Skip to main content

kerala-floods
മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് (അതീവ ജാഗ്രത) പ്രഖ്യാപിച്ചു. പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ കൂടുതല്‍ കേന്ദ്ര സേനയെ ആവശ്യപ്പെടാനും കളക്ടര്‍മാരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയോഗിക്കാനും മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി.

 

രണ്ട് ദിവസമായി സംസ്ഥാനത്ത് നിര്‍ത്താതെ പെയ്യുന്ന മഴയില്‍ 17 പേരാണ് മരിച്ചത്. ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 33 അണക്കെട്ടുകള്‍ തുറന്നു. സംസ്ഥാനത്തെ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ദ്ധനയുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടും നിറയുകയാണ്.

 

ഇടമയാറില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിട്ടതോടെ പെരിയറിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. പെരുമ്പാവൂര്‍, ആലുവ, കാലടി പ്രദേശങ്ങളിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലാണ്. നേര്യമംഗലം മുതല്‍ മൂന്നാര്‍ വരെയുള്ള റോഡില്‍ 27 ഇടങ്ങളില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. മൂന്നാറിലെ ഏകദേശം എല്ലാ പ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലാണ്.