കേരള നവോത്ഥാനത്തിന്റെ പിതാവാരെന്ന് ചോദിച്ചാല്‍ സംശയലേശമന്യേ നാം പറയും ശ്രീനാരായണ ഗുരുദേവന് എന്ന്. അരുവിപ്പുറത്ത് 1888 ല്‍ അദ്ദഹം നടത്തിയ ശിവപ്രതിഷ്ഠ കേരള നവോത്ഥാനത്തിന്റെ നാഴികക്കല്ലായി മാറി. നിരവധി സാമൂഹിക പരിഷ്കരണങ്ങള്‍ ഗുരുവിന്റെ നേതൃത്വത്തില്‍ നാട്ടില്‍ നടന്നു. കേരളം മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന സാഹചര്യമുണ്ടായി. ദാ ഇപ്പോള്‍ ആധുനിക കേരളത്തില്‍ പുതിയ ഗുരു ഉദയം ചെയ്തിരിക്കുന്നു. 2018 ഡിസംബര്‍ ഒന്നിന് വൈകിട്ട് ആറ് മണിയോടെ. വെള്ളാപ്പള്ളി നടേശന്. ഗുരു അന്ന് ശിവനെ പ്രതിഷ്ഠിച്ചാണ് നായകനായതെങ്കില്‍ ഇവിടെ വനിതാ മതിലുകെട്ടല്‍ സമരത്തിന്റെ സംഘാടക സമിതി അധ്യക്ഷനായിട്ടാണ് വെള്ളാപ്പള്ളിയുടെ വരവ്.
'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്', 'ജാതി ചോദിക്കരുത്, പറയരുത്, വിചാരിക്കരുത്' ഇവയൊക്കെയായിരുന്നു ശ്രീനാരായണ ഗുരുവിന്റെ നവോത്ഥാന സന്ദേശങ്ങള്‍. ആധുനിക നവോത്ഥാന കാലത്ത് ഇവയ്ക്ക് പഞ്ച് നഷ്ടപ്പെട്ടു. 'ജാതി ചോദിക്കണം, പറയണം, കൂടുതലാരെന്ന് ഇടയ്ക്കിടയ്ക്ക് ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കണം' എന്നതാണ് വെള്ളാപ്പള്ളി ലൈന്‍. ഉയര്‍ന്ന സമുദായത്തില്‍ പെട്ടവരെ കുറ്റപ്പെടുത്തുന്നതിന് പകരം സ്വന്തം നിലയില്‍ ഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് സാമൂഹിക ഉന്നമനം സാധ്യമാക്കി. നായാടി മുതല്‍ നമ്പൂതിരിവരെ ഒന്നിക്കുന്ന കിനാശേരിയാണ് വെള്ളാപ്പള്ളിയുടെ സ്വപ്നമെങ്കിലും അവസരം കിട്ടുമ്പോള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്താതിരിക്കാന്‍ അദ്ദേഹത്തിനാവില്ല. ഉള്ളിലൊന്നും വച്ചുകൊണ്ടിരിക്കാത്ത പ്രകൃതക്കാരനാണേ... പിന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനവധി ഉണ്ടാക്കിയിട്ടുണ്ട്, ചിലതിന് സ്വന്തം പേരും ഇട്ടിട്ടുണ്ടെന്ന് മാത്രം.
മദ്യം വിഷമാണ് അത് ഉണ്ടാക്കരുത് കൊടുക്കരുത് കഴിക്കരുത് എന്നാണ് ഗുരു വചനം. അതുകൊണ്ട് വിഷമദ്യം ഉണ്ടാകാതിരിക്കാന്‍ തന്നാലാവുതുപോലെ കുറച്ച് നല്ല മദ്യം ലഭ്യമാക്കുന്ന സ്ഥാപനങ്ങള്‍ ഈ ആധുനിക നവോത്ഥാന നായകന് നടത്തുന്നുണ്ട്. പിന്നെ ഗുരുദേവന്റെ കാലത്ത് കക്ഷി രാഷ്ട്രീയം ഉണ്ടായിരുന്നില്ല. എന്നാല്‍ ആധുനിക നവോത്ഥാനത്തില്‍ കക്ഷി രാഷ്ട്രീയം മുഖ്യ അജണ്ടയാണ്. ആരെയും പിണക്കാന്‍ പറ്റില്ല. വിജിലന്‍സും എന്ഫോഴ്സ്മെന്റുമൊക്കെയുള്ള കാലമല്ലേ? അതുകൊണ്ട് വെള്ളാപ്പള്ളി എപ്പോഴും എല്ലാ പാര്‍ട്ടികളോടും ശരി ദൂരം പാലിക്കാന്‍ ശ്രദ്ധിക്കാറുണ്ട്.
ശ്രീനാരായണ ഗുരു സന്യാസ ജീവിതമാണ് നയിച്ചിരുന്നതെങ്കില്‍ വെള്ളാപ്പള്ളി ഗൃഹസ്ഥാശ്രമമാണ് നയിക്കുന്നത്. ഗുരുദേവന് ശിഷ്യന്മാരെ അറിവ് കൊടുത്ത് വളര്‍ത്തി തനിക്ക് പിന്മുറക്കാരെ ഉണ്ടാക്കിയെങ്കില്‍ ഇവിടെ കുടുംബത്തിലുള്ളവരെ തള്ളിക്കളയാന്‍ പറ്റില്ലല്ലോ. ആധുനിക നവോത്ഥാനം അത് വൈരുദ്ധ്യാത്മികമാക്കിയേ പറ്റൂ. അതുകൊണ്ട് അച്ഛന് വെള്ളാപ്പള്ളി കാസര്‍ഗോഡുമുതല്‍ തിരുവനന്തപുരം വരെ മതില് കെട്ടുമ്പോള്‍ മകന് വെള്ളാപ്പള്ളി മതില് പൊളിക്കാനുള്ള ശ്രമത്തില്‍ വ്യാപൃതനാകുന്നു. ഇതാണ് വൈരുദ്ധ്യാത്മിക നവോത്ഥാനം. നായകന് വെള്ളാപ്പള്ളിയും.