ബിഷപ്പ് ഫ്രാങ്കോയുടെ ഉമിനീരും രക്തവും

Glint Staff
Sat, 22-09-2018 06:33:02 PM ;

franco mulakkal

കന്യാസ്ത്രീകളുടെ ശക്തമായ സമരം നിമിത്തം പരാതി ലഭിച്ചിട്ട് 86 ദിവസങ്ങള്‍ക്ക് ശേഷം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പോലീസ് അറസ്റ്റ് ചെയ്തു. സമരം ആരംഭിച്ച ദിവസം സിസ്റ്റര്‍ അനുപമ പറഞ്ഞതിങ്ങനെയാണ് 'ഞങ്ങള്‍ക്കൊപ്പം സര്‍ക്കാരില്ല, സഭയില്ല, നിയമസംവിധാനങ്ങളില്ല എങ്കിലും ബിഷപ്പിന്റെ അറസ്റ്റിനായി കഴിയുന്നതെല്ലാം ചെയ്യും'. ഈ വാക്കുകളെ കേരളം കേട്ടത് ഉള്ളില്‍ അല്‍പം വിങ്ങിക്കൊണ്ടായിരുന്നു. തിരുവസ്ത്രമിട്ട കര്‍ത്താവിന്റെ മണവാട്ടിമാര്‍ക്ക് സഭയിലെ തന്നെ പുരോഹിതനെതിരെ തെരുവില്‍ സമരം ചെയ്യേണ്ടി വന്നത് ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമായിരിക്കും. ഇത് സര്‍ക്കാരിനെയും പോലീസിനെയും സഭയെയും ഒരുപോലെ പ്രതിക്കൂട്ടില്‍ നിര്‍ത്തി. വോട്ട് ബാങ്കിനെ കരുതി മുഖ്യാധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സമരത്തോട് അകലം പാലിച്ചെങ്കിലും, കന്യാസ്ത്രീയ്ക്കനുകൂലമായി പൊതുജനാഭിപ്രായം രൂപപ്പെട്ടു.

 

ഈ സാഹചര്യത്തിലാണ് ഗത്യന്തരമില്ലാതെ ബിഷപ്പിനെ ജലന്തറില്‍ നിന്ന് വിളിച്ചുവരുത്തി പോലീസ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. അവിടെയും അസാധാരണത്വം തുടര്‍ന്നു. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന ചോദ്യം ചെയ്യല്‍. ഒടുവില്‍ സെപ്റ്റംബര്‍ 21 രാത്രി 8 മണിയ്ക്ക് അറസ്റ്റ് രേഖപ്പെടുത്തി. അത് ഉന്നം വെച്ചുള്ള വെടിവെയ്പ്പായിരുന്നു. ആ ഒറ്റ വെടിയില്‍ നിരവധി പക്ഷികള്‍ കൊല്ലപ്പെട്ടു. സര്‍ക്കാരിന്റെ ഇരയ്‌ക്കെതിരായ സമീപനം, പോലീസിന്റെ നിഷ്‌ക്രിയത്വം, സഭയുടെ അധാര്‍മ്മികത, ഭരണപക്ഷ വിപ്ലവ പ്രസ്ഥാനങ്ങളുടെ നിശബ്ദത തുടങ്ങിയവ.

 

പ്രത്യക്ഷത്തില്‍ പോലീസിന്റെ നടപടി ബിഷപ്പിന് എതിരാണെന്ന് തോന്നാം. അത് അങ്ങനെ തോന്നിപ്പിക്കുക എന്നത് പോലീസിന്റെ തന്നെ ആവശ്യവുമാണ്. കാരണം കൊടുക്കാവുന്നത്ര ആനുകൂല്യം ബിഷപ്പിന് പോലീസ് നല്‍കി. പരാതി കിട്ടിയിട്ട് മൂന്ന് മാസത്തോളം അറസ്റ്റ് നടത്താതെ, തെളിവുശേഖരിക്കലുള്‍പ്പെടെയുള്ള അന്വേഷണം അറസ്റ്റിന് മുമ്പ് നടത്തിയും, ബിഷപ്പിന്റെ അറസ്റ്റിന് ശേഷം നടത്തേണ്ട ചോദ്യം ചെയ്യല്‍ അതിന് മുമ്പ് നടത്തിയും വേട്ടക്കാരനോടുള്ള കൂറ് പോലീസ് വ്യക്തമക്കി. പൊതുജന പ്രതിഷേധത്തില്‍ നിന്ന് ഒഴിവാക്കാന്‍ രാത്രിയുള്ള അറസ്റ്റും വൈദ്യപരിശോധനയും വലിയ ആനൂകൂല്യമായിരുന്നു. അറസ്റ്റിന് ശേഷവും പോലീസ് പരമാവധി സംരക്ഷണമാണ് പ്രതിയായ ബിഷപ്പിന് നല്‍കി വരുന്നത്. നെഞ്ചുവേദനയും, മെഡിക്കല്‍ കോളേജിലെ ചികിത്സയും സംശയത്തോടെ മാത്രമേ കാണാനാകൂ.

 

കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും ഉന്നയിക്കാനുണ്ടോ എന്ന് മജിസ്‌ട്രേറ്റ് ചോദിച്ച അവസരത്തില്‍ ബിഷപ്പ് പറഞ്ഞത് പോലീസ് ബലം പ്രയോഗിച്ച് രക്തവും, ഉമിനീരും ശേഖരിച്ചു എന്നാണ്. മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ഒരാളില്‍ നിന്ന് ഇവ രണ്ടും ശേഖരിക്കാന്‍ ഒരു ബലപ്രയോഗത്തിന്റെയും ആവശ്യമില്ലെന്ന് സാമാന്യയുക്തിക്ക് മനസിലാക്കാം. അക്കാര്യം ബിഷപ്പ് കോടതിയല്‍ പറഞ്ഞത് പോലീസിന്റെ തന്നെ നിര്‍ദേശത്തോടെയാകാനാണ് സാധ്യത. കാരണം, അതുവഴി പോലീസും സര്‍ക്കാരും ബിഷപ്പിനൊപ്പമാണെന്ന ശക്തമായ ആക്ഷേപത്തിന്റെ മുനയൊടിക്കാനാകും. ബിഷപ്പിന് യാതൊരു പരിഗണനയും നല്‍കുന്നില്ലെന്ന് വരുത്തിതീര്‍ക്കാം. ഒപ്പം, കസ്റ്റഡിയില്‍ ബിഷപ്പ് പീഡനമനുഭവിക്കുന്നെന്ന പ്രതീതിയുണ്ടാക്കുകയുമാകാം. ഇതെല്ലാം കൊണ്ട് ഇപ്പോള്‍ എതിരായി നില്‍ക്കുന്ന പൊതുജനവികാരത്തെ അനൂലമാക്കിയെടുക്കുകയുമാകാം. ബിഷപ്പിന്റെ ആ പരാതി പറച്ചിലിന് മാധ്യമങ്ങള്‍ നല്‍കിയ പ്രാധാന്യമെടുത്ത് നോക്കിയാല്‍, അവരുടെ ഉദ്ദേശം ഏകദേശം നടപ്പിലായിട്ടുണ്ട്.

 

രണ്ട് ദിവസത്തേക്കാണ് ബിഷപ്പിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതായത് തിങ്കളാഴ്ച കസ്റ്റഡി കാലാവധി അവസാനിക്കും. അന്ന് ജാമ്യാപേക്ഷയുമായി ബിഷപ്പിന് ഹൈക്കോടതിയെ സമീപിക്കാം. അന്വേഷണവും മൊഴിയെടുക്കലും തെളിവ് ശേഖരണവുമെല്ലാം ഏകദേശം പൂര്‍ത്തിയായെന്നാണ് പോലീസ് പറയുന്നത്, ബിഷപ്പിനെ ചോദ്യം ചെയ്യാന്‍ ആവശ്യത്തിന് സമയവും ലഭിച്ചു. അങ്ങിനെയെങ്കില്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയില്‍ നിന്ന് ജാമ്യം സമ്പാദിക്കാന്‍ ബിഷപ്പിന്റെ പ്രഗല്‍ഭരായ അഭിഭാഷകര്‍ക്ക് അധികം ബുദ്ധിമുട്ടേണ്ടി വരില്ല. തിങ്കളാഴ്ച ജാമ്യം ലഭിക്കുകയാണെങ്കില്‍ ബിഷപ്പിന് ഒറ്റ ദിവസം പോലും ജയിലില്‍ കഴിയേണ്ടിവരികയുമില്ല. ഇതൊക്കെ മുന്‍നിര്‍ത്തി നോക്കുമ്പോള്‍ ആരോ ബിഷപ്പിന് വേണ്ടി എഴുതിയ തിരക്കഥയിലൂടെയാണ് കാര്യങ്ങള്‍ പോകുന്നെതെന്ന് തോന്നിയാല്‍, തെറ്റ് പറയാനാകില്ല.

 

 

Tags: