ശ്രീനിവാസന്റെ രോഗനില: മാധ്യമങ്ങളെ പഴിക്കുന്നത് അസ്ഥാനത്ത്

Thu, 25-01-2018 05:08:28 PM ;

sreenivasan-locus

നടന്‍ ശ്രീനിവാസന്‍ ആശുപത്രിയിലാണ്, താമസിയാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് മകനും, നടനുമായ വിനീത് ശ്രീനിവാസന്‍ അറിയിച്ചു. മലയാളികള്‍ക്ക് ആശ്വാസകരമായ വാര്‍ത്ത. സംശയമില്ല. എന്നാല്‍ ബോധപൂര്‍വം ശ്രീനിവാസന് പക്ഷാഘാതം ഉണ്ടായി എന്ന അപവാദ വാര്‍ത്ത പ്രചരിപ്പിക്കുന്നു എന്ന ആക്ഷേപം വിനീതിനും ഉണ്ടായി. വിനീതിനെ കൂടാതെ ഈ ആക്ഷേപം ഉന്നയിച്ചത് ശ്രീനിവാസന്റെ ഉറ്റ സുഹൃത്തായ സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ്.എന്തിനും ഏതിനും വിവാദമുണ്ടാക്കുകയും മാധ്യമങ്ങളെ അവസരത്തിലും അനവസരത്തിലും അധിക്ഷേപിക്കുകയും ചെയ്യുന്നത് വര്‍ത്തമാനകാല സ്വഭാവമാണ്. സത്യന്‍ അന്തിക്കാട് പറഞ്ഞത് ശ്രീനിവാസന്റെ അസുഖം ആഘോഷമാക്കുകയാണ് എന്നാണ്. എന്തുകൊണ്ട് ഈ സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ മുഖ്യ ചര്‍ച്ചാ വിഷയമായി ?

 

ശ്രീനിവാസന്റെ സിനിമയോട് ജനങ്ങള്‍ക്കുള്ള ആഭിമുഖ്യവും ശ്രീനിവാസനോടുള്ള ഇഷ്ടവും രണ്ടു കാരണത്താലാണ്. ഒന്ന് അദ്ദേഹത്തിന്റെ പ്രതിഭ, മറ്റൊന്ന് അതിലൂടെ വ്യക്തമാകുന്ന സത്യസന്ധത.  ഈ രണ്ട് അംശങ്ങളും ഇപ്പോഴും മലയാളിയില്‍ അവശേഷിക്കുകയും അതിനോടുള്ള സ്‌നേഹം മലയാളി ഉള്ളില്‍ കരുതുകയും ചെയ്യുന്നു.  ശ്രീനിവാസനെ രോഗാവസ്ഥയില്‍ കാണാന്‍ ശരാശരി മലയാളി ആഗ്രഹിക്കുന്നും ഇല്ല . വിനീത് ശ്രീനിവാസന്‍ പറഞ്ഞത് പോലെ രക്തത്തിലെ പഞ്ചസാരയിലുണ്ടായ  വ്യതിയാനമാണ് ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ കാരണമായത് എങ്കില്‍ അത് അപ്പോള്‍ തന്നെ ഫേസ്ബുക് പോസ്റ്റോ അല്ലെങ്കില്‍ ആശുപത്രി പത്രക്കുറിപ്പോ ആയി ഇറക്കിയാല്‍ ,ആ ധാരണ തിരുത്താവുന്നതേ ഉണ്ടായിരുന്നുള്ളൂ.

 

വസ്തുത ഉള്ളപ്പോള്‍ വ്യാഖ്യാനത്തിന്റെ ആവശ്യമില്ല. ആ വസ്തുതയുടെ അഭാവത്തില്‍ സാധാരണ ജനങ്ങള്‍ക്ക് ശ്രീനിവാസന്  എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് സ്വഭാവികമായും സംശയം ഉണ്ടാകാവുന്നതേയുള്ളൂ. ആ സംശയമാണ് മാധ്യമങ്ങളിലൂടെ പ്രതിഫലിച്ചത്, പിന്നീട് വിവാദമായതും. സത്യന്‍ അന്തിക്കാട് പറഞ്ഞതുപോലെ രോഗാവസ്ഥ ഒരു കാരണവശാലും ആഘോഷത്തിന് കാരണമാകുന്നില്ല. അങ്ങനെ ആകുന്നു എങ്കില്‍ അത് ആ സമൂഹത്തിന്റെ രോഗമാണ്.

 

 

ജനം അറിയുന്ന ഒരു വ്യക്തിയുടെ ആശുപത്രി പ്രവേശം പോലും വിവാദമാകുന്നു എന്നതിലൂടെ തെളിയുന്നത് മലയാളിയുടെ മനോരോഗമാണ്. ഇത്തരമൊരു സാഹചര്യത്തില്‍, അതി സങ്കീര്‍ണ ജീര്‍ണതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന മലയാളി മനസ്സിനെ ഒന്നുകൂടി തള്ളിയിടാന്‍ മാത്രമേ സത്യന്‍ അന്തിക്കാടിന്റെ നിലപാട് സഹായകം ആവുകള്ളൂ. മക്കളെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലെ ശ്രീനിവാസന്റെ സാന്നിധ്യം ഒരോ മലയാളിയും പ്രതീക്ഷിക്കുന്നുണ്ട് അതുകൊണ്ട് തന്നെ ശ്രീനിവാസന്‍ ആരോഗ്യത്തോടെ ആശുപത്രി വിടണമെന്ന് ഓരോ മലയാളിയും ആഗ്രഹിക്കുന്നുണ്ട്. ആ ആഗ്രഹത്തെ വൈകാരികമായി ചൂഷണം ചെയ്യുന്ന പത്രപ്രവര്‍ത്തനവും സാഹിത്യവും നമ്മുടെ നാട്ടില്‍ ഉണ്ട് എന്നത് സത്യമാണ്. പക്ഷെ സാധാരണ ജനങ്ങള്‍ അസുഖത്തെ ഒരിക്കലും ആഘോഷമാക്കാറില്ല, അതിന് ആഗ്രഹിക്കാറുമില്ല.

 

Tags: