അമേരിക്കയിലെ ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷന്‍ (എഫ്.സി.സി) രണ്ടിനെതിരെ മൂന്നു വോട്ടുകള്‍ക്ക് നെറ്റ് ന്യൂട്രാലിറ്റിയെ കൊല ചെയ്തത് പുതിയ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വഴി തുറക്കുന്ന നടപടിയായി. അമേരിക്കന്‍ ജനതയുടെ ഒന്നാകെയുള്ള എതിര്‍പ്പിനെയും വ്യാപക പ്രതിഷേധത്തെയും അവഗണിച്ചുകൊണ്ടാണ് എഫ്.സി.സി ഈ തീരുമാനം കൈക്കൊണ്ടത്. ഒബാമയുടെ കാലത്ത് നെറ്റ് ന്യൂട്രാലിറ്റി നിര്‍ത്തലാക്കാനുള്ള നീക്കം ശക്തമായ രീതിയില്‍ ഉണ്ടായിരുന്നു. ആ നീക്കത്തെ മറികടക്കുന്നതില്‍ ഒബാമ ഭരണകൂടത്തിന് വിജയിക്കാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ട്രംപിന്റെ നയത്തിലെ അനുകൂല ഘടകമാണ് ഇപ്പോള്‍ ഫെഡറല്‍ കമ്മീഷനെക്കൊണ്ട് ഈ തീരുമാനമെടുക്കാന്‍ പ്രാപ്തമാക്കിയത്.നെറ്റ് ന്യൂട്രാലിറ്റി ഇല്ലാതാകുമ്പോള്‍ ഇന്റെര്‍നെറ്റിലെ ഉള്ളടക്കത്തിന്റെ വ്യത്യസ്ഥതയനുസരിച്ച് പ്രത്യേക ചാര്‍ജ്ജ് ഉപഭോക്താക്കള്‍ക്ക് നല്‍കേണ്ടിവരും.
ഒബാമയുടെ കാലത്ത് നെറ്റ് ന്യൂട്രാലിറ്റി നിര്‍ത്തലാക്കാനുള്ള നീക്കം നടന്നതിന്റെ ഭാഗമായാണ് അനില്‍ അംബാനിയുമായി ചേര്‍ന്നുകൊണ്ട് ഫേസ്ബുക്ക്, 'ബേസിക്' എന്ന ആപ്പ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ധാരണയായത്. അതുപോലെ എയര്‍ടെല്ലിന്റെ 'സീറോ'യും. എന്നാല്‍ അതിനെതിരെ വ്യാപകമായ പ്രതിഷേധം രാജ്യത്തുണ്ടായി. തുടര്‍ന്ന് ഇന്ത്യയില്‍ ട്രായ് (ടെലിഫോണ്‍ റെഗുലേറ്ററി അതോറിട്ടി) ' ഒരു സര്‍വ്വീസ് പ്രൊവൈഡറും ഡേറ്റാ സേവനത്തിന് വിവേചനപരമായ ചാര്‍ജ്ജ് കണ്ടന്റിന്റെ അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്താന്‍ പാടില്ലെന്ന്' തീരുമാനിക്കുകയായിരുന്നു. ഇന്റര്‍നെറ്റിനെ ഏവര്‍ക്കും വിവേചനരഹിതമായി ലഭ്യമാക്കുന്നതിന് നെറ്റ് ന്യൂട്രാലിറ്റി ആവശ്യമാണെന്ന് ട്രായ് എടുത്തുപറയുകയുണ്ടായി.
എന്നാല്‍ ഇതിനെതിരെ സര്‍വ്വീസ് ദാതാക്കളുടെ ഭാഗത്ത് നിന്ന് വന്‍ എതിര്‍പ്പാണ് അന്ന് ഇന്ത്യയിലുമുണ്ടായത്. ഇന്റര്‍നെറ്റ് വ്യാപനത്തെ ഈ തീരുമാനം ബാധിക്കുമെന്നുവരെ അവര്‍ പ്രചരിപ്പിച്ചു. ഒരു ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ്, റിസര്‍വഡ്, എ സി കോച്ച്, അതില്‍ തന്നെ സെക്കന്‍ഡ് എസി, തേര്‍ഡ് എസി എന്നിവയെല്ലാം വ്യത്യസ്തമായ അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതെന്നും അതിനാലാണ് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ താഴ്ന്ന ക്ലാസ്സുകളിലെ നിരക്കുകള്‍ നിജപ്പെടുത്താന്‍ കഴിയുന്നതുമെന്നുമായിരുന്നു സര്‍വ്വീസ് ദാതാക്കളുടെ ഭാഗത്തു നിന്നും നെറ്റ് ന്യൂട്രാലിറ്റി അവസാനിപ്പിക്കണമെന്നതിനുള്ള വാദങ്ങള്‍.
എന്നാല്‍ ഒരു വീട്ടിലേക്ക് ലഭിക്കുന്ന വൈദ്യുതി പോലെയാണ് ഡേറ്റയെന്നും, ആ വൈദ്യുതി തന്റെ വീട്ടിലെ ഏതുപകരണം പ്രവര്‍ത്തിക്കാന്‍ ഉപയോഗിക്കണമെന്ന് നിശ്ചയിക്കാനുള്ള സ്വാതന്ത്ര്യം ഉപഭോക്താവിനാണെന്നുമുള്ള കാഴ്ചപ്പാടാണ് ട്രായ് സ്വീകരിച്ചത്. അതിനേക്കാള്‍ ദൂരവ്യാപകമായ ദോഷവശങ്ങളാണ് നെറ്റ് ന്യൂട്രാലിറ്റി അവസാനിപ്പിച്ചാല്‍ ഇന്റര്‍നെറ്റിലൂടെയുള്ള വിവര കൈമാറ്റ രീതിയില്‍ സംഭവിക്കുക. ചില വിവരങ്ങള്‍ മൂടിവയ്ക്കുന്നതിനും തമസ്‌കരിക്കുന്നതിനും, ചില വിവരങ്ങളിലേക്ക് പ്രവേശം നിഷേധിക്കുന്നതിലേക്കുമൊക്കെ നെറ്റ് ന്യൂട്രാലിറ്റിയില്ലാത്ത അവസ്ഥ കൊണ്ടുചെന്നെത്തിക്കും.
അമേരിക്കയില്‍ ട്രംപിന്റെ കാലത്ത് ഈ യാഥാര്‍ത്ഥ്യങ്ങള്‍ അരങ്ങേറാന്‍ പോവുകയാണ്. അതിനെതിരെയുള്ള പ്രക്ഷോഭത്തെ ജീവന്‍മരണപ്പോരാട്ടം പോലെയാണ് അവിടുത്തെ ജനങ്ങള്‍ കാണുന്നത്. ഈ നടപടിയിലൂടെ ജനങ്ങള്‍ക്ക് ഏറ്റവും വെറുക്കപ്പെട്ടവനായിരിക്കുന്നത് എഫ്.സി.സിയുടെ ചെയര്‍മാനും ഇന്ത്യന്‍ വംശജനുമായ അജിത് പൈയെയാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പൊതുമേഖലയില്‍ ബ്രോഡ്ബാന്‍ഡ് സംവിധാനം നിലനിര്‍ത്തേണ്ട ആവശ്യമുയര്‍ന്ന് വന്നിട്ടുണ്ട്. ചില മുനിസിപ്പാലിറ്റികള്‍ പൊതു ബ്രോഡ്ബാന്‍ഡ് സംവിധാനമേര്‍പ്പെടുത്തുന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നുണ്ട്.
ട്രായിയുടെ വിധി ഇപ്പോള്‍ ഇന്ത്യക്ക് നെറ്റ് ന്യൂട്രാലിറ്റി ഉറപ്പാക്കുന്നുണ്ടെങ്കിലും അമേരിക്ക അതവസാനിപ്പിച്ച സ്ഥിതിക്ക് ഇന്ത്യയിലെ സേവന ദാതാക്കള്‍ അതിനുള്ള ശ്രമം പുനരാരംഭിക്കുമെന്നുള്ളത് ഉറപ്പാണ്. തല്‍ക്കാലം ഇന്ത്യയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെങ്കിലും ഇവിടെയും നമ്മുടെ മുന്‍പില്‍ ഇതൊരു ഭീഷണി തന്നെയാണ്.