Skip to main content

 Trupti-Desai

സാമൂഹികമായ മാറ്റമല്ല തൃപ്തി ദേശായിയുടെ പ്രഖ്യാപിത ലക്ഷ്യം. മറിച്ച് സമൂഹത്തില്‍ സംഘര്‍ഷവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക എന്നത് മാത്രമാണ്. അതിനുവേണ്ടി സുപ്രീം കോടതി വിധിയെ അവര്‍ കരുവാക്കുന്നു. ഭക്തികൊണ്ടല്ല അവര്‍ ശബരിമല ദര്‍ശനത്തിന് ആറ് വനിതകള്‍ക്കൊപ്പം എത്തിയത്. ആചാരലംഘനത്തിന്റെ ഭാഗമായിട്ടാണ്. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടുള്ളതല്ല, സാമൂഹികമായിപോലുമുള്ള അനാചാരങ്ങള്‍ നീക്കേണ്ടതാണ്. അക്കാര്യത്തില്‍ സംശയമില്ല.

 

സാമൂഹികപരമായും ക്ഷേത്രപരവുമായുള്ള അനാചാരങ്ങളുടെ ജീര്‍ണ്ണത കൊടുമുടികയറിയ ഇടമായിരുന്നു കേരളം. അത്തരമൊരു അന്ധകാര ഘട്ടത്തില്‍ ഒരുതുള്ളി ചോരപോയിട്ട് വിയര്‍പ്പ് പോലും വീഴാതെ സമൂഹത്തെ അനാചാരങ്ങളില്‍ നിന്ന് മോചിപ്പിച്ച ഇടവും കൂടിയാണ് കേരളം. എങ്ങനെ വേണം സാമൂഹികമായ പരിഷ്‌കരണം എന്നുള്ളതിനുള്ള ലോക മാതൃകയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണ ഗുരു തുടങ്ങിവച്ച നവോത്ഥാനം.

 

ശ്രീനാരായണ ഗുരു ചെയ്തതും ആചാരലംഘനം തന്നെയായിരുന്നു. എന്നാല്‍ അതെങ്ങും മുറിവേല്‍പ്പിച്ചില്ല, അനാചാരങ്ങളെ താങ്ങി നിര്‍ത്തിയിരുന്നവരെയും കൂടി അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് നയിച്ചു. അതാണ് കേരളത്തിന്റെ പ്രകാശപൂര്‍ണമായ മുഖത്തെ സൃഷ്ടിച്ചത്. എന്നാല്‍ ആ വെളിച്ചത്തില്‍ തെളിഞ്ഞ വഴിയിലൂടെ പിന്നീട് വന്ന മാറ്റങ്ങള്‍ സമൂഹത്തില്‍ ഇരുട്ട് സംഭാവനചെയ്തു. നവോത്ഥാനത്തിന്റെ വെളിച്ചവും, ശേഷമുണ്ടായ ഇരുട്ടും തമ്മില്‍ കൂടിക്കുഴഞ്ഞ് മുന്നേറിയപ്പോള്‍ വ്യക്തിയും സമൂഹവും സംഘര്‍ഷാത്മകമായി പരിണമിച്ചു. പ്രകൃതി നശിപ്പിക്കപ്പെട്ടു. അതിന്റെ ഉദാഹരണമായിരുന്നു 2018ലെ പ്രളയം. ആ പ്രളയത്തിലും ദുരന്തത്തിന്റെ ആഘാതം കുറഞ്ഞത് നവോത്ഥാനത്തിന്റെ അവശേഷിച്ച വെളിച്ചത്തിന്റെ ഫലമായിരുന്നു. എന്നാല്‍ പ്രളയത്തിന് ശേഷം ഇരുട്ട് വീണ്ടും കൂടുതല്‍ കടുത്തു. വിശ്വാസികളും, അവിശ്വാസികളും, ഭരണകൂടവും എല്ലാം ചേര്‍ന്ന് കേരളത്തെ വീണ്ടും ഭ്രാന്തിന്റെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. ആ ഭ്രാന്തിനെ ഇളക്കിവിടാനായിട്ടാണ് ഇപ്പോള്‍ തൃപ്തി ദേശായി എത്തിയിട്ടുള്ളത്. പ്രളയത്തില്‍ ഒഴിഞ്ഞുപോയ ദുരന്തം ശബരിമല വിഷയത്തിലൂടെ തിരിച്ചുവന്നാല്‍ അത്ഭുതപ്പെടാനില്ല.