പാര്‍ട്ടി കോണ്‍ഗ്രസിലൂടെ സി.പി.എമ്മിന്റെ പതിവ് ശൈലിയില്‍ നിന്ന് വ്യതിയാനം. അതാകട്ടെ കാലം ഏല്‍പ്പിച്ച സമ്മര്‍ദ്ദത്തിന്റെ പ്രതിഫലനവും. പാര്‍ട്ടിക്ക് അകത്തുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മൊബൈല്‍ യുഗം വരുന്നതുവരെ പുറത്തേക്കെറിഞ്ഞിരുന്നില്ല. മൊബൈല്‍ യുഗം ആരംഭിച്ചതോടെ അകത്തെ പോര് അങ്ങാടിയിലായി. എന്നാല്‍ അത്തരം വാര്‍ത്തകളെല്ലാം നിരുപാധികം അവാസ്തവമെന്ന് പ്രഖ്യാപിക്കുകയായിരുന്നു ഇതുവരെ ഉണ്ടായിരുന്ന പാര്‍ട്ടി നയം. ഒടുവില്‍ അത്തരം ഉല്‍ ഭിന്നതകള്‍ ഏതെങ്കിലും തീരുമാനത്തിലെത്തുമ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പത്രസമ്മേളനത്തിലൂടെ അത് പ്രഖ്യാപിക്കുകയായിരുന്നു പതിവ്.
ഈ കീഴ് വഴക്കമെല്ലാം മാറ്റി മറച്ചുകൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ തന്നെ നിലവിലുള്ള ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും മുന്‍ ജനറല്‍ സെക്രട്ടറിയും പി,ബി അംഗവുമായ പ്രകാശ് കാരാട്ടും പരസ്യ പ്രതികരണവുമായി മാധ്യമങ്ങളെ അഭിമുഖീകരിച്ചത്. ഇത് പാര്‍ട്ടി ഇതുവരെ തുടര്‍ന്നിരുന്നു നയത്തിന് വിരുദ്ധമാണ്. അതോടൊപ്പം സുതാര്യതയുടെ ഒരു രശ്മി പാര്‍ട്ടിലേക്ക് പ്രവേശിച്ചതിന്റെ ലക്ഷണവും അതിലൂടെ കാണാം.