കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി മഹേശന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളില്‍ കോണ്‍ഗ്രസ് മൗനം വെടിയുന്നു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ദീര്‍ഘമായ കത്തെഴുതി വച്ച് മഹേശന്‍ ജീവിതമവസാനിപ്പിച്ച സംഭവം സജീവമാക്കാനാണ് പാര്‍ട്ടി തീരുമാനം. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരനെ മുന്നില്‍ നിര്‍ത്തി വിഷയം ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി സുധീരന്‍, ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വ്യാഴാഴ്ച ഒരു കത്ത് നല്‍കി. അടുത്ത ദിവസം തന്നെ സുധീരന്‍ മഹേശന്റെ വീട് സന്ദര്‍ശിക്കും.
മഹേശന്റെ മരണവുമായി ബന്ധപ്പെട്ട മഹാമൗനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് ഈ വിഷയം സര്‍ക്കാരിനും വെള്ളാപ്പള്ളിക്കുമെതിരായ സമര വിഷയമാക്കാന്‍ കോണ്‍ഗ്രസ് ഉന്നത നേതൃത്വം തീരുമാനിച്ചത്. വെള്ളാപ്പള്ളിയുടെ ഭീഷണിക്കും പ്രലോഭനങ്ങള്‍ക്കും വഴങ്ങാത്തവന്‍ എന്ന പ്രതിഛായയുള്ള സുധീരനെ മുന്നില്‍ നിര്‍ത്തുന്നതാണ് പ്രക്ഷോഭത്തിന്റെ വിശ്വാസ്യതയ്ക്ക് നല്ലത് എന്നാണ് പാര്‍ട്ടി വിലയിരുത്തിയിരിക്കുന്നത്. ഇതിനു മുന്നോടിയായി ചൊവ്വാഴ്ച ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് എം.ലിജുവും ബുധനാഴ്ച കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ ഏബ്രഹാമും മഹേശന്റെ വീട് സന്ദര്‍ശിച്ചിരുന്നു.
സ്വാമി ശാശ്വതീകാനന്ദയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ്, വെള്ളാപ്പള്ളി നടേശന്‍ പ്രതിയായ എസ്.എന്‍ കോളേജ് ഫണ്ട് തിരിമറി കേസ് എന്നിവയെല്ലാം ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ തുടങ്ങിയിട്ട് പതിനെട്ട് വര്‍ഷത്തോളമായി. അന്വേഷണം ഒച്ചിഴയും വേഗത്തിലാണ്. എസ്.എന്‍ കോളേജ് കേസില്‍ കഴിഞ്ഞ ആഴ്ച കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം വെള്ളാപ്പള്ളിയെ വീട്ടിലെത്തി ഒന്ന് ചോദ്യം ചെയ്തതു തന്നെ. അതേ സമയം മഹേശന്‍ കൂടി പ്രതിയായ മൈക്രോ ഫിനാന്‍സ് കേസില്‍ അയാളെ ചോദ്യം ചെയ്യാന്‍ അടുത്തിടെ ക്രൈംബ്രാഞ്ച് സംഘം വല്ലാത്ത ഉത്സാഹം കാട്ടിയെന്നാണ് പരാതി. പോലീസിന്റെ ഈ ഇരട്ടത്താപ്പും ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുകയാണ്. വെള്ളാപ്പള്ളി നടേശനും നിയമം ബാധകമാക്കണമെന്ന് സുധീരന്‍ മുഖ്യമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെടുന്നത് ഈ സാഹചര്യത്തിലാണ്.
വെള്ളാപ്പള്ളി നടേശന് ഒരു മാസം മുമ്പ് മഹേശന്‍ കൊടുക്കുകയും, മരണത്തിനു തൊട്ടുമുമ്പ് മഹേശന്‍ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്ത് വിടുകയും ചെയ്ത കത്തിലെ വിവരങ്ങള്‍ അന്വേഷണ വിധേയമാക്കണമെന്ന ആവശ്യമാകും കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുക. വെള്ളാപ്പള്ളിയുമൊത്തുള്ള 31 വര്‍ഷത്തെ അടുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കുന്ന കത്തില്‍ നിയമത്തെ നോക്കുകുത്തിയാക്കി നടത്തിയ നിരവധി കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്നുണ്ട്. അതില്‍ മഹേശന്‍ കൂട്ടുകക്ഷിയായിരുന്നുവെന്ന കാര്യവും ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഇതെല്ലാം വീണ്ടും അന്വേഷണവിധേയമാക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടും. ഇത് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുമെന്നാണ് വിലയിരുത്തല്‍. വെള്ളാപ്പള്ളിയുമായി രഹസ്യധാരണയില്‍ പോകുന്ന സര്‍ക്കാര്‍ നിലവിലെ അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭത്തിനുള്ള സാധ്യത കോണ്‍ഗ്രസ് കാണുന്നു. അങ്ങനെ വന്നാല്‍ അത് സര്‍ക്കാരിനും വെള്ളാപ്പള്ളിക്കുമെതിരായ സമരമാക്കി മാറ്റാമെന്നാണ് കോണ്‍ഗ്രസ് കണക്കു കൂട്ടുന്നത്.
അതിനിടെ , മഹേശന്‍ വന്‍ വെട്ടിപ്പ് നടത്തിയെന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ വെളിപ്പെടുത്തല്‍ അണികള്‍ക്കിടയില്‍ ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുമുണ്ട്. മഹേശന്റെ മരണത്തിന്റെ പിറ്റേന്ന്, അയാള്‍ തന്റെ വിശ്വസ്തനും വലംകൈയുമായിരുന്നുവെന്നും ഒരു സാമ്പത്തിക തിരിമറിയും അയാള്‍ നടത്തിയിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കടക വിരുദ്ധമായിട്ടാണ് തുഷാര്‍ പ്രതികരിച്ചിരിക്കുന്നത്. അഛന്റെയും മകന്റെയും അഭിപ്രായങ്ങളിലെ ഈ വൈരുദ്ധ്യമാണ് അണികളെ സംശയത്തിലാക്കിയിരിക്കുന്നത്.