Skip to main content

 doctors strike

മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്‌സഭയുടെ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനമായതിനെ തുടര്‍ന്ന് ഐ.എം.എ നടത്തി വന്ന മെഡിക്കല്‍ ബന്ദ് പിന്‍വലിക്കുകയുണ്ടായി. ബ്രിഡ്ജ് കോഴ്‌സിലൂടെ മറ്റ് ശാഖകളിലെ ചികിത്സകര്‍ക്ക് അലോപ്പതി ചികിത്സ നടത്താമെന്ന ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലെ പ്രധാന നിര്‍ദേശമാണ് ഐ.എം.എയെ പ്രകോപിപ്പിച്ചത്. ജനവിരുദ്ധമാണ് ബില്ല് എന്നാരോപിച്ചാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ബന്ദ് പ്രഖ്യാപിച്ചത്. ഐ.എം.എ അംഗങ്ങളായിട്ടുള്ള ഡോക്ടര്‍മാര്‍ ജനങ്ങളുടെ ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കിയാണോ പ്രവൃത്തിക്കുന്നതെന്ന് ആത്മപരിശോധന നടത്തേണ്ട സമയമാണിത്. ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ഔഷധങ്ങളും ഉപകരണങ്ങളും വിറ്റഴിക്കപ്പെടുന്ന വ്യവസായത്തിലെ കണ്ണിയാണോ തങ്ങളെന്നും ആലോചിക്കേണ്ട ഘട്ടം എത്തിയിരിക്കുന്നു.

 

ഉദാഹരണത്തിന് കേരളത്തിലെ കാര്യം എടുക്കാം. ഇന്ന് കേരളത്തിലെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ സ്ഥിതി സ്വകാര്യആശുപത്രികളുമായി തട്ടിച്ച് നോക്കുമ്പോള്‍ ആശാവഹമല്ല. പനിയുമായി ഒരാള്‍ സ്വകാര്യ ആശുപത്രിയെ സമീപിച്ചാല്‍ ചുരുങ്ങിയത് പതിനായിരം മുതല്‍ ഒരു ലക്ഷം രൂപവരെ വേണ്ടിവരുന്നു. അകാരണവും അനാവശ്യവുമായ ഒട്ടേറെ പരിശോധനാ ഘട്ടങ്ങളിലൂടെ രോഗിയെ കടത്തി വിടുന്നു. ലാബുകളില്‍ നിന്നും സ്‌കാനിംഗ് സെന്ററുകളില്‍ നിന്നും ഡോക്ടര്‍ മാരിലേക്ക് എത്തുന്ന കമ്മീഷന്‍ പരസ്യമായ വസ്തുതയാണ്. ആന്റി ബയോട്ടിക്‌സിന്റെ ഉപയോഗവും ദുരുപയോഗവും നിമിത്തം ഇന്ന് രാജ്യം നേരിടുന്ന ആരോഗ്യപ്രശ്‌നവും ഗുരുതരമാണ്. 'Iatrogenesis' എന്ന പ്രതിഭാസത്തിന്റെ ഒന്നാമത്തെ ഉദാഹരമാണ് കേരളം . ഒരു രോഗത്തിനുള്ള ചികിത്സ മറ്റൊരു രോഗത്തിന് കാരണമാകുന്ന പ്രതിഭാസമാണ്  'Iatrogenesis' . ബഹുരാഷ്ട്ര കുത്തകകളുടെ താല്‍പര്യം സംരക്ഷിക്കുന്ന ലോകാരോഗ്യസംഘടന നിഷ്‌കര്‍ഷിക്കുന്നതെന്തും, ചോദ്യം ചെയ്യാതെയോ സംശയിക്കാതെയോ നടപ്പിലാക്കുന്ന  സംഘടനയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ .

 

തദ്ദേശീയമായ ഒട്ടേറെ ആരോഗ്യ-പ്രതിരോധ-ചികിത്സ രീതികള്‍ ഇല്ലാത്ത ഒരു പ്രദേശവും  ഇല്ല. പശ്ചിമഘട്ടത്തിന്റെ  ആനുകൂല്യത്താല്‍ ജൈവ സമൃദ്ധിയുള്ള കേരളത്തില്‍ ആയുര്‍വേദ,പ്രകൃതി,പാരമ്പര്യ ചികിത്സകള്‍ വളരെ ശക്തമായിരുന്നു. കള്ളനാണയങ്ങള്‍ ഏത് കാലത്തും ഏത് മേഖലയിലും ഉണ്ടാകും. ആ കള്ളനാണയങ്ങളെ ഉയര്‍ത്തിക്കാണിച്ച് ഈ തദ്ദേശീയ-ആരോഗ്യ-പ്രതിരോധ ചികിത്സാ പദ്ധതികള്‍ അശാസ്ത്രീയമാണെന്ന് സ്ഥാപിച്ച് തകര്‍ത്തതില്‍ , തകര്‍ത്തുകൊണ്ടിരിക്കുന്നതില്‍ മുഖ്യപങ്ക് അലോപ്പതി ഡോക്ടര്‍മാര്‍ക്കും ഐ.എം.എയ്ക്കും ഉണ്ട്. ഇത് ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ മരുന്ന് വിപണിയുടെ വളര്‍ച്ചയില്‍ വഹിച്ചുകൊണ്ടിരിക്കുന്ന പങ്ക് ചെറുതല്ല. തദ്ദേശീയമായ ഏതെങ്കിലും ചികിത്സാ വിധികളോ രീതികളോ  ഇത്രയും കാലത്തിനിടയില്‍ ഐ.എം.എ സ്വീകരിക്കുകയോ പ്രയോഗിക്കുകയോ ചെയ്തിട്ടുണ്ടോ?

 

ഒരു ലക്ഷത്തിനടുത്ത് ഹൃദയ ശസ്ത്രക്രിയ നടത്തിയ ആധുനിക വൈദ്യശാസ്ത്ര ഭിഷഗ്വരനാണ് ഡോക്ടര്‍ എം എസ് വല്യത്താന്‍ അഷ്ടാംഗഹൃദയത്തെ ആസ്പതമാക്കി രചിച്ചിട്ടുള്ള ബ്രഹത് ഗ്രന്ഥം കണ്ടിട്ടുള്ളതായി പോലും ഐ.എം.എയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. പരമ്പരാഗത രീതിയില്‍ ആയുര്‍വേദ ചികിത്സകനായി മാറിയ രാഘവന്‍ തിരുമുല്‍പ്പാടിന്റെ ശിഷ്യത്വം സ്വീകരിച്ചാണ് അതി സങ്കീര്‍ണമായ സങ്കേതങ്ങളെ കുറിച്ച് ഡോക്ടര്‍ വല്യത്താന്‍ പഠിക്കുകയും ഗ്രന്ഥ രചന നടത്തുകയും ചെയ്തത്. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷമാണ്  മനുഷ്യശരീരത്തിന്റെ  അതിസൂക്ഷ്മ ഘടകങ്ങള്‍ രാഘവന്‍ തിരുമുല്‍പ്പാടിലൂടെ  തനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞതെന്ന് പോലും ഡോക്ടര്‍ വല്യത്താന്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

 

ഏത് ജ്ഞാനവും ഏത് ശാസ്ത്രവും ശാസ്ത്രീയമാകുന്നത് ജനങ്ങളുടെ ക്ഷേമത്തിനായി പരിണമിക്കുമ്പോഴാണ് ഐ.എം.എയുടെ പ്രവര്‍ത്തനങ്ങളും അലോപ്പതി ഡോക്ടര്‍മാരില്‍ ബഹുഭൂരിപക്ഷത്തിന്റെ പ്രവര്‍ത്തനവും ജനക്ഷേമത്തിനുവേണ്ടിയായിരുന്നോ അതോ  സ്വാര്‍ത്ഥ ക്ഷേമത്തിനു വേണ്ടി ആയിരുന്നോ എന്ന് തിരിച്ചറിയാന്‍ ഗവേഷണത്തിന്റെ ആവശ്യമില്ല. അടിയന്തര ഘട്ടങ്ങളില്‍ രോഗിയുടെ ജീവന്‍ നില നിര്‍ത്താനും രോഗമുക്തിക്കും അലോപ്പതി ലഭ്യമായ ചികിത്സാ വിധികളില്‍ മികച്ചത് തന്നെ. അലോപ്പതിയോളം ധ്രുത രോഗമുക്തിക്ക് മറ്റ് ചികിത്സാ വിധികള്‍ക്ക് ഇന്നും കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ മറ്റ് ശാഖയിലെ ചികിത്സകര്‍ക്ക് ആവശ്യമെന്ന് തോന്നുന്ന ഘട്ടങ്ങളില്‍ അലോപ്പതി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍, അത് അവര്‍ക്കടുത്തെത്തുന്ന രോഗികളുടെ ജീവന്‍ രക്ഷക്ക് കാരണമാകും. മറ്റ് ശാഖകളിലെ ചികിത്സകരായതിനാലും നിര്‍ദിഷ്ടഫലത്തിനപ്പുറം ചികിത്സ ചെയ്താലുണ്ടാകുന്ന അപകടം അറിയുന്നതിനാലും   അവരെ വ്യാജന്മാരാക്കില്ല എന്ന് കരുതുന്നതില്‍ ന്യായക്കേടില്ല. അതേ സമയം വിവര സാരങ്കേതിക യുഗത്തില്‍ എല്ലാ ചികിത്സ രീതികളും നിരീക്ഷിണ വിധേയമാക്കുന്നതിന്റെ ഭാഗമായി അവരുടെ ചികിത്സയും നിരീക്ഷിക്കപ്പെടുന്ന പക്ഷം അവരുടെ ഭാഗത്തുനിന്നുള്ള ദുരുപയോഗം തടയാന്‍ കഴിയുകയും ചെയ്യും. ഇത് ഇന്ത്യന്‍ ഗ്രാമങ്ങളില്‍ അടിയന്തര  വൈദ്യസഹായം ലഭ്യമാക്കുകയും അവരുടേതായ സാധ്യതകളിലൂടെ ചികിത്സ നല്‍കി രോഗ മുക്തമാക്കുകയും ചെയ്യാനുള്ള അവസരമാണ് ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ തുറക്കുന്നത്.

 

ഇത് കൃത്യവും വ്യക്തവുമായ മാനദണ്ഡങ്ങളുടെയും നിരീക്ഷണങ്ങളുടെയും പശ്ചാത്തലത്തില്‍ നടപ്പിലാക്കണം, അല്ലെങ്കില്‍ കൂടുതല്‍ വിപത്തുകള്‍ ഉണ്ടാകും. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങള്‍ ഫാര്‍മസ്യൂട്ടികള്‍ കമ്പനികള്‍ക്ക് വിധേയമാകുന്നതിനേക്കാള്‍ എളുപ്പത്തിലായിരിക്കും ഗ്രാമീണ മേഖലയില്‍ ബ്രിഡ്ജ് കോഴ്‌സിലൂടെ ചികിത്സനടത്തുന്നവര്‍ സ്വാധീനിക്കപ്പെടുക. ബഹുരാഷ്ട്ര കുത്തക ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ സമ്മര്‍ദം പോലും ഇത്തരമൊരു നീക്കത്തിന്റെ പിന്നില്‍ ഉണ്ടോ എന്ന് സംശയിച്ചാല്‍ അത് പൂര്‍ണമായും തള്ളിക്കളയാന്‍ ആവുകയുമില്ല.ആ വിധമാണ് ബഹുരാഷ്ട്ര ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ ചികിത്സ വിപണിയെ നിയന്ത്രിക്കുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങളുടെ പശ്ചാത്തലത്തിലാവണം  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജനങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്  ദേശീയ മെഡിക്കല്‍ ബില്ലിനെതിരെ അണിനിരക്കേണ്ടത്.