Skip to main content

food safety bill passed

 

ഇന്ത്യയില്‍ ഭക്ഷണമില്ലായായ്മ കൊണ്ടല്ല ജനങ്ങളില്‍ ഒരു വിഭാഗം പട്ടിണി കിടക്കുന്നത്. വിശക്കുന്നവരിലേക്ക് ഭക്ഷണം എത്താതിരുന്നതുമൂലമാണ്. മൂന്ന്‍ വർഷം മുൻപ് സുപ്രീംകോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടതാണ് ഭക്ഷ്യധാന്യങ്ങൾ വെയിലും മഴയും കൊണ്ട് നശിക്കുന്നതിനു പകരം പട്ടിണി കിടക്കുന്നവർക്ക് വിതരണം ചെയ്യണമെന്ന്‍. എന്നാല്‍ അത് നടപ്പില്‍ വരുത്താതെയുളള സമീപനമാണ്  അന്ന്‍ കേന്ദ്രസർക്കാർ കൈക്കൊണ്ടത്. ഇന്നിപ്പോൾ ഭക്ഷ്യസുരക്ഷാ നിയമം വന്നിരിക്കുന്നു. ഒരുപക്ഷേ സ്വതന്ത്ര ഇന്ത്യയില്‍ എത്രയോ മുൻപ് തന്നെ കൈക്കൊള്ളേണ്ടിയിരുന്ന നിയമം. ഈ നിയമം അതുകൊണ്ടുതന്നെ ചരിത്രപരമാണ്. തിരഞ്ഞെടുപ്പ് തന്നെയാകാം യു.പി.എ സർക്കാരിനെ ഈ അവസരത്തില്‍ ഇത്തരത്തിലൊരു നിയമനിർമ്മാണത്തിനു പ്രേരിപ്പിച്ചത്. എന്നിരുന്നാലും ചെപ്പടിവിദ്യയ്ക്കു പകരം ഉദാത്തമായ നീക്കം തന്നെയാണിത്‌. കുറച്ചുപേരുടെയെങ്കിലും വിശപ്പകറ്റാൻ കഴിയുമെങ്കില്‍ എന്തിന്റെ പേരിലാണെങ്കിലും ഈ നിയമം അർഥവത്താകുന്നു.

 

ഒരു ഭാഗത്ത് പ്രതിപക്ഷകക്ഷികൾ പലവിധ ആരോപണങ്ങളുന്നയിക്കുമ്പോൾ, സാമ്പത്തിക വിദഗ്ധർ പ്രത്യേകിച്ച്  മൻമോഹൻ സിങ്ങിന്റെ സാമ്പത്തികശാസ്ത്ര കാഴ്ച്ചപ്പാടിനെ പിൻപറ്റുന്ന നവലിബറല്‍ സിദ്ധാന്തക്കാർ ഇതിനെ നിശിതമായി എതിർക്കുന്നു. ഒരുലക്ഷത്തി മുപ്പത്തിയേഴായിരം കോടി രൂപ ഇതിനുവേണ്ടി ചെലവു വരുന്നു. അത് പ്രത്യുല്‍പ്പാദനപരമല്ലാതെ ചെലവഴിക്കേണ്ടി വരുന്നതുമൂലമുണ്ടാകുന്ന സാമ്പത്തിക അപഭ്രംശങ്ങളാണ് അവർ ചൂണ്ടിക്കാട്ടുന്നത്. സമ്പത്തിനെ കണ്ടുകൊണ്ടുള്ള ശാസ്ത്രവും മനുഷ്യനെ കണ്ടുകൊണ്ടുള്ള ശാസ്ത്രവും വ്യത്യസ്തമാണ്. വിശക്കുന്നവന്റെ മുന്നില്‍ ശാസ്ത്രവും ദൈവവും എല്ലാം ഭക്ഷണം തന്നെയാണ്. പരിഷ്കൃതനായിക്കൊള്ളട്ടെ, അപരിഷ്കൃതനായിക്കൊള്ളട്ടെ, മനുഷ്യസമൂഹത്തിന് ചേർന്നതല്ല, തങ്ങളില്‍ ഒരു വിഭാഗം വിശന്ന വയറുമായി ഉറങ്ങുകയും ഉണർന്നിരിക്കുകയും ചെയ്യുന്ന അവസ്ഥ. ഇന്ത്യയുടെ അവസ്ഥ അതാണ്. ഏതാനും വർഷങ്ങൾ മുൻപ് ഒഡിഷയിലെ ഒരമ്മ വിശപ്പു സഹിക്കാൻ വയ്യാത്ത തന്റെ കുഞ്ഞുങ്ങൾക്ക് ഏതോ പച്ചില പറച്ചിട്ട് വെള്ളം തിളപ്പിച്ച് കൊടുത്ത് കൂട്ടത്തില്‍ അവരും കഴിച്ചു. പക്ഷേ അത് ഏതോ വിഷച്ചെടിയുടെ ഇലയായിരുന്നു. അമ്മയും കുഞ്ഞുങ്ങളും മരിച്ചു. ഇത്തരം യാഥാർഥ്യങ്ങളുടെ മുന്നില്‍ ഭക്ഷണം തന്നെയാണ് ആദ്യത്തേയും അവസാനത്തേയും ശാസ്ത്രം.

 

ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണി പദ്ധതികൾ ഗുണഭോക്താക്കളുടെ അടുത്തെത്താതെ പോകുന്നു എന്നതാണ്. ഇവിടേയും ശ്രദ്ധിക്കേണ്ട കാര്യമതാണ്. ഗുണഭോക്താക്കൾക്ക് ആധാര് കാർഡ് ഉപാധിയാക്കി നേരിട്ട് ആനുകൂല്യം വിതരണം ചെയ്യുന്ന പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിക്കുകയുണ്ടായി. അതും യാഥാർഥ്യത്തെ ക്രിയാത്മകമായി നേരിടുവാനുള്ള നീക്കം തന്നെയാണ്. ഡിജിറ്റല്‍ സാങ്കേതികവിദ്യ വിശക്കുന്നവന്റെ വിശപ്പകറ്റാൻ ഉപയോഗിക്കപ്പെടുന്നതിന്റെ ഉദാഹരണം. അത്തരം സമീപനങ്ങളിലൂടെ ഭക്ഷ്യസുരക്ഷാ പദ്ധതിയനുസരിച്ചുള്ള ഭക്ഷ്യധാന്യങ്ങൾ വിശക്കുന്നവന്റെ  കൈകളിലെത്തിയാല്‍ വലിയ നേട്ടം തന്നെയാകും.

 

എന്തെല്ലാം ആരോപണങ്ങളില്‍ കേന്ദ്രസർക്കാർ പെട്ടിരുന്നുവെങ്കിലും അവർ കൊണ്ടുവന്ന കുറേ നടപടികൾ രാഷ്ട്രത്തിന്റെ ഗതിയെ മുന്നോട്ടു നയിക്കുന്നതിന് വളരെയധികം സഹായിക്കും. വിവരാവകാശ നിയമം, വനാവകാശ നിയമം, വിദ്യാഭ്യാസാവകാശ നിയമം ഏറ്റവുമൊടുവില്‍ ഭക്ഷ്യസുരക്ഷാ നിയമം. ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാതെ വിദ്യാഭ്യാസനിയമമുണ്ടായിട്ട് കാര്യമില്ല. വിശന്ന വയറുമായി പഠനം സാധ്യമല്ല. ഈ നിയമങ്ങളുടെ കൂട്ടത്തില്‍ കേന്ദ്രസർക്കാർ ആവിഷ്‌കരിച്ച തൊഴിലുറപ്പു പദ്ധതി എത്രകണ്ട് ക്രിയാത്മകമാണെന്ന്‍ പുനരാലോചന ആവശ്യമുള്ളതാണ്. കാരണം, പ്രത്യേകിച്ച് നിർമ്മണലക്ഷ്യമൊന്നുമില്ലാതെ തൊഴില്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌ക്കരിച്ചതാണ് ആ പദ്ധതി പരാജയമാണെന്ന്‍ പറയാനാവില്ലെങ്കിലും പ്രധാന പോരായ്മ.

 

ഉദാരീകരണത്തിന്റെ വൻവാതില്‍ തുറന്നിട്ട അതേ മൻമോഹൻ സിങ്ങാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേമരാഷ്ട്ര സങ്കല്‍പ്പാധിഷ്ഠിതമായ നടപടിക്ക് കാർമ്മികത്വം വഹിച്ചിരിക്കുന്നത്. തീർച്ചയായും ഇത് യു.പി.എയുടെ രാഷ്ട്രീയതീരുമാനം തന്നെ. വിമർശകർ അദ്ദേഹത്തിന്റെ സാമ്പത്തികശാസ്ത്ര വീക്ഷണത്തിലെ വൈരുദ്ധ്യാത്മകത ചൂണ്ടിക്കാണിക്കുന്നുണ്ട്. അതെ, വൈരുദ്ധ്യാത്മകതകൾ ഒട്ടേറെ ഉണ്ട്. അദ്ദേഹത്തിന്റെ വ്യക്തിത്വവും അദ്ദേഹത്തിന്റെ കാലത്തുണ്ടായിട്ടുള്ള അഴിമതി ആരോപണങ്ങളും വൻ വൈരുദ്ധ്യം തന്നെ. അതെല്ലാം അവിടെ നില്‍ക്കട്ടെ. യു.പി.എ സർക്കാർ കൊണ്ടുവന്ന അടിസ്ഥാന അവകാശനിയമങ്ങളും ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ വിന്യാസത്തിലൂടെ പട്ടിണിയെ ദൂരീകരിക്കാനുള്ള നീക്കവുമെല്ലാം ഇന്ത്യയില്‍ കാതലായ മാറ്റങ്ങൾക്ക് വഴിവെയ്ക്കുമെന്നതില്‍ സംശയമില്ല. എന്തുതന്നെയായാലും ഈ നേട്ടങ്ങളുടെ പട്ടിക വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് സഹായകരമാകും. ചിലപ്പോൾ ഗ്രാമീണ ജനതയുടെയിടയില്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടായെന്നും വരാം. ഇതു മുൻകൂട്ടിക്കണ്ടു കൊണ്ട് പ്രതിപക്ഷം വിശേഷിച്ചും ബി.ജെ.പി തന്ത്രങ്ങൾ പ്രയോഗിക്കുക സ്വാഭാവികം. ആ തന്ത്രങ്ങൾ ഈ നേട്ടങ്ങളെ കത്തിക്കയറുന്ന വിഷയങ്ങളുടെ അടിയിലേക്ക് കൊണ്ടുപോകാൻ പര്യാപ്തമായ പ്രചരണം അഴിച്ചുവിടുക എന്നുള്ളതാണ്. അത് കോണ്‍ഗ്രസിന്റെ മുന്നിലുയർത്തുന്ന വെല്ലുവിളി വളരെ വലുതാണ്. പ്രത്യേകിച്ചും കത്തുന്ന വിഷങ്ങൾ ആളിക്കത്തിക്കാൻ ഇന്ധനവുമായി നില്‍ക്കുന്ന ചാനല്‍ സാന്നിദ്ധ്യ സാമൂഹ്യാന്തരീക്ഷത്തില്‍.