ട്രംപിന്റെ അഭിസംബോധന വെളിവാക്കുന്നത് ദേശസ്‌നേഹ ഭ്രാന്ത്

Glint staff
Wed, 31-01-2018 07:32:58 PM ;

trump

യുദ്ധോത്സുകമായ ദേശസ്‌നേഹ വികാരം പ്രകടിപ്പിക്കുന്നതായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യത്തെ അമേരിക്കന്‍ സംയുക്ത കോണ്‍ഗ്രസിലുള്ള അഭിസംബോധന ( state of the union address ). അരക്ഷിതത്വ ബോധത്തില്‍ നിന്നുണ്ടാകുന്ന ഭീതിയും അതിനെ ചെറുക്കാനുള്ള അക്രമോത്സുകതയുമായിരുന്നു അതിനാടകീയമായയ രീതിയില്‍ നടത്തപ്പെട്ട ട്രംപിന്റെ പ്രഭാഷണം. തന്റെ നയങ്ങളുടെ പ്രസക്തി ഉയര്‍ത്തിക്കാട്ടുവാന്‍ നാടകീയതയെ ആണ് ട്രംപ് പ്രഭാഷണത്തില്‍ കൂട്ടുപിടിച്ചത്. ഉയര്‍ത്തിപ്പിടിക്കുന്ന നയങ്ങളുടെ അഭാവത്തില്‍ ഇരകളായവരുടെ കുടുംബങ്ങളെയും നേട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച തലവന്മാരെയും പങ്കെടുപ്പിച്ച് കണ്ണീരും ദേശവികാരവും ഉണര്‍ത്തിയാണ് ട്രംപ് തന്റെ ജിങ്കോയിസത്തെ( jingoism) അവതരിപ്പിച്ചത്. ഇക്കണോമിക് സറണ്ടര്‍ (economic surrender) ഒഴിവാക്കി എന്നതാണ് അദ്ദേഹം നടത്തിയ ആദ്യ പ്രസ്താവന . ലോകത്തില്‍ വച്ച് ഏറ്റവും കരുണാര്‍ദ്രമായ രാഷ്ട്രമെന്ന് അമേരിക്കയെ വിശേഷിപ്പിച്ചുകൊണ്ടാണ്, ആ കാരുണ്യത്തിന്റെ പേരില്‍ ഇതുവരെ നല്‍കിക്കൊണ്ടിരുന്ന സാമ്പത്തിക സഹായങ്ങള്‍ അവസാനിപ്പിക്കുന്നതായി ട്രംപ് പ്രഖ്യാപിച്ചത്. ഇരുപതാം നൂറ്റാണ്ടില്‍ അമേരിക്ക ഏര്‍പ്പെട്ട മനുഷ്യക്കുരുതിയെയും പ്രകൃതി നാശത്തെയും ഹിറ്റ്‌ലറിന്റെ ക്രൂരതകൊണ്ട് മൂടപ്പെടുകയായിരുന്നു.

 

തകര്‍ന്ന് തരിപ്പണമായിരിക്കുന്ന മധ്യ ഏഷ്യ അമേരിക്കയുടെ സൃഷ്ടിയാണ്. ഇപ്പോഴത്തെ ഐ.എസ്.ഐ.എസ്സും അമേരിക്കയുടെ സൃഷ്ടിതന്നെ. ഐ.എസ് ഉപയോഗിക്കുന്ന ആയുധങ്ങയും അവര്‍ക്കെതിരെ ഉപയോഗിക്കപ്പെടുന്ന ആയുധങ്ങളും അമേരിക്കന്‍ നിര്‍മ്മിതമാണ്. ഹിറ്റ്‌ലറിന്റെ ക്രൂരതയെക്കാള്‍ ഭീകരമാണ് ഇറാഖ് യുദ്ധം മുതല്‍ തുടങ്ങിയ ചരിത്രം. അതിപ്പോഴും തീക്ഷ്ണമായി തുടരുന്നു. വരും നാളുകളില്‍ ആ യുദ്ധം അതി തീവ്രമായി തുടരുമെന്നാണ് ട്രംപിന്റെ പ്രഭാഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. അമേരിക്ക-സൗദി അറേബ്യ- ഇസ്രയേല്‍, ഈ ത്രികോണ അച്ചുതണ്ടിന്റെ അടിസ്ഥാനത്തിലായിരിക്കും മധ്യ ഏഷ്യ വരും നാളില്‍ പുകയുന്നതും കത്തുന്നതും. ഈ അച്ചുതണ്ട് തന്നെയായിരിക്കും വരാന്‍ പോകുന്ന സമാന്തര ശീതയുദ്ധത്തിന്റെ കാരണ സമവാക്യവും.

 

ഐ.എസ്സിനെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കുക, ഇമിഗ്രേഷന്‍ നിയമത്തിന്റെ  കര്‍ശനമാക്കല്‍, മയക്കുമരുന്ന് മാഫിയയെയും അക്രമികളെയും  തടയുന്നതിന് വേണ്ടി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുക, അമേരിക്കക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുക തുടങ്ങി ഓരോ അമേരിക്കക്കാരെന്റെയും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ദേശവികാരത്തെ ഭീതിയിലൂടെ ഉണര്‍ത്തി വിധ്വംസകമാക്കുക എന്നതായിരുന്നു അഭിസംബോധനയിലെ മുഖ്യലക്ഷ്യം. നാടകീയതയിലൂടെ ഒരുപരിധി വരെ ട്രംപ് ആ ശ്രമത്തില്‍ വിജയിച്ചെന്ന് പറയേണ്ടി വരും .

 

ട്രംപിന്റെ ഈ അഭിസംബോധനയുമായി  ഇന്ത്യയുടെ നയങ്ങളും താല്‍പ്പര്യങ്ങളും ഒരു കാരണവശാലും ഒത്തുപോകില്ല എന്നത് വ്യക്തമാണ്, അത് ഇമിഗ്രേഷന്‍ നിയമത്തിന്റെ കാര്യത്തിലായാലും കുടിയേറ്റത്തിന്റെ കാര്യത്തിലായാലും ഇസ്രയേല്‍ സംബന്ധിച്ച നിലപാടിന്റെ കാര്യത്തിലായാലും. ട്രംപിന്റെ അഭിസംബോധന ഒരര്‍ത്ഥത്തില്‍ ഇന്ത്യക്കുള്ള കൃത്യമായ മുന്നറിയിപ്പ് കൂടിയാണ്. ഭീകരവാദത്തെ തുടച്ചുനീക്കുമെന്ന് പറയുന്ന ട്രംപ്, തന്റെ അഭിസംബോധനയില്‍ പാക്കിസ്ഥാനെ പരാമര്‍ശിച്ചിട്ടേയില്ല. ഇതില്‍ നിന്ന് വ്യക്തമാകുന്നത് അമേരിക്കയെ സുരക്ഷിതമാക്കിക്കൊണ്ട് ലോകമെമ്പാടും യുദ്ധം വിതച്ച് നേട്ടം കൊയ്യുക എന്നതാണ്. നിര്‍മാതാക്കളുടെ രാജ്യം എന്നാണ് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങിന്റെ (Empire State Building)  ചുരുങ്ങിയ സമയത്തിനുള്ളിലെ നിര്‍മാണത്തെ ഉദ്ധരിച്ചുകൊണ്ട് ട്രംപ് അമേരിക്കയെ വിശേഷിപ്പിച്ചത്. ഒരുപക്ഷേ തന്റെ ജീവിതത്തിലെ റിയല്‍ എസ്റ്റേറ്റ് അനുഭവം കൊണ്ടായിരിക്കാം ട്രംപ് അതിന് പ്രത്യേക പ്രാധാന്യം നല്‍കാന്‍ ഇടയായത്. ആ നിര്‍മാണ സംസ്‌കാരത്തെ പുനരുദ്ധരിപ്പിക്കുന്നതിനാണ് ട്രംപ് കൊടുക്കുന്ന മറ്റൊരു മുന്തിയ പ്രാധാന്യം.

 

 

കാലത്തിന്റെ മാറ്റത്തെ അറിയാതെ നീങ്ങുന്ന ഒരു വ്യക്തിയുടെ കാഴ്ചപ്പാട് പോലെയാണ് ട്രംപിന്റെ ആ ഊന്നല്‍ പ്രതിധ്വനിച്ചത്. വ്യവസായിക വിപ്ലവകാലത്തെ കേന്ദ്രീകൃത  നഗര സംസ്‌കാരത്തിന്റെ ഭാഗമായിട്ടാണ് എംപയര്‍ സ്റ്റേറ്റ് മന്ദിരം പോലെയുള്ള അംബരചുംബികള്‍ ഉയര്‍ന്ന് വന്നത്. വര്‍ത്തമാനകാല ഡിജിറ്റല്‍ യുഗത്തില്‍ കല്‍പ്പിത ലോകം(virtual world) ലോകത്തെ നിയന്ത്രിക്കുമ്പോള്‍ അംബരചുംബികളായ സമുച്ഛയങ്ങള്‍ അപ്രസക്തമാകുന്നു. വ്യക്തി എവിടെയാണോ നില്‍ക്കുന്നത് അവിടം ലോകത്തിന്റെ കേന്ദ്രമാകുന്ന അവസ്ഥയാണ് ഈ നൂറ്റാണ്ടിന്റെ മുഖമുദ്ര. ഈ ബോധത്തിന്റെ നിഴലാട്ടം പോലും ട്രംപിന്റെ ജിങ്കോയിസ പ്രഭാഷണത്തില്‍ നിഴലിച്ചില്ല. ഇത് മനസ്സിലാക്കി നയങ്ങളില്‍ മാറ്റം വരുത്തി അവസരങ്ങളെ അനുകൂലമാക്കേണ്ട വെല്ലുവിളിയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. എന്നാല്‍ ലാവോസിലെ ഉച്ചകോടിയില്‍ മുഴങ്ങിക്കേട്ട പ്രധാനമന്ത്രിയുടെ ശബ്ദത്തില്‍ ആ രീതിയിലുള്ള ദിശാസൂചകനകല്‍ കണ്ടെത്താന്‍ കഴിയുന്നില്ല. ധാരാളം മലയാളികള്‍ അമേരിക്കയില്‍ ഉള്ളതിനാലും അതിനേക്കാള്‍ ഏറെ ആള്‍ക്കാര്‍ അവിടേക്ക് പോകാന്‍ ഒരുങ്ങുന്നതിനാലും ഓരോ മലയാളിയും കേരളസര്‍ക്കാരും ട്രംപിന്റെ ഈ അഭിസംബോധന സശ്രദ്ധം പഠിക്കുകയും ഉചിതമായ രീതിയില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുമാണ്.

 

Tags: