നവോത്ഥാനം x മതില്‍

Glint Staff
Mon, 17-12-2018 03:14:51 PM ;

 women-wall

മതിലിന്റെ അടിസ്ഥാന ലക്ഷ്യം വേര്‍തിരിക്കലാണ്. അത് പറമ്പിലായാലും രാജ്യങ്ങളുടെ ഇടയിലാണെങ്കിലും. ആന്തരികമായുണ്ടാകുന്ന വേര്‍തിരിവിന്റെ ബാഹ്യമായി വരുന്ന പ്രവൃത്തിയാണ് മതില്‍. കേരളത്തെ അല്‍പം ഉയരെ നിന്ന് നോക്കിയാല്‍, ഒരുപക്ഷേ ഭൂമിയില്‍ ഇത്രയധികം മതിലുകളാല്‍ കള്ളി തിരിക്കപ്പെട്ട ഭൂപ്രദേശം ഉണ്ടാകാനിടയില്ലെന്ന് കാണാം. സമൂഹത്തിലെ മതിലുകളെ അടിച്ചുടയ്ക്കാതെ അപ്രത്യക്ഷമാക്കാനായിരുന്നു നവോത്ഥാനം. അത് നന്നായി അരുവിപ്പുറത്ത് നിന്ന് തുടങ്ങുകയും ചെയ്തു. എന്നാല്‍  ഒന്നാം ഘട്ടം കഴിഞ്ഞപ്പോള്‍ ഝടുതിയില്‍ അതിന് അന്ത്യം സംഭവിക്കുകയും ചെയ്തു.

 

നവോത്ഥാനത്തിന്റെ ആത്മാവ് അദ്വൈതമായിരുന്നു. അതിന്റെ പ്രതീകത്തെയാണ് അരുവിപ്പുറത്ത് പ്രതിഷ്ഠിച്ചത്. എന്നാല്‍ രണ്ടാം ഘട്ടം തുടങ്ങിയതാകട്ടെ കമ്മ്യൂണിസ്റ്റ് ഭൗതികവാദത്തിലൂന്നിയും. സമൂഹത്തെ വര്‍ഗ്ഗത്തിന്റെ അടിസ്ഥാനത്തില്‍ കണ്ടുകൊണ്ട്. അദ്വൈതത്തിന്റെ സ്ഥാനത്ത് ദ്വൈതത്തെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള ഭൗതികവാദം. പിന്നീടിങ്ങോടുള്ള ചരിത്രത്തെ നയിച്ചത് ആ തത്വശാസ്ത്രം തന്നെയാണ്. ഏത് പാര്‍ട്ടി അധികാരത്തില്‍ വന്നാലും. ഇപ്പോള്‍ അധികാരത്തിലേക്ക് കാമാസക്തിപൂണ്ട് നില്‍ക്കുന്ന ബി.ജെ.പിയെയും നയിക്കുന്നത് ആ തത്വശാസ്ത്രം തന്നെ. അവര്‍ ബാഹ്യമായ ചില ചിഹ്നങ്ങള്‍ പ്രയോഗിക്കുന്നു എന്ന് മാത്രം. ആ ഭൗതികവാദ സിദ്ധാന്തം സൃഷ്ടിച്ച ആഘാതമാണ് 2018 ലെ പ്രളയത്തില്‍ നാം കണ്ടത്.

 

കേരളത്തിന്റെ പുനര്‍സൃഷ്ടിയുടെ ഘട്ടമാണിപ്പോള്‍. നവോത്ഥാനത്തിന്റെ പേര് പറഞ്ഞുകൊണ്ട് വനിതാ മതില്‍ എന്ന ആശയം രൂപംകൊണ്ടത് തന്നെ മലയാളി ഭാവനയില്‍ പോലും ദരിദ്രനായി മാറി എന്നുള്ളതിന്റെ ദൃഷ്ടാന്തമാണ്. ചുരുങ്ങിയ പക്ഷം നവോത്ഥാനത്തെ ഒരു പുരോഗമന ആശയമായെങ്കിലും കാണാനുള്ള ശേഷി ഈ സംരംഭത്തിനുള്ള നാമകരണ പ്രക്രിയയിലേര്‍പ്പെട്ട വ്യക്തിക്കോ വ്യക്തികളുടെ കൂട്ടായ്മക്കോ ഉണ്ടായിരുന്നെങ്കില്‍ മതില്‍ എന്ന പേര് കടന്ന് വരില്ലായിരുന്നു. പകരം പഴകിയതാണെങ്കിലും ചങ്ങലയായിരുന്നെങ്കില്‍ എത്രയോ അര്‍ത്ഥവത്താകുമായിരുന്നു. മതില്‍ വന്നുകഴിഞ്ഞാല്‍ അതിന് രണ്ട് പുറങ്ങളില്ലേ? അത് ഭാഗിക്കലാണ്. ഒന്നാലോചിച്ച് നോക്കൂ, വിഭാഗീയതയാണോ നവോത്ഥാനം കൊണ്ട് ഉദ്ദേശിക്കുന്നത്. കേരളത്തില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള വനിതകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന, ചരിത്രപരമെന്ന് വിശേഷിപ്പിക്കുന്ന ഈ പരിപാടിക്ക് നവോത്ഥാന ഘടകവിരുദ്ധമല്ലാത്ത ഒരു പേര് പോലും നല്‍കാന്‍ ശേഷിയില്ലാത്ത മലയാളിക്ക് എങ്ങിനെ കേരളത്തെ പുനര്‍സൃഷ്ടിക്കാന്‍ കഴിയും. ധനമല്ല കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് തടസമെന്ന് ഒരിക്കല്‍കൂടി വ്യക്തമാകുന്നു. ആന്തരികമായ ദാരിദ്ര്യമാണ് മലയാളി ഇന്നനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്തം. ആ ദുരന്തത്തെ വിളിച്ചോര്‍മ്മിപ്പിക്കുന്നതായിരുന്നു 2018 ലെ പ്രളയം.

 

Tags: