന്ധങ്ങളുടെ സങ്കീര്‍ണതകളിലാണ്. അതും കേരളത്തിലെ ഏറ്റവും മുന്തിയ വിദ്യാഭ്യസ കേന്ദ്രത്തെ പശ്ചാത്തലമാക്കിക്കൊണ്ട്. ആ പശ്ചാത്തലത്തിലേക്ക് സ്വാഭാവികമായും നിഗൂഢമായി കടന്നുവന്നിട്ടുള്ളവര്‍ സമൂഹത്തിന്റെ ഉന്നത ശ്രേണിയില്‍ വിഹരിക്കുന്നവര്‍ തന്നെയാണ്. രാഷ്ട്രീയ നേതാക്കള്‍, ജനപ്രതിനിധികള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അധ്യാപകര്‍ ആങ്ങിനെ പോകുന്നു ആ പട്ടിക. 

ജോളി നടത്തിയ കൊലപാതകത്തില്‍ ഇതില്‍ ചിലപ്പോള്‍ ഏതാനും പേര്‍ക്ക് പങ്കാളിത്തം ഉണ്ടായേക്കാം. എന്നാല്‍ ജോളി രണ്ടര പതിറ്റാണ്ട് വ്യാപൃതയായ നിഗൂഢ മേഖലയിലെ കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണെന്ന് കണ്ടേത്തണ്ടതുണ്ട്. ആ കുറ്റകൃത്യങ്ങളില്‍ ജോളിയെ പോലെ തന്നെ കൂട്ടു പങ്കാളികളാണ് മറ്റുള്ളവരും. പക്ഷേ അവര്‍ മെല്ലെ തലയൂരുന്ന ചിത്രവും അന്വേഷണത്തിന്റെ പുരോഗതിയില്‍ കാണാന്‍ കഴിയുന്നുണ്ട്. ഇപ്പോള്‍ കൊലകപാതകങ്ങള്‍ മാത്രമേ പോലീസ് അന്വേഷണത്തിന് വിധേയമാക്കുന്നുള്ളൂ. ജോളിയും ജോളിയുടെ നിഗൂഢ ബന്ധങ്ങളിലേര്‍പ്പെട്ടവരും നടത്തിയ കുറ്റകൃത്യങ്ങള്‍ എന്തൊക്കെയാണെന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. അവിടെയാണ് കേരളാ പോലീസിന്റെയും സര്‍ക്കാരിന്റെയും വിശ്വാസ്യതയും സത്യസന്ധതയും തെളിയിക്കപ്പെടേണ്ടത്. 

 

Tags: