കടകംപള്ളി... നമുക്ക് നല്ല ഭാഷ ഉപയോഗിക്കാം

Glint Staff
Wed, 16-01-2019 07:28:52 PM ;

Kadakampally Surendran

കടകംപള്ളി സുരേന്ദ്രന്‍ സി.പി.എമ്മിന്റെ നേതാവാണ്. അതേ സമയം ഇപ്പോള്‍ സംസ്ഥാനത്തിന്റെ മന്ത്രിയുമാണ്. ഒരു മന്ത്രി ഉപയോഗിക്കേണ്ട വാക്കുകള്‍ വളരെ ശ്രദ്ധയോടെ ഉണ്ടാകേണ്ടതാണ്. മന്ത്രിയുടെ വാക്കുകള്‍ ഭരണകൂടത്തിന്റേതാണ്. ശബരിമലയില്‍ ലക്ഷക്കണക്കിന് ഭക്തര്‍ ദര്‍ശനം നടത്തി എല്ലാം ശാന്തമായി പോവുകയായിരുന്നു. ഹൈക്കോടതിയുടെ നിരീക്ഷണ പ്രകാരം ആ സമയത്താണ് രണ്ട് യുവതികളുടെ മലകയറ്റം ശബരിമലയിലെ സ്വാസ്ഥ്യം കെടുത്തിയത്.

 

കൊച്ചിയിലെ ആര്‍പ്പോ ആര്‍ത്തവ കൂട്ടായ്മയില്‍ താരങ്ങളായി അവതരിപ്പിക്കപ്പെട്ട കനക ദുര്‍ഗയും, ബിന്ദു അമ്മിണിയും തങ്ങള്‍ ആക്ടിവിസ്റ്റുകളാണെന്ന് സ്വയം പ്രഖ്യാപിക്കുക കൂടി ചെയ്യുകയാണ്. എന്നിട്ടും ശാന്തതയിലേക്ക് ശബരിമല തിരിച്ചുവന്നു. മകരജ്യോതിയും തെളിഞ്ഞു. ആ ശാന്തതയെ ലംഘിച്ചുകൊണ്ട് ബുധനാഴ്ച രാവിലെ രണ്ട് യുവതികള്‍ എത്തി. രേഷ്മയും ഷാനിലയും. കണ്ണൂര് നിന്നുമുള്ള ഇവര്‍ ഒരു സംഘം പുരുഷന്മാരുടെ അകമ്പടിയിലാണ് എത്തിയത്. യുവതികളെ കണ്ട് ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയ അയ്യപ്പന്മാര്‍ ശരണംവിളി ഉയര്‍ത്തി. തുടര്‍ന്നുണ്ടായ പ്രതിഷേധം മൂലം യുവതികള്‍ക്ക് മടങ്ങേണ്ടിയും വന്നു.

 

സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ യുവതികളെ തടഞ്ഞ അഞ്ചോളം അയ്യപ്പന്മാര്‍ നടത്തിയത് നിയമലംഘനമാണ്. ആ നിയമ ലംഘനത്തിന് അവര്‍ സ്വീകരിച്ച വഴി അഹിംസയുടേത് തന്നെയായിരുന്നു. എന്നിരുന്നാലും നിയമലംഘനത്തിന്റെ പേരില്‍ അവരെ അറസ്റ്റ് ചെയ്ത നടപടിയെ സ്വീകരിക്കേണ്ടതുമുണ്ട്. അവരുടെ നിയമലംഘനത്തെ ഗുണ്ടായിസമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രയോഗിച്ചത് ഒരു മന്ത്രിയെന്ന നിലയിലും പൗരനെന്ന നിലയിലും ഒട്ടും നിരക്കാത്തതായിപ്പോയി. അയ്യപ്പന്മാര്‍ ശരണം വിളിച്ച് യുവതികളെ തടഞ്ഞത് ഗുണ്ടായിസമായി സി.പി.എം നേതാവ് കടകംപള്ളി സുരേന്ദ്രന്‍ നിര്‍വചിക്കുകയാണെങ്കില്‍ തന്റെ പാര്‍ട്ടി കേരളത്തില്‍ നടത്തിയിട്ടുള്ള പ്രക്ഷോഭങ്ങളെയും വഴിതടയലുകളെയും എന്തായിട്ട് ചിത്രീകരിക്കാന്‍ കഴിയുമെന്നുള്ളത് ആലോചനാമൃതമാണ്.

 

 

Tags: