എ.കെ.ജി വിമര്‍ശനം അനുചിതം: ബല്‍റാമിനെ ആക്രമിക്കല്‍ ജനായത്ത വിരുദ്ധം

Glint staff
Wed, 10-01-2018 05:30:09 PM ;

akg vt balram

വ്യക്തികളെയും സംഭവങ്ങളെയും നിലപാടുകളെയും പെരുമാറ്റത്തെയും ഒക്കെ വിലയിരുത്തുന്നത് കാലവുമായി ബന്ധപ്പെടുത്തിയാണ്. ആ വിലയിരുത്തലില്‍, കാലാതീതമായി മാറാതെ നില്‍ക്കുന്ന ചില ഘടകങ്ങള്‍ അന്തര്‍ധാരയായി ഉണ്ടാകും. അവയിലേക്ക് നോക്കി വേണം പോയ കാലത്തുള്ള ഒരു വ്യക്തിയെ വര്‍ത്തമാനകാലത്ത് നിന്ന്‌കൊണ്ട് അറിയാനും അളക്കാനും ശ്രമിക്കേണ്ടത്. ഇവിടെയാണ് എകെജിയെ വിമര്‍ശിച്ചതില്‍ വി ടി ബല്‍റാമിന് പറ്റിയ അപാകതയും അനൗചിത്യവും. സത്യസന്ധത അര്‍പ്പണ മനോഭാവം ഇത് രണ്ടും കാലത്തിനനുസരിച്ച് മാറുന്നതല്ല. ഈ രണ്ട് ഘടകങ്ങളാണ് എകെജി എന്ന വ്യക്തിയെ നേതാവാക്കിയതും ജനഹൃദയങ്ങളില്‍ പ്രതിഷ്ഠിച്ചതും . അതിനര്‍ത്ഥം അദ്ദേഹം ചെയ്തിട്ടുള്ള എല്ലാ നടപടികളും കുറ്റമറ്റമായിരുന്നെന്നും വിമര്‍ശനാതീതമായിരുന്നെന്നും അര്‍ത്ഥം ഇല്ല. പൊതുരംഗത് സത്യസന്ധതയോടെയും അര്‍പ്പണ മനോഭാവത്തോടെയും പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെറ്റ് പറ്റാം. ആ തെറ്റിനെ അവര്‍ തന്നെ തിരുത്തും. ഏ.കെ.ജിയുടേത് സത്യന്ധതയില്‍ ഊന്നിയുള്ള നിഷ്‌കളങ്കമായ വ്യക്തിത്വമാണ്, അത് നിഷേധക്കാനാകില്ല.

 

ജനത്തിന് വേണ്ടി സ്വന്തം ജീവിതത്തെ അവസാനശ്വാസം വരെ വിനിയോഗിച്ചയാളാണ് എ.കെ.ജി. അദ്ദേഹത്തിന്റെ തത്വ ശാസ്ത്രത്തോടും സമീപനത്തോടും വിയോജിക്കാം. എന്നാല്‍ മേല്‍പറഞ്ഞ രണ്ടു ഘടകങ്ങളും അതിവര്‍ത്തിച്ച് നില്‍ക്കുന്നു. അത്തരം വ്യക്തികളുടെ ശോഭ കെടുത്താതെ നിര്‍ത്തുക എന്നത്, പൊതുരംഗത്ത് നില്‍ക്കുന്നവര്‍ പാലിക്കേണ്ട ചുരുക്കം മര്യദയാണ്. ഇന്നത്തെ ദേശീയ സംസ്ഥാന കക്ഷിരാഷ്ട്രീയ ഭേദമന്യേ നേതാക്കളുടെ സമീപത്ത് നിന്നുകൊണ്ട് എ.കെ.ജിയിലേക്ക് നോക്കുമ്പോള്‍ ആ വ്യത്യാസവും ദൂരവും മനസ്സിലാവും. ആ ദൂരം ജനായത്ത സംവിധാനത്തിലെ ഒരു ലക്ഷ്യദൂരമാണ്. അതിനെ ഇല്ലായ്മ ചെയ്യുന്നതാകരുത് വിമര്‍ശനങ്ങള്‍. ബല്‍റാമിന്റെ വിമര്‍ശനം ആ രീതിയിലായിപ്പോയി. അതിനുപോല്‍ബലകമായത് പോലും എ.കെ.ജിയുടെ സത്യസന്ധതയാണെന്നുള്ളത് വിസ്മരിക്കാന്‍ പാടുള്ളതല്ല.

 

ബല്‍റാം അപലപനീയമായ വിമര്‍ശനം നടത്തിയതിന്റെ പേരില്‍, അദ്ദേഹത്തിനെതിരെ പ്രതിഷേധ ജാഥ നടത്തുന്നതും അദ്ദേഹത്തെ ആക്രമിക്കാന്‍ തുനിയുന്നതും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന പ്രവൃത്തിയല്ല. അത് തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്ന വ്യക്തിയുടെ കൈവെട്ടുന്ന സംസ്‌കാരത്തോടോ തലവെട്ടുന്ന സംസ്‌കാരത്തോടോ ചേര്‍ന്ന് നില്‍ക്കുന്നതാണ്. ആക്രമിക്കുന്നത് ഇല്ലായ്മ ചെയ്യാനാണ്.അത് മുറിവേല്‍പ്പിക്കലാകാം. ചിലപ്പോള്‍ ആ മുറിവ് മരണത്തിലേക്ക് നയിച്ചേക്കാം. ഇത് അസഹിഷ്ണുത ഏറിയിരിക്കുന്ന ഒരു സമൂഹത്തില്‍ സ്വതന്ത്രമായ ആശയ പ്രകാശത്തിന് അവസരമില്ലാതാക്കുന്നു.

 

പേടിയാണ് ജനായത്ത സംവിധാനത്തിന്റെ ഏറ്റവും വലിയ ശത്രു. ഇപ്പോള്‍ തന്നെ ഈ പേടി കേരളത്തില്‍ വളരെ കൂടുതലാണ്. അത് മുതലെടുത്തു കൊണ്ടാണ് മതത്തിന്റെ പേരില്‍ എന്തും ചെയ്യാനും പറയാനും  കേരളത്തില്‍ സാഹചര്യം ഒരുങ്ങിവന്നിരിക്കുന്നത്. ഈ പേടി ഭാരണാധികാരികളെ നിയമവാഴ്ച ഉറപ്പാക്കുന്ന  നടപടികള്‍ എടുക്കുന്നതിനെപ്പോലും വിലക്കുന്നു. ഈ സാഹചര്യമാണ്  തീവ്രവാദ ആശയങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും  പ്രവര്‍ത്തനങ്ങള്‍ക്കും അനുകൂല സാഹചര്യം ഒരുക്കുന്നത്. ഒരു വിമര്‍ശനത്തില്‍ പ്രതിഷേധിച്ച്, വിമര്‍ശിച്ചവരെ സി.പി.എമ്മിന്റെ അണികള്‍ ആക്രമിക്കുകയാണെങ്കില്‍, അത് ഒരു മാനദണ്ഡ സൃഷ്ടി കൂടിയാണ്. പ്രത്യേകിച്ച് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തില്‍ ഇരിക്കുമ്പോള്‍. അവിടെ സി.പി.എം ആക്രമണം അഴിച്ചുവിടുന്നതിലൂടെ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി സ്വമേധയാ ക്രമസമാധാനം തകര്‍ക്കുകയാണ്. ബല്‍റാമിന്റെ വിമര്‍ശനവും അതിനെതിരെയുള്ള പ്രസ്താവനകളും പ്രതിഷേധങ്ങളും ആക്രമണങ്ങളും കേരളത്തിനെ മുന്നോട്ട് നയിക്കുകയല്ല, ബഹുദൂരം പിന്നോട്ടടിക്കുകയാണ്.

 

വിമര്‍ശനങ്ങള്‍ സമൂഹത്തിന്റ ധാരണ സൃഷ്ടിയിലേക്ക് നയിക്കുന്ന ഒന്നാണ്. എ.കെ.ജിയെപ്പോലുള്ള മഹത് വ്യക്തിത്വത്തെ ഒരു ചെറു വിമര്‍ശനം അപ്രസക്തമാക്കുന്നില്ല. അഥവാ മങ്ങലേല്‍പ്പിക്കുന്നില്ല. ആ മങ്ങലേല്‍ക്കാത്ത ശോഭ അണികളുടെ മനസ്സില്‍ തിളങ്ങി നിന്നിരുന്നു എങ്കില്‍, ബല്‍റാം വിമര്‍ശനത്തിലൂടെ പരത്തിയ ധാരണയെ എ.കെ.ജിയുടെ ചുണ്ടില്‍ എപ്പോഴും കണ്ടിരുന്ന ചിരിയുടെ സ്മൃതിയില്‍ നിഷ്പ്രഭമാക്കുവാന്‍ കഴിയുമായിരുന്നു. ആ കഴിവില്ലായ്മയാണ് ആക്രമണ രൂപത്തില്‍ പ്രകടമാകുന്നത്. എല്ലാ ആക്രമണവും ഭീരുത്വത്തില്‍ നിന്നാണ് ഉണ്ടാകുന്നതെന്നും ഓര്‍ക്കേണ്ടതുണ്ട്.

Tags: