അദ്ധ്യയന വര്‍ഷങ്ങള്‍ അപകടരഹിതമാകണം

Glint Staff
Thu, 07-06-2018 06:15:02 PM ;

school-bus-accident

എല്ലാ വര്‍ഷത്തെയും പോലെ ഇക്കഴിഞ്ഞ ജൂണ്‍ ഒന്നിന് കേരളത്തില്‍ പുതിയൊരു അദ്ധ്യയന വര്‍ഷത്തിന് തുടക്കമായി. പ്രവേശനോത്സവവും പഠനോപകരണ വിതരണവുമൊക്കെയായി കുട്ടികളും, അദ്ധ്യാപകരും, രക്ഷിതാക്കളും, സര്‍ക്കാരും, മാധ്യമങ്ങളും എല്ലാം സ്‌കൂള്‍ തുറപ്പിനെ ആഘോഷമാക്കി. ഇതുവരെ നല്ലവാര്‍ത്തകള്‍ മാത്രം. എന്നാല്‍ കഴിഞ്ഞ കുറേ കൊല്ലത്തെ കാര്യമെടുത്താല്‍ അദ്ധ്യയന വര്‍ഷാരംഭത്തിന് പിന്നാലെ അപകട വാര്‍ത്തകളും വരാറുണ്ട്. സ്‌കൂള്‍ വാഹനങ്ങളുടെ അപകടം.

 

സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് മോട്ടോര്‍ വാഹന വകുപ്പ് കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍  പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ക്ലാസ്സും പരിശീലനവും സംഘടിപ്പിച്ചു വരുന്നു. ഇത്രയധികം മുന്‍കരുതലുകള്‍ എടുത്തിട്ടും ഒരദ്ധ്യയന വര്‍ഷം പോലും അപകട രഹിതമായി കടന്നു പോകാറില്ല. അതില്‍ നിന്ന് വ്യക്തമാകുന്നത് ഈ പരിശോധനകളും മറ്റും പ്രഹസനത്തിനപ്പുറമായി ഫലം നല്‍കുന്നില്ല എന്നതാണ്‌. അപകടത്തില്‍പ്പെടുന്ന സ്‌കൂള്‍ വാഹനങ്ങളുടെ കാര്യമെടുത്ത് പരിശോധിച്ചാല്‍ അപകടകാരണമായി തെളിയുന്നത്‌ വാഹനത്തിന്റെ പഴക്കമോ സ്പീഡ് ഗവര്‍ണര്‍ പോലുള്ള നിയന്ത്രണ സംവിധാനങ്ങളുടെ പ്രവര്‍ത്തന രാഹിത്യമോ ആയിരിക്കും.

 

ഇവിടെ പ്രകടമാകുന്നത് വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന മാനദണ്ഡങ്ങളുടെ പരാജയമാണ്. വാഹനങ്ങള്‍ പുറമെ നിന്ന് നോക്കുമ്പോള്‍ തെറ്റില്ല എന്ന ധാരണ സൃഷ്ടിക്കും വിധമുള്ള പെയിന്റടിമാത്രമാണ് വര്‍ഷാവര്‍ഷം ടെസ്റ്റ് എന്ന പേരില്‍ നാട്ടില്‍ നടക്കുന്നത്. മറ്റെല്ലാ വാഹനങ്ങളുടെയും കാര്യം ഇതു തന്നെ. പല ആര്‍.ടി.ഒ മാരും  ഒന്ന് സ്റ്റാര്‍ട്ട് ചെയ്ത് നോക്കുക പോലും ചെയ്യാതെയാണ് വാഹനങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കുന്നത്.

 

പല സ്‌കൂളുകളും അമ്പത് വയസ്സിന് മുകളില്‍ പ്രായമുള്ള ആളുകളെയാണ് ഡ്രൈവര്‍മാരായി നിശ്ചയിക്കുന്നത്. അവര്‍ക്ക് പരിചയസമ്പത്തും പക്വതയും ഉണ്ടെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ പ്രായാധിക്യം അവര്‍ ചെയ്യുന്ന ജോലിയുടെ കൃത്യതയെ കുറയ്ക്കും എന്നും കാണണം.മാത്രമല്ല സ്‌കൂള്‍ ബസുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തേണ്ടതില്‍ മാതാപിതാക്കള്‍ക്ക് യാതൊരു ഉത്തര വാദിത്വവുമില്ലെന്ന സ്ഥിതിയാണ് നിലവിലുള്ളത്. അതാത് സ്‌കൂളുകളിലെ രക്ഷകര്‍ത്താക്കളെ ഉള്‍പ്പെടുത്തി ഒരു സമിതി രൂപികരിച്ച് ബസുകളെ നിലവാര പരിശോധനയ്ക്ക് വിധേയമാക്കാവുന്നതാണ്.

 

ഔദ്യോഗിക സ്‌കൂള്‍ വാഹനങ്ങളെക്കാള്‍ അപകടകരമാണ് അനൗദ്യോഗിക സ്‌കൂള്‍ വാഹനങ്ങളുടെ സര്‍വീസ്. വലിയ സാമ്പത്തികവും സാഹചര്യവുമില്ലാത്ത മാതാപിതാക്കള്‍ സ്വകാര്യ ബസിലെ ജീവനക്കാരുടെ പെരുമാറ്റത്തെ ഓര്‍ത്ത്, തങ്ങളുടെ കുട്ടികളെ സ്‌കൂളിലയക്കാന്‍ സ്‌കൂള്‍ ബസുകള്‍ക്ക് ബദല്‍ എന്നോണം കണ്ടെത്തിയിരിക്കുന്ന മാര്‍ഗമാണ് ഓട്ടോറിക്ഷകളും മറ്റ് ചെറു വാഹനങ്ങളും. തങ്ങളുടെ മക്കളുടെ സുരക്ഷയെ കരുതിയാണ് പലരും ഇത്തരം സംവിധാനങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഈ ഓട്ടോറിക്ഷകളിലും മറ്റും അനുവദനീയമായ യാത്രക്കാരുടെ എത്രയോ കൂടുതല്‍ കുട്ടികളെയാണ് കയറ്റിക്കൊണ്ടു പോകുന്നത്. ഓട്ടോ ഡ്രൈവറുടെ ഇരുവശത്തും മടിയിലും വരെ കുട്ടികളെ ഇരുത്തിയും നിര്‍ത്തിയും കൊണ്ടുപോകുന്ന കാഴ്ച വിരളമല്ല.

 

ഒരു അപകടം നടക്കുമ്പോള്‍ അതിനടുത്ത ദിവസങ്ങില്‍ വലിയ ചര്‍ച്ചയാകും, മാധ്യമങ്ങള്‍ വാര്‍ത്തയാക്കും, അധികാരികള്‍ താത്ക്കാലിക പരിഹാരമെന്ന നിലയില്‍ ചില നടപടികളും പരിശോധനകളും എല്ലാം നടത്തും. പിന്നീട് വീണ്ടും പഴയപടിപോലെ തന്നെയാകും കാര്യങ്ങള്‍. ഒന്നോര്‍ക്കുക ഓരോ സ്‌കൂള്‍ വാഹനങ്ങളും വഹിക്കുന്നത് വിദ്യാര്‍ത്ഥികളെയാണ്, നാളത്തെ പൗരന്മാരെയാണ്, ഒരുപാട് പേരുടെ പ്രതീക്ഷയെയാണ്.

 

 

Tags: