വമ്പന്‍ ഹൈവേകള്‍ക്കു പകരം കേരളത്തില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനത്തേക്കുറിച്ച് ചിന്തിക്കാം

Glint staff
Mon, 24-07-2017 07:14:55 PM ;

hyperloop elon musk

മറ്റു പല പ്രദേശങ്ങള്‍ക്കും അന്യമായ അടിസ്ഥാനസംവിധാനങ്ങള്‍ കേരളത്തിന് പ്രകൃതി ഒരുക്കിയിട്ടുണ്ട്. ശുദ്ധജലം, ശുദ്ധവായു, മണ്ണിന്റെ ഫലഭൂയിഷ്ടിത എന്നിവയാണ് അതില്‍ മുഖ്യം. മറ്റിടങ്ങള്‍ ഇവയ്ക്കു വേണ്ടി ഏറ്റവും പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുമ്പോള്‍ ഇവയുടെ ലഭ്യതയിലെ ധാരാളിത്തത്തില്‍ കേരളം അവയെ സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടു. അത് ചരിത്രവുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്തുതന്നെയായാലും വിപരീതാത്മകത മലയാളിയുടെ സ്വഭാവത്തിന്റെ അടിസ്ഥാന ഘടകമായി. ലോകത്ത് ഏതു മാറ്റം വന്നാലും അതിനെ ആദ്യം തടയുക, ലോകം മാറിക്കഴിയുമ്പോള്‍  അതിലേക്ക് എത്തിപ്പെടാന്‍ വ്യഗ്രത കാണിക്കുക, ഇത് മലയാളിയുടെ സ്വഭാവമായി മാറിക്കഴിഞ്ഞു.     

 

ഇപ്പോഴും വികസനം സംബന്ധിച്ചും അതേ കാഴ്ചപ്പാടാണ് കേരളം അഥവാ മലയാളി പുലര്‍ത്തുന്നത്.  പരിസ്ഥിതിയെയും മനുഷ്യജീവിതത്തെയും ജീര്‍ണ്ണതയിലേക്കു തള്ളിവിടുന്ന പഴകിയ വികസനകാഴ്ചപ്പാടില്‍ നിന്ന് കേരളം മുക്തമായിട്ടില്ല. രാജ്യവും ആ വഴിക്കു തന്നെ. ഈയവസരത്തില്‍ കേരളത്തിന് ചില മാറ്റങ്ങള്‍ക്കു വേണ്ടി ശ്രമിക്കാവുന്നതാണ്. കാരണം ഇപ്പോള്‍ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണത്തിലിരിക്കുന്നതിനാല്‍.  ഏതിന്റെയും വരവിനെ സംഘടിതമായി തടയുന്നതില്‍ രാഷ്ട്രീയ വിജയം നേടാന്‍ സി.പി.എമ്മിന് കഴിയും.
       

 

സി.പി.എമ്മിന്റെ അതേ ശക്തി ഉപയോഗിച്ച് മാറ്റങ്ങളും പുതുമകളും കൊണ്ടുവരാനും കഴിയും. ബോധ്യം വന്നാല്‍ പ്രതിബന്ധങ്ങളെ തട്ടിമാറ്റിക്കൊണ്ട് മുന്നേറാനുള്ള ഇച്ഛാശക്തിയുള്ള നേതാവാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെയുളള യാത്രാസമയം കുറയ്ക്കുന്നതൊടൊപ്പം  കേരളത്തിലെ വാഹനങ്ങളുടെ അനിയന്ത്രിതമായ പെരുപ്പവും കണക്കിലെടുത്ത് മലയോര ഹൈവേ നിര്‍മ്മാണ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുണ്ട്. ഈ സാഹചര്യത്തില്‍ എന്തുകൊണ്ടു ഹൈപ്പര്‍ലൂപ്പ് ഗതാഗത സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കേരളത്തിന് മുന്‍കൈയ്യെടുത്തുകൂടാ.
   

 

ബംഗളരു മെട്രോയുടെ സഹകരണത്തോടെ ആരംഭിച്ചിട്ടുളള ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനി ഇതിനകം ഇതിന്റെ ആദ്യമാതൃക(പ്രോട്ടോടൈപ്പ്) വികസിപ്പിച്ചുകഴിഞ്ഞു. മണിക്കൂറില്‍ 460 കിലോമീററര്‍ വേഗം താണ്ടാന്‍ കഴിയുന്ന പ്രോട്ടോടൈപ്പാണ് അവര്‍ വികസിപ്പിച്ചത് . ബിറ്റ്‌സ് പിലാനിയിലെ എഞ്ചിനിയറിംഗ് വിദ്യാര്‍ഥികളാണ് ഇവ വികസിപ്പിക്കുന്നതില്‍ വിജയിച്ചത്. അതിന്റെയടിസ്ഥാനത്തില്‍ അവര്‍ കാലിഫോര്‍ണിയയിലെ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്‌സ് മത്സരത്തില്‍ പങ്കെടുക്കാനുള്ള യോഗ്യതയും നേടിക്കഴിഞ്ഞു.
    

 

underground boring

ഇത്തരത്തിലൊരു സംവിധാനത്തിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ കേരളം നേരിടുന്ന പ്രധാന വെല്ലുവിളിയില്‍ നിന്ന് പുര്‍ണ്ണമായ മോചനമുണ്ടാകും. കാരണം ഈ സംവിധാനത്തിനാവശ്യമായ തുരങ്കം മണ്ണിലടിയിലൂടെയായതിനാല്‍ സ്ഥലമെടുപ്പ് എന്ന കീറാമുട്ടി ഉണ്ടാകുന്നതേ ഇല്ല. ഇത്തരത്തിലുള്ള ട്യൂബ് യാത്രാസംവിധാനം ഉണ്ടാക്കാനായി ടെസ്ലെ കാര്‍ക്കമ്പനി ഉടമ ഇലോണ്‍ മസ്‌ക് ന്യൂയോര്‍ക്ക് മേയറെ സമീപിച്ചിരിന്നു. അതിന് ഏതാണ്ട് പച്ചക്കൊടി ലഭിക്കുകയും ചെയ്തു. ഇലോണ്‍ മസ്‌ക് ഈ ആശയവുമായി 2013ല്‍ ഒരു സംഘത്തെ ഇന്ത്യയിലേക്കും അയച്ചിരുന്നു. ബംഗളുരുവിലെ ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിയും ഇപ്പോള്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ്, ഈ ഗതാഗതസംവിധാനം സ്വീകരിക്കണമെന്നും അതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടുകൊണ്ട്.
     

 

ബിറ്റ്‌സ് പിലാനി സംഘത്തിന്റെ ഹൈപ്പര്‍ലൂപ്പ് വണ്‍ കമ്പനിക്ക് ഇത്രയും വലിയ സംവിധാനം സൃഷ്ടിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇപ്പോഴില്ല. തദ്ദേശീയമായി അതിനുള്ള സംവിധാനം വരാന്‍ സമയമെടുത്തേക്കും. ഈ സാഹചര്യത്തില്‍  എന്തുകൊണ്ട് ഇലോണ്‍ മസ്‌കിന്റെ കമ്പനിയെ കേരളത്തിന് കേന്ദ്ര സര്‍ക്കാരിലൂടെ സമീപിച്ചുകൂടാ? ഭൂമിക്കടിയിലൂടെ തുരങ്കം നിര്‍മ്മിക്കുന്നത് തന്നെ  നിസ്സാര പ്രശ്‌നമാണെന്നാണ് ഇലോണ്‍ മസ്‌ക് പറയുന്നത്. പ്രയാസം ഇതിനുവേണ്ടിയുള്ള അനുമതികളും മറ്റും ലഭ്യമാകുന്നതിനാണെന്ന് അദ്ദേഹം ന്യൂയോര്‍ക്ക് മേയറെ സന്ദര്‍ശിച്ചതിനു ശേഷം പറയുകയുണ്ടായി. തുരങ്ക നിര്‍മ്മിതിക്കു വേണ്ടി മസ്‌ക് ബോറിംഗ് കമ്പനിയും രൂപീകരിച്ചിട്ടുണ്ട്. ഒരു സംശയുവും വേണ്ട ഭാവിയില്‍ വരാന്‍ പോകുന്ന ദീര്‍ഘദൂര സഞ്ചാരമാര്‍ഗ്ഗം ഹൈപ്പര്‍ലൂപ്പായിരിക്കും. മണിക്കൂറില്‍ ആയിരം കിലോമീറ്റര്‍ താണ്ടുന്നതാണ് ഇപ്പോള്‍ മസ്‌ക് വിഭാവനം ചെയ്തിട്ടുള്ളത്. അപ്പോള്‍ കാസര്‍കോഡ് നിന്ന് തിരുവനന്തപുരത്തെത്താനുള്ള സമയം ഊഹിക്കാവുന്നതേ ഉള്ളു.
     

 

ഭാവിയിലെ മാറ്റങ്ങളുടെ ലക്ഷണങ്ങള്‍ കാണുമ്പോള്‍ അതിനെ സ്വീകരിക്കുന്നിടത്താണ് ചരിത്രം മാറ്റിയെഴുതപ്പെടുക. ഹൈപ്പര്‍ലൂപ്പ് സംവിധാനത്തില്‍ മലിനീകരണം തെല്ലും സംഭവിക്കുന്നില്ല എന്നത് കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതാണ്. വര്‍ത്തമാനകാലത്ത് ലോകത്തിന്റെ ഏതു ഭാഗത്ത് മാറ്റം വന്നാലും അത് എല്ലായിടത്തും വ്യാപിക്കും, പ്രയോജനപ്രദമെങ്കില്‍.പതിവ് രീതികളില്‍ നിന്നുള്ള ചിന്തയില്‍ നിന്നു പുറത്തേക്കു വന്നു ചിന്തിക്കാനുള്ള ധൈര്യം മാത്രമേ ഇത്തരത്തിലുള്ള ചരിത്ര നിര്‍മ്മിതിക്ക് ആവശ്യമുള്ളു. വേണമെന്നു വെച്ചാല്‍ ഈ സര്‍ക്കാരിനു അതു കഴിയും. കേരളത്തിന്റെ പ്രത്യേക ജൈവസ്വഭാവം കണക്കിലെടുത്താല്‍ ഈ പദ്ധതി ഈ പ്രദേശത്തിന് എല്ലാ തലത്തിലും വളരെയധികം യോജിച്ചതാണ്.

 

സ്‌പേസ് എക്‌സ് ഹൈപ്പര്‍ലൂപ്പ് മത്സരത്തിലേക്ക് ബിറ്റ്‌സ് പിലാനി സംഘം

to read click here--http://lifeglint.com/content/locusglint/1707221/elon_musk_hyperloop-comp...

 

 

Tags: