ചെറുതോണിയിലെ ഉരുളന്‍ കല്ലുകള്‍ പറഞ്ഞത്

അമല്‍ കെ.വി
Fri, 14-09-2018 03:26:07 PM ;

Cheruthoni after flood

 

(ഇടുക്കിയിലെ പ്രളയബാധിത പ്രദേശങ്ങളിലേക്ക് നടത്തിയ യാത്രയില്‍ നിന്ന്)

കേരളത്തിലെ മഹാപ്രളയത്തിന്റെ പ്രതീകമാണ് ചെറുതോണി. ഒരു വന്‍ദുരന്തം ബാക്കിയാക്കുന്ന നിരവധി അവശേഷിപ്പുകള്‍ ചെറുതോണിയില്‍ കാണാം. അതുകൊണ്ടാകാം ഇടുക്കി അണക്കെട്ടിനെ അവഗണിച്ച് കാഴ്ചക്കാര്‍ ചെറുതോണിയെ മാത്രം തേടിയെത്തുന്നത്. പ്രളയത്തെ അതിജീവിച്ച ചെറുതോണി പാലത്തിന്റെ കാര്യം പലരും പറഞ്ഞ് വച്ചിട്ടുണ്ട്. എങ്കിലും അതിനുമപ്പുറം എന്നെ ആകര്‍ഷിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തത് വെള്ളപ്പാച്ചിലില്‍ എവിടെ നിന്നൊക്കെയോ ഒഴുകിയെത്തി അവിടെ അടിഞ്ഞൂകൂടിയ കല്ലുകളാണ്.  ഒരു ശവപ്പറമ്പിലെ അസ്ഥി കൂമ്പാരമെന്നോണമാണ് അവയുടെ കിടപ്പ്.

Cheruthoni after flood

ആ കല്ലുകള്‍ക്കൊന്നിനും മൂലകളില്ല. എല്ലാം ഉരുണ്ട് പരിവപ്പെട്ടിരിക്കുന്നു. പ്രളയപ്പാച്ചിലിന്റെ തീവ്രതയെത്രയായിരുന്നെന്ന് അറിയാന്‍ അതുമാത്രം മതി. ഇത്തരത്തിലുള്ള കല്ലുകള്‍ മുമ്പ് ശ്രദ്ധയില്‍ പെട്ടത് ശബരിമലയാത്രയ്ക്കിടെ പമ്പയില്‍ വച്ചാണ്. പക്ഷേ അവ നന്നേ ചെറുതാണ്. പതിറ്റാണ്ടുകളായി പമ്പയുടെ തഴുകലേറ്റ് ക്രമേണയാണ് അവയ്ക്ക് ആ രൂപം കൈവന്നത്. പഴക്കം പ്രകടം.എന്നാല്‍ ചെറുതോണിയിലേത് കേവലം ക്ഷണിക പ്രതിഭാസത്തില്‍ രൂപമാറ്റം സംഭവച്ചതും. എത്രയോ ദശാബ്ദങ്ങളായി  പശ്ചിമഘട്ടത്തിന് ആധാരമായി വര്‍ത്തിച്ച അവ ചുരുങ്ങിയ സമയത്തിനുള്ളില്‍ ദുരന്താവശേഷിപ്പായി പരിണമിച്ചു. ഒറ്റയായി നിന്ന് മലനിരകള്‍ക്ക് കരുത്ത് പകര്‍ന്നവ ഒഴുക്കില്‍ പെട്ട് പല കഷ്ണങ്ങളായി.

Cheruthoni after flood

ഇതാണ് അണക്കെട്ടിനിപ്പുറത്തെ അവസ്ഥയെങ്കില്‍ അണക്കെട്ടിനുള്ളില്‍  എന്തായിരിക്കും. ചെറുതോണിയിലെ കാഴ്ച ഇടുക്കി അണക്കെട്ടിനുള്ളിലെ അവസ്ഥയുടെ ഒരു മിനിയേച്ചര്‍ മാത്രമാണ്. അണക്കെട്ടിന്റെ അടിത്തട്ടില്‍ ഇതിലും എത്രയോ വലിയ കല്ലുകളും ചെളികൂമ്പാരവുമായിരിക്കും ഉണ്ടാക്കിയിരിക്കുക. വൃഷ്ടിപ്രദേശത്ത് നിര്‍ത്താതെ പെയ്ത കനത്തമഴ, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ അതെല്ലാം സ്വാഭാവികമായും വന്ന് അടിഞ്ഞിട്ടുണ്ടാവുക അണക്കെട്ടിനടിയിലായിരിക്കും. ഇടുക്കിയുടെ പരമാവധി സംഭരണ ശേഷിയുടെ മൂന്നില്‍ ഒരുഭാഗം മണ്ണും കല്ലുമായിരിക്കാം എന്ന് സംശയിച്ചാല്‍, ചെറുതോണിയെ പശ്ചാത്തലമാക്കി അത് സാധൂകരിക്കാം.

Cheruthoni after flood

ഇടുക്കി അണക്കെട്ടിലെ മാത്രം കാര്യമല്ല ഇത്. സംസ്ഥാനത്ത് ഇപ്പോഴുള്ള വലുതും ചെറുതുമായ എല്ലാ അണക്കെട്ടുകളിലും സ്ഥിതി മറിച്ചാകില്ല. സംഭരണ ശേഷിയുടെ നല്ലൊരുഭാഗവും മണ്ണും ചെളിയും കൈയടക്കിയിട്ടുണ്ടാകും. ഇതിനെ കുറിച്ച് ശാസ്ത്രീയമായി പഠിച്ച് അണക്കെട്ടുകളിലുള്ള യഥാര്‍ത്ഥ ജലനിരപ്പും, മണ്ണും കല്ലും എത്രത്തോളമുണ്ടെന്നും കണ്ടെത്തേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അണക്കെട്ടിലെ ജലത്തിന്റെ അളവ് ക്രമേണ കുറഞ്ഞുവരികയും, മണ്ണിന്റെയും കല്ലിന്റെയും അളവ് കൂടി വരികയും ചെയ്യും. അണക്കെട്ടിന്റെ നിര്‍മാണോദ്ദേശത്തെ തന്നെയാണ് അത് ചോദ്യം ചെയ്യുക. മാത്രമല്ല ചെറിയ മഴയില്‍ പോലും ഡാമുകള്‍ നിറയുന്ന സ്ഥിതി സംജാതമാകും. അത് വീണ്ടും അണ തുറക്കലിലേക്കും പ്രളയത്തിലേക്കും നയിക്കും. ചെറുതോണിയിലെ ഉരുളന്‍ കല്ലുകളുടെ എണ്ണം ഇനിയും കൂടും.

 

Tags: