സ്റ്റീഫന്‍ ഹോക്കിംഗ് എന്ന ഊര്‍ജ്ജസ്രോതസ്സ്

Glint staff
Wed, 14-03-2018 05:06:52 PM ;

stephen hawking

എഴുപത്തിയാറാമത്തെ വയസ്സില്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഭൗതിക ലോകത്തോട് വിടപറയുമ്പോള്‍ അവശേഷിപ്പിക്കുന്നു, അദ്ദേഹം പറയാതെ പറഞ്ഞു വച്ച സത്യം. ജീവിച്ചിരിക്കുമ്പോള്‍ തന്നെ സ്റ്റീഫന്‍ ഹോക്കിംഗ് ഭൗതികശാസ്ത്ര നിരീക്ഷണങ്ങളുടെ ഉദാഹരണമായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തില്‍ വെറുമൊരു ചലനം മാത്രമാണ് അവശേഷിച്ചിരുന്നത്. ആ അവശേഷിപ്പൊഴികെ ഭൗതിക ലോകത്തിന്റെ മറ്റ് രഹസ്യങ്ങള്‍ മുഴുവന്‍ അനാവരണം ചെയ്യുന്നതിന് അദ്ദേഹത്തിന്റെ അചേതനമായ ഭൗതിക ശരീരത്തിലെ ഭൗതികേതര സാന്നിധ്യം വ്യാപൃതമായിരുന്നു. അപ്പോഴും അദ്ദേഹം ഭൗതികേതര ലോകത്തിന്റെ ദര്‍ശന സങ്കേതങ്ങളിലേക്ക് പോകാന്‍ തയ്യാറായിരുന്നില്ല. അത് അദ്ദേഹത്തിന്റെ ബോധ്യവുമായി ബന്ധപ്പെട്ടു കിടന്നതാണ്. ഈ ഭൗതിക ലോകം വളരെ കൃത്യമായ ഒരു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരിണമിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് അദ്ദേഹം വിശ്വസിച്ചത്. അത് ഭാരതീയ ദര്‍ശനത്തിനോട് അതിര്‍വരമ്പ് കാണാത്തവിധം ചേര്‍ന്ന് നില്‍ക്കുന്നതായിരുന്നു. എന്നാല്‍ അതനെ സ്റ്റീഫന്‍ ഹോക്കിംഗ് അംഗീകരിച്ചിരുന്നില്ല.

 

ഭാരതീയ ദര്‍ശനത്തിന്റെ ഒരു മകുട ഉദാഹരണം കൂടിയായിരുന്നു ജീവിച്ചിരുന്ന സ്റ്റീഫന്‍ ഹോക്കിംഗ്. മലവും എലുമ്പുമായ ജഡമാണ് ശരീരം എന്നാണ് ഭാരതീയ ദര്‍ശനം ഉത്‌ഘോഷിക്കുന്നത്. ആ ജഡാവസ്ഥയായി ജീവിച്ചിരുന്ന ഹോക്കിംഗിന്റെ ശരീരത്തില്‍ ഒരു തുടിപ്പ് മാത്രമാണ് അവശേഷിച്ചിരുന്നത്. ആ തുടിപ്പിനെയാണ് ജഡമാകുന്ന ക്ഷേത്ത്രിനുള്ളിലെ ക്ഷേത്രജ്ഞനായി, സമഷ്ടിയുടെ വ്യഷ്ടി രൂപമായി ഭാരതം ദര്‍ശിച്ചത്. അതിലാണ് ഭാരതം ശക്തിയെയും കണ്ടത്. ആ ശക്തിയാണ് ഒരു തുടിപ്പുകൊണ്ട് മാത്രം വെറും 22 വയസ്സ് മതല്‍  76 വയസ്സുവരെ ലോകത്തെ ശാസ്ത്ര ബോധത്തെ നയിച്ചുകൊണ്ടും പുതിയ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടും നായക സ്ഥാനത്ത് ഉണ്ടായിരുന്നത്.

 

ഭൗതിക മുന്നേറ്റത്തില്‍ മതിമറന്നിരിക്കുന്ന വര്‍ത്തമാന ലോകത്തിന്‌ എന്താണ് ശക്തി എന്ന് തെളിയിച്ചു കൊടുക്കുന്ന ഉദാഹരണ ജീവിതമായിരുന്നു കാലത്തിന്റെ ലഖു ചരിത്രകാരനായ സ്റ്റീഫന്‍ ഹോക്കിംഗിന്റേത്. ഒരു ജലദോഷം വന്നാല്‍ വിഷാദത്തിലേക്ക് നീങ്ങിപ്പോകുന്ന സര്‍വ വിധ സൗകര്യങ്ങളും ആസ്വദിക്കുന്ന ശരാശരി മനുഷ്യന്‍ സ്റ്റീഫന്‍ ഹോക്കിംഗിനെ ശാസ്ത്രജ്ഞനായി പോലും കാണേണ്ടതില്ല, മറിച്ച് പ്രതിസന്ധി ഘട്ടങ്ങളില്‍ ഊര്‍ജ്ജ സ്രോതസ്സായി വെളിച്ചം പകര്‍ന്നുകൊണ്ട് ഹോക്കിംഗ് എക്കാലത്തും ജീവിക്കും.

 

ഇരുപത്തിരണ്ടാമത്തെ വയസ്സുമുതല്‍ 'മോട്ടോര്‍ ന്യൂറോണ്‍' രോഗം ബാധിച്ച് ചലന ശേഷിയറ്റ സ്റ്റീഫന്‍ ഹോക്കിംഗ് വോയിസ് സിന്തസൈസറിലൂടെയാണ് സംസാരിച്ചുകൊണ്ടിരുന്നത്. ഏറ്റവും ദൃഢഗാത്രമായ ശരീരത്തില്‍ ശേഷിക്കുന്ന വിധം ആരോഗ്യകരമായ മനസ്സിന്റെയും ബുദ്ധിയുടെയും വെളിച്ചത്തിലാണ് അദ്ദേഹം പ്രപഞ്ച ചിന്തന പ്രക്രിയയില്‍ ഏര്‍പ്പെട്ടിരുന്നത്. അതാകട്ടെ പലപ്പോഴും നര്‍മത്തെ കൂട്ടുപിടിച്ചും. ഒടുവില്‍ സ്‌പേസ്‌ ഷട്ടിലില്‍ ബഹിരാകാശത്തേക്ക് പോകാനുള്ള തയ്യാറെടുപ്പ് പോലും അദ്ദേഹം നടത്തുകയുണ്ടായി. ഇതെല്ലാം ചെറിയ കുട്ടിക്ക്‌ മുതല്‍ വാര്‍ദ്ധക്യത്തിന്റെ ചില്ലറ അലോരസം ബാധിച്ചവര്‍ക്ക് വരെ പ്രചോദനമാണ്.

 

ഭൗതിക ശാസ്ത്രത്തിന് അദ്ദേഹം നല്‍കിയ ഏറ്റവും വലിയ സംഭാവനയാണ് അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഹോക്കിംഗ് റേഡിയേഷന്‍. തമോഗര്‍ത്തങ്ങള്‍ ഊര്‍ജ്ജം ചോര്‍ത്തി അവ ശൂന്യതയിലേക്ക് മറയുന്നു എന്നതായിരുന്നു ഹോക്കിംഗ് റേഡിയേഷനിലൂടെ അദ്ദേഹം സമര്‍ത്ഥിച്ചത്. ഭൗതികമായി ഹോക്കിംഗ് വിടവാങ്ങിയെങ്കിലും ശാസ്ത്രലോകത്തിനും ശരാശരി മനുഷ്യനും എന്നും ഒരു പ്രചോദന സ്രോതസ്സായി അദ്ദേഹം നിലനില്‍ക്കും. ശേഷിയില്ല എന്ന് പരാതി പറയുന്ന മനുഷ്യര്‍ക്ക് ശേഷിയുടെ ഊര്‍ജ്ജം കണ്ടെത്താനുള്ള ഉറവിടമായും. എല്ലാത്തിനുമുപരി ജീവിതം എത്ര മനോഹരമായിരുന്നു എന്ന് സഹജീവികളെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയാര്‍ന്ന മുഖഭാവത്തോടെയുളള ഹോക്കിംഗ്, തന്റെ ഇനി ഉപയോഗിക്കാന്‍ പറ്റാത്ത  'വസ്ത്രമായ' ശരീരത്തെ ഉപേക്ഷിച്ചിരിക്കുന്നത്.

 

Tags: