ജീവനും സ്വത്തിനുമുള്ള അവകാശം ഭാഗികമായി നഷ്ടപ്പെട്ട മണ്ഡലകാലം

Glint Staff
Wed, 28-11-2018 04:10:04 PM ;

sabarimala

നവംബര്‍ മുതല്‍ ജനുവരി വരെയുള്ള മൂന്ന് മാസങ്ങള്‍ കേരളത്തില്‍ ശബരിമലക്കാലമാണ്. ഈ കാലത്തിന്റെ ഏറ്റവും വലിയ പ്രത്യേകത കേരളത്തിലെ ആകെ ജനസംഖ്യയുടെ ഒന്നര ഇരട്ടിയോളം വരുന്ന തീര്‍ത്ഥാടകര്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇവിടെ വന്നുപോകുന്നു എന്നുള്ളതാണ്. ശബരിമല സന്നിധാനത്ത് വീഴുന്ന കാണിക്ക വളരെ വലിയ തുക തന്നെയാണ്. എന്നാല്‍ അതിന്റെ പ്രയോജനം നേരിട്ട് മലയാളിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല, പെടാറുമില്ല. എന്നാല്‍ ശബരിമല അയ്യപ്പന്മാരുടെ വരവുപോക്ക് കേരളത്തിന് സാമ്പത്തികമായും ആദ്ധ്യാത്മികമായും ഉണര്‍വിന്റെ കാലമായിരുന്നു. മലയോര പ്രദേശത്തുള്ളവരെ സംബന്ധിച്ച് അവരുടെ ഒരു വര്‍ഷത്തെ ജീവിതം തന്നെ ഈ കാലത്തെ സമ്പാദ്യത്തെ ആശ്രയിച്ചായിരുന്നു.

 

ഈ കാലഘട്ടത്തില്‍ ഏത് മലയാളിയുടെയും വീടിന് പുറത്തേക്കുള്ള യാത്രയില്‍ ശബരിമല കാലം പരിഗണിക്കേണ്ടതായി വരുമായിരുന്നു. ട്രെയിനിലൂടെയുള്ള യാത്രയിലാണെങ്കിലും റോഡ് മാര്‍ഗമുള്ള യാത്രയിലാണെങ്കിലും. ഒട്ടുമിക്ക ഭക്ഷണശാലകളിലും വിവിധ ഭാഷകളില്‍ ഉയരുന്ന ഒരു ബോര്‍ഡുണ്ടായിരുന്നു 'വെജിറ്റേറിയന്‍ ഹോട്ടല്‍'. അതുപോലെ തന്നെ പത്തനംതിട്ട ജില്ലയിലാണെങ്കില്‍ ഉള്‍പ്രേദശങ്ങളില്‍ വരെ ചെറിയ ചെറിയ താല്‍ക്കാലിക കച്ചവട ഇടങ്ങള്‍ ഈ അയ്യപ്പ ഭക്തരെ ഉദ്ദേശിച്ചുയരുമായിരുന്നു. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്ന് വരുന്ന അയ്യപ്പന്മാരാകട്ടെ അവര്‍ ശബരിമലയില്‍ മാത്രമല്ല കേരളത്തിലെ മറ്റ് പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തുകയും ചിലയിടങ്ങളില്‍ തമ്പടിക്കുകയും ചെയ്യുക പതിവായിരുന്നു. ഗുരുവായൂര്‍, ചോറ്റാനിക്കര, ഏറ്റുമാനൂര്‍ തുടങ്ങിയ അമ്പലങ്ങള്‍ ഉദാഹരണം. അതുവഴി അത്തരം ക്ഷേത്രങ്ങളും ക്ഷേത്ര പരിസരങ്ങളും ഈ കാലത്ത് സാമ്പത്തികമായും സാംസ്‌കാരികപരമായും ചടുലമായി മാറുമായിരുന്നു.

 

2018 ലെ പ്രളയത്തിന്റെ ദുരിതത്തില്‍ പെട്ടവര്‍ കരകയറാനായി നോക്കിയിരുന്ന ഒരു കാലവുമായിരുന്നു ഇത്. ഇപ്പോള്‍ കേരളത്തെ സംബന്ധിച്ച് കഴിഞ്ഞ് പോയ പ്രളയം ഏതോ ഭൂതകാലത്തില്‍ സംഭവിച്ച ഓര്‍ക്കാന്‍ ഒരുപാടുള്ള സംഭവം പോലെയായി മാറിയിരിക്കുന്നു. ദുരിതത്തില്‍ പെട്ട് ഉഴലുന്ന ജനങ്ങളും, തകര്‍ന്ന സംവിധാനങ്ങളും എല്ലാം ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ശബരിമലയിലെ യുവതീപ്രവേശനം വോട്ട് ബാങ്ക് തുറുപ്പ് ചീട്ടാക്കാനായി കേരളത്തിലെ ഇരുമുന്നണികളും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിരിക്കുന്നത്. അല്‍പമൊരു അവധാനതയും രാജ്യതന്ത്രജ്ഞതയും സര്‍ക്കാര്‍ കാണിച്ചിരുന്നു എങ്കില്‍ പതിവ് പോലെ ഇക്കുറിയെങ്കിലും ശബരിമലക്കാലം പഴയത് പോലെ തുടരുമായിരുന്നു.

 

ഒന്നുമില്ലെങ്കില്‍ പ്രളയത്തില്‍ തകര്‍ന്ന പമ്പയുടെ കാര്യമെങ്കിലും ഉന്നയിച്ചുകൊണ്ട് തുടക്കത്തില്‍ തന്നെ സാവകാശ ഹര്‍ജി കൊടുക്കാമായിരുന്നു. നീതിയും ന്യായവും ഏറ്റവും കുറഞ്ഞ രീതിയില്‍ പരിഗണിച്ചാല്‍ പോലും അത്തരമൊരു ഹര്‍ജി കൊടുത്തിരുന്നെങ്കില്‍ സുപ്രീം കോടതി അനുകൂലമായ തീരുമാനമെടുക്കാതിരിക്കാന്‍ സാധ്യത കുറവാണ്. അതുവഴി സര്‍ക്കാരിന്റെ നിലാപാട് മാറ്റാതെയും മുഖം നഷ്ടപ്പെടാതെയും ഈ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നു. കാരണം തികച്ചും മനുഷത്വപരമായ ഒരാവശ്യമാകുമായിരുന്നു അത്. കാരണം ദുരിതത്തില്‍ പെട്ട പലരുടെയും ജീവിതം അത്ര പരിതാപകരമായ അവസ്ഥയിലാണ്. ജീവിക്കാനുള്ള അവകാശം ഭരണഘടനയുടെ ഉറപ്പാണ്. മറ്റ് ഏത് സ്വാതന്ത്ര്യത്തേക്കാളും വിലപ്പെട്ട അവകാശവും അതുതന്നെ. ആ അവകാശമാണ് ഈ ശബരിമല കാലത്ത് വലിയൊരു വിഭാഗം സാധാരണ ജനതയ്ക്ക് ഒരു പരിധി വരെ നഷ്ടമായിരിക്കുന്നത്.

 

Tags: