മോഹന്‍ലാലിനെ ഒഴിവാക്കാനുള്ള ആവശ്യവും താലിബാനിസ ശൈലി തന്നെ

Glint staff
Mon, 23-07-2018 09:17:18 PM ;

Mohanlal

മോഹന്‍ലാല്‍ ആദരണീയനാകുന്നത് അദ്ദേഹത്തിന്റെ അഭിനയശേഷിയുടെ സര്‍ഗ്ഗ വൈഭവത്തിലൂടെ മലയാളിയുടെ ആസ്വാദന തലത്തെ ഉയര്‍ത്തിയതിന്റെ പേരിലാണ്. ഇന്ന് ലോക സിനിമയിലുള്ള ഏറ്റവും സര്‍ഗ്ഗ ധനന്മാരായ നടന്മാരിലൊരാള്‍ തന്നെയാണ് മോഹന്‍ലാല്‍. തന്റെ യൗവ്വനാംരംഭം മുതല്‍ ഇതുവരെയുള്ള ജീവിതകാലം അഭിനയത്തിന് വേണ്ടി മാറ്റിവച്ച വ്യക്തിയാണ് അദ്ദേഹം. ഒരു മേഖലയില്‍ ഒരു വ്യക്തി കൈവരിക്കുന്ന അസാമാന്യ പ്രതിഭാമികവിന് അയാള്‍ ഒട്ടേറെ സമര്‍പ്പണങ്ങളും ത്യാഗങ്ങളും നടത്തേണ്ടി വരും. കേരളത്തിലെ പൈങ്കിളി മാധ്യമങ്ങളാണ് ആണവ വിസ്‌ഫോടനം തുടങ്ങി അന്താരാഷ്ട്ര സംഭവങ്ങള്‍ വരെയുള്ള കാര്യങ്ങളില്‍ നടീനടന്മാരുടെ അഭിപ്രായം വായില്‍ തിരുകലിലൂടെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയെ ജൈവകൃഷിയുടെ അപ്പോസ്തലനായി ഉയര്‍ത്തിക്കാട്ടിയത് പോലെ. കുറച്ച് കഴിഞ്ഞപ്പോള്‍ മമ്മൂട്ടിക്ക് തന്നെ തോന്നി താനൊരു മഹാ സംഭവമാണെന്ന്. അതാണ് ഒരിക്കല്‍ ആല്‍ മരം കൊണ്ടുവന്നപ്പോള്‍ അത് നടില്ലെന്ന് മമ്മൂട്ടി ആക്രോശിച്ചതും, അതിലുറച്ച് നിന്നതും. അതേപോലെ മോഹന്‍ലാലിനെയും അവസരത്തിലും അനവസരത്തിലും ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ അമാനുഷിക തലത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്.

 

മലയാളത്തിലുള്ള ശരാശരി നടന്മാര്‍പോലും സര്‍ഗ്ഗ വൈഭവംകൊണ്ട് ഔന്നത്യം പുലര്‍ത്തുന്നവരാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ സിനിമയുമായി ബന്ധപ്പെട്ട് നടക്കുന്ന ഏത് മുഖ്യധാരാ സംരംഭമാണെങ്കിലും മോഹന്‍ലാലും മമ്മൂട്ടിയും മാറ്റിനിര്‍ത്തപ്പെടുന്നത് മലയാള സിനിമയ്ക്ക് ഭൂഷണമല്ല. സിനിമയില്‍ എത്രതന്നെ ട്രിക്കുകളും അനഭിലഷണീയമായ രീതികളും ഉണ്ടെങ്കിലും, മോഹന്‍ലാല്‍ ഇന്നും മലയാള സിനിമയില്‍ പ്രാമുഖ്യത്തോടെ തുടരുന്നത് അദ്ദേഹത്തിന്റെ കഴിവ് മാറ്റുറയ്ക്കപ്പെടുന്നതിനാല്‍ തന്നെയാണ്. മമ്മൂട്ടി ഇപ്പോഴും രംഗത്ത് നിന്ന് ഒഴിവാകാതെ നില്‍ക്കുന്നതും അതുകൊണ്ട്  തന്നെ. ഇതൊക്കെ വസ്തുതകളാണ്.

 

സമൂഹത്തില്‍ കാണുന്ന എല്ലാ തിന്മകളും സിനിമാ ലോകത്തുണ്ട്. ചിലപ്പോള്‍ അതിന്റെ തോതില്‍ വ്യത്യാസമുണ്ടേയേക്കാം. അതിനാല്‍ ഒറ്റയടിയ്ക്ക് മോഹന്‍ലാലിനെയോ മമ്മൂട്ടിയെയോ മാറ്റിനിര്‍ത്തിക്കൊണ്ട് മലയാള സിനിമയെയും സമൂഹത്തെയും ശുദ്ധീകരിക്കാമെന്ന് ഏതെങ്കിലും മനസ്സുകളില്‍ തോന്നുന്നു എങ്കില്‍ അത് താലിബാനിസത്തിന്റെ  ലക്ഷണമാണ്. തങ്ങള്‍ക്ക് സ്വീകാര്യമല്ലാത്തവരെ ബഹിഷ്‌കരിക്കുക, ഇല്ലായ്മ ചെയ്യുക എന്നതാണ് താലിബാനിസത്തിന്റെ ലക്ഷണം. അത്, നോവല്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു വിഭാഗത്തെ ചൊടിപ്പിച്ച്, ഒടുവില്‍ ആ നോവല്‍ പിന്‍വലിക്കേണ്ടി വരുമ്പോഴും താലിബാനിസം തന്നെയാണ് സംഭവിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നുകൊണ്ടിരുന്ന മീശയെന്ന നോവല്‍ പിന്‍വലിക്കപ്പെട്ടത് കേരളത്തിലെ ഏറ്റവുമൊടുവിലത്തേതിന് മുന്നിലത്തെ താലിബാനിസത്തിന്റെ ഉദാഹരണമാണ്.

 

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി തീരുമാനിച്ചത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് 105 പേര്‍ ഒപ്പിട്ട് മുഖ്യമന്ത്രിക്ക് ഹര്‍ജി നല്‍കിയിരിക്കുന്നു. തങ്ങള്‍ക്കിഷ്ടമില്ലാത്തതിന്റെ പേരില്‍ മോഹന്‍ലാലിനെ ഒഴിവാക്കണമെന്നാണ് ആവശ്യം. ന്യായീകരണമായി, നടി ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് താരസംഘടനയും ഭാരവാഹികളും സ്വീകരിച്ച നിലപാടുകളും ദിലീപിനെ തിരിച്ചെടുത്തതുമൊക്കെയാണ് പറയുന്നത്‌. മൂന്ന് കോടി മുപ്പത് ലക്ഷം കേരളീയരുടെ ജനായത്ത സര്‍ക്കാരണ് കേരളത്തിലുള്ളത്. ആ സംവിധാനമാണ് കേരളത്തിലെ എക്കാലത്തെയും സര്‍ഗ്ഗ ധനനായ നടനെ ചലച്ചിത്ര പുരസ്‌കാര വിതരണച്ചടങ്ങല്‍ മുഖ്യാതിഥിയായി ക്ഷണിച്ചത്. ആ തീരുമാനം മാറ്റണമെന്ന്, മാധ്യമ സാന്നിധ്യത്തിലൂടെ മാത്രം പ്രവര്‍ത്തന ക്ഷമമാകുന്ന ബുദ്ധിജീവിക്കൂട്ടായ്മ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഈ പുരോഗമന ബുദ്ധിജീവി കൂട്ടായ്മകള്‍ കാണിച്ചുകൊടുക്കുന്ന താലിബാനിസ ശീലമാണ് മറ്റുള്ളവരും കേരളത്തില്‍ മാതൃകയാക്കുന്നത്.

 

നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടനയും, ഏറ്റവുമൊടുവില്‍ അതിന്റെ നിലവിലെ പ്രസിഡന്റുമായ മോഹന്‍ലാലുമൊക്കെയെടുത്ത നിലപാട് തികച്ചും സാമാന്യയുക്തിക്കും നീതിക്കും നിരക്കാത്തത് തന്നെയാണ്. അതിന്റെ കാരണം ബൗദ്ധിക നിലവാരമോ സാമൂഹ്യ ശാസ്ത്രബോദ്ധമോ ഉള്ളവരാല്‍ നയിക്കപ്പെടുന്ന സംഘടനയൊന്നുമല്ല താരസംഘടന എന്നതാണ്. അവരുടെ മേഖലയും അതല്ല. ആ നിലയ്ക്ക് അവരില്‍ നിന്ന് അത്രയൊക്കെമാത്രമേ പ്രതീക്ഷിക്കാനും വകയുള്ളൂ. എന്നാല്‍ അതിന്റെ പേരില്‍ അവരുടെ കഴിവുകളെയും സംഭാവനകളെയും ഒരു സമൂഹമെന്ന നിലയില്‍ കേരളം മറക്കരുത്. അങ്ങനെ സമചിത്തതയോടെ കാര്യങ്ങളെ കാണാന്‍ കഴിയാതെ വൈകാരികാന്ധ്യത്തില്‍, തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം മുന്‍നിര്‍ത്തി തീരുമാനമെടുക്കുകയും പ്രവര്‍ത്തികയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണ് താലിബാനിസം. പുരോഗമനവാദികളും ബുദ്ധിജീവികളും  ഈ വഴിയെ നീങ്ങുമ്പോള്‍ മതവര്‍ഗീയ വിഭാഗങ്ങള്‍ അതേ വഴിക്ക് നീങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

 

 

Tags: