ഒടുവിലിതാ ഗൂഗിളും നാരദ മഹര്‍ഷിയും

Glint Staff
Mon, 30-04-2018 04:31:32 PM ;

narada-google-vijay-rupani

ഭാരത സംസ്‌കാരത്തിന്റെ മുഖമുദ്ര അതിന്റെ ചരിത്രപരമായ പൗരാണികതയല്ല. ഭൂതകാലവുമല്ല. എന്നാല്‍ അത്‌ ഭൂതകാലത്തില്‍ ഉടലെടുത്തതാണ്‌. അതിന്റെ സത്ത എന്നത് വര്‍ത്തമാനവുമാണ്. വര്‍ത്തമാനത്തില്‍ മനുഷ്യ മനസ്സിന്  സാധ്യമാകുന്ന അതിരുകളില്ലാത്ത ശേഷിയെ ഉദ്ദീപിപ്പിക്കുന്നതിലാണ് ആ സംസ്‌കാരത്തിന്റെ നിലനില്‍പ്. അത് ഇവിടെ ഈ നിമിഷത്തില്‍ സാധ്യമാക്കുമ്പോഴാണ് ഭാരതീയ സംസ്‌കാരം പ്രസക്തമാകുന്നത്.

 

ഭാരതീയ സംസ്‌കാരത്തിന്റെ വ്യാഖ്യാന സങ്കേതങ്ങളായ ഐതീഹ്യങ്ങളും അവയുടെ സത്ത പേറുന്ന ചിഹ്നങ്ങളും യഥേഷ്ടമാണ്. അവയെ ഭൂതകാലവുമായി ബന്ധപ്പെടുത്തി അവയുടെ സത്തയെ തിരിച്ചറിയാതെ വരുമ്പോഴാണ് അബദ്ധജടിലങ്ങളായ പലതും പലരും ഉദ്ഘോഷിക്കുന്നത്. അത്തരം വെളിപാടുകള്‍ ധാരാളം വന്നുകൊണ്ടിരിക്കുന്ന സമയമാണിത്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ ഗൂഗിള്‍ -നാരദ താരതമ്യം. ഗൂഗിളിനെ പറ്റിയും അറിയില്ല നാരദ മഹര്‍ഷിയെ പറ്റിയും അറിയില്ല എന്നതാണ് വിജയ് രൂപാണിയുടെ പ്രസ്താവന വെളിപ്പെടുന്നത്. അറിവുകളുടെ ശേഖരമായിരുന്നില്ല മഹാ ഋഷിയായ നാരദന്‍. നാരദന്‍ ജ്ഞാനത്തിന്റെ പ്രകടനമായിരുന്നു. എന്നാല്‍ ഗൂഗിള്‍ നിലവില്‍ വസ്തുതകളുടെ ശേഖരമാണ് . വസ്തുതകളും ജ്ഞാനവും തമ്മിലുള്ള വ്യത്യാസം അറിയാത്തതുകൊണ്ടാണ് വിജയ് രൂപാണി ഈ താരതമ്യം നടത്തിയിരിക്കുന്നത്. നാരദ മഹര്‍ഷിക്ക് ആ ജ്ഞാനത്തിന്റെ സൗപര്‍ണികയില്‍ എന്തെല്ലാം സാധ്യമായിരുന്നുവോ അതെല്ലാം ജാതി, മത, കുല, ദേശ ഭേദമന്യേ ഏത് വ്യക്തിക്കും പ്രാപ്യമാണ് എന്ന ഉദ്ഘോഷമാണ് ഭാരതീയ സംസ്‌കാരത്തിന്റെ അടിസ്ഥാനം.

 

 

ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിന് ഇന്റര്‍നെറ്റ് ലോകത്തെ പുതിയ ചലനങ്ങള്‍ പോലും അറിയാത്തതുകൊണ്ടാണ് മഹാഭാരത കാലത്തും ഇന്റര്‍നെറ്റ് ഉണ്ടായിരുന്നെന് അടുത്ത കാലത്ത് വിളമ്പിയത്. വേണമെങ്കില്‍ ബിപ്ലബ് കുമാറിന് ഇന്റര്‍നെറ്റ് ലോകത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സംഭവ്യമാക്കുന്ന മാറ്റങ്ങളെ ഭാരതീയ സംസ്‌കാരവുമായി താരതമ്യം ചെയ്യാമായിരുന്നു. അതുപോലും അദ്ദേഹത്തിന് തിട്ടമില്ലാത്തതുകൊണ്ടാണ് ഇങ്ങനെയുള്ള വെളിപാടുകള്‍ നടത്തേണ്ടി വരുന്നത്.

 

 

ഭാരതീയ സംസ്‌കാരത്തെ വാക്കിലും  നോട്ടത്തിലും ഉയര്‍ത്തിപ്പിടിക്കുന്നു എന്ന് അവകാശപ്പെടുന്നവര്‍, അതേപ്പറ്റി സംസാരിക്കുമ്പോള്‍ അതിന്റെ ബാലപാഠമെങ്കിലും അറിഞ്ഞിരിക്കേണ്ടത് ആവശ്യം മര്യാദയാണ്. ഇത്തരം പ്രസ്താവനകള്‍  നടത്തുമ്പോള്‍ അവരെ വിമര്‍ശിക്കുന്നവര്‍ക്കും ഭാരതീയ സംസ്‌കൃതിയുടെ ബാലപാഠം അറിയില്ല. ഈ അറിവില്ലായ്മയാണ് പരിഹാസ രൂപേണ ഇവര്‍ക്കെതിരിയുളള വിമര്‍ശനമായി പരിണമിക്കുന്നത്. ഒരര്‍ത്ഥത്തില്‍ അതാണ് ഇത്തരം വെളിപാടുകാര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കുന്നത്.

 

Tags: