വാഴ്‌വേ മായം 2- ഖുശ്ബുവിന്‍ കനവുകള്‍, നിനവുകള്‍

പി.കെ ശ്രീനിവാസന്‍
Mon, 30-11-2020 10:42:00 PM ;

കളങ്ങള്‍ മാറിമാറിച്ചവുട്ടാനുള്ള സ്വാന്ത്ര്യത്തെയാണ് നാം ഇന്ത്യന്‍ ജനാധിപത്യം എന്ന് വിശേഷിപ്പിക്കുന്നത്. അതിന്റെ രസമറിയണമെങ്കില്‍ തമിഴ്‌നാട്ടിലേക്ക് വണ്ടി കയറുക. തമിഴക രാഷ്ട്രീയത്തില്‍ ഇന്ന് വിലസി നില്‍ക്കുന്ന രാഷ്ട്രീയ നേതാക്കളില്‍ പലരും കളംമാറിച്ചവുട്ടു വിദ്യയില്‍ അഗ്രഗണ്യരാണ്. അക്കൂട്ടത്തിലെ ഒരു വനിതാനേതാവാണ് സാക്ഷാല്‍ ഖുശ്ബു എന്ന നടി. ഖുശ്ബുവിനെ കണ്ടാല്‍ നിങ്ങള്‍ക്ക് ആനന്ദരസം മുറിയാതെ ലഭിക്കുമെന്നുറപ്പാണ്. എത്ര തവണ കളം മാറിയെന്ന് ചോദിച്ചാല്‍ അവര്‍ക്കു ഉത്തരംമുട്ടിയെന്നിരിക്കും. എന്തായാലും ഇപ്പോള്‍ ബി.ജെ.പിയില്‍ എത്തിയിരിക്കുകയാണ് അവര്‍. ഗുണഗണങ്ങള്‍ വര്‍ദ്ധിച്ചപ്പോള്‍ ആരാധകര്‍ അവര്‍ക്ക് ചെന്നൈയിലെ പമ്മല്‍ എന്ന സ്ഥലത്ത് ക്ഷേത്രംപോലും പണിഞ്ഞുവച്ചു. പൂണൂലിട്ട ഒരു പൂജാരി ദിവസവും രാവിലെയും വൈകുന്നേരവും വന്നു നടതുറന്ന് ഖുശ്ബുവേ നമഃ എന്ന് ആയിരൊത്തൊന്നുവട്ടം ജപിച്ച് പൂജ നടത്തിപ്പോകുന്നത് നിസ്സാര കാര്യമല്ലല്ലോ? മുംബൈയിലെ അന്ധേരിയില്‍ മുസ്ലിം കുടുംബത്തില്‍ ജനിച്ച നഖത്ത് ഖാന്‍ എന്ന ഖുശ്ബുവിന് തമിഴകത്ത് സ്വന്തമായി ഒരു ക്ഷേത്രം ഉയരുകയെന്നത് ചില്ലറക്കാര്യമല്ല. (രാഷ്ട്രീയക്കാരുടെ ഇടപെടല്‍ കാരണം പൊറുതിമുട്ടിയ ശിവനെപ്പോലുള്ള ദ്രാവിഡ ദൈവങ്ങള്‍ക്ക് ക്ഷേത്രവാസം ഇന്ന് വിധിച്ചിട്ടുള്ളതല്ല.)  

ഇടക്കിടക്ക് വിടുവായത്തം പറയുന്ന ഈ നടി പല അപകടങ്ങളിലും ചെന്നു ചാടിയിട്ടുണ്ട്. 'വിവാഹത്തിനു മുമ്പ് പെണ്‍കുട്ടികള്‍ക്ക് കന്യകാത്വം വേണമെന്ന് നമ്മുടെ സുമൂഹം നിര്‍ബന്ധം പിടിക്കുന്നത് അത്ര ശരിയല്ല' എന്ന 2005 ലെ പ്രസ്താവന എന്തൊക്കെ പുകിലുകളാണ് സൃഷ്ടിച്ചത്. അഞ്ചു വര്‍ഷം വേണ്ടിവന്നു നിയമപരമായി ആ കേസ് സുപ്രീംകോടതി ഒത്തുതീര്‍പ്പാക്കാന്‍. എന്തായാലും പൊല്ലാപ്പായ പ്രസ്താവന അതിനു ശേഷം ഉണ്ടായോ എന്നറിയില്ല. തകര്‍പ്പന്‍ അഭിനയവും സെറ്റ് ഡാന്‍സുകളും കൊണ്ട് സിനിമയില്‍ വിലാസം സ്ഥാപിച്ചപ്പോഴാണ് ഖുശ്ബുവിന് രാഷ്ട്രീയപ്പനി പിടിപെടുന്നത്. അങ്ങനെ 2010 മേയില്‍ ഗോപാലപുരത്തെത്തി സാക്ഷാല്‍ മുത്തുവേല്‍ കരുണാനിധിയെ നേരില്‍ കണ്ട് പാര്‍ട്ടിയില്‍ അംഗത്വമെടുക്കുന്നു. പാര്‍ട്ടിക്ക് അവര്‍ ഒരു ഖനിയാണെന്ന് ഒപ്പം നിന്നവര്‍ തമ്മില്‍ രഹസ്യം പറഞ്ഞപ്പോള്‍, സ്വന്തം ഭര്‍ത്താവ് സുന്ദര്‍ മാത്രമല്ല രണ്ടു മക്കളും രോമാഞ്ചം കൊണ്ടു എന്നാണ് കോടമ്പാക്കത്തെ ചരിത്രകാരന്മാര്‍ പോലും നിലവിളിച്ചത്. 

എന്നാല്‍ തന്നെ ഡി.എം.കെയിലെ അടുത്ത വാരിശിയായ (അവകാശി) സ്റ്റാലിന്‍ പ്രകടമായി പിന്‍തള്ളിയെന്നും പാര്‍ട്ടിയില്‍ വളരാനുള്ള സകല സാധ്യതകളും തടഞ്ഞുവച്ചെന്നും പറഞ്ഞതോടെ പാര്‍ട്ടിയില്‍ അവര്‍ ഒറ്റപ്പെട്ടു.  ഡി.എം.കെ കാര്യമായി ഗൗനിക്കുന്നില്ല എന്ന പ്രസ്താവനയോടെ ഖുശ്ബു വേലി പൊളിച്ചു 2014 നവംബറില്‍ പുറത്തു ചാടുന്നു. കോണ്‍ഗ്രസിന്റെ മൂവര്‍ണഷാള്‍ എടുത്തണിഞ്ഞ ധീരവനിതയായിട്ടാണ് നാം ഖുശ്ബുവിനെ പിന്നീട് കാണുന്നത്. അതിനിടയില്‍ നൂറോളം ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചുകഴിഞ്ഞിരുന്നു. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന്റെ 'നക്ഷത്രപ്രചാരക' ആയിരുന്നു ഖുശ്ബു. പിന്നീട് എ.ഐ.സി.സി വക്താവായിട്ടാണ് നാം ഖുശ്ബുവിനെ കാണുന്നത്. 'കോണ്‍ഗ്രസില്‍ നിന്ന് ഞാനെങ്ങും പോകുന്നില്ല' എന്ന് ആണയിട്ടു പറഞ്ഞ ഈ നടിയുടെ മനസ്സ് പഞ്ഞിപോലെ നനയുകയായിരുന്നു. 
 

കോണ്‍ഗ്രസിനകത്തെ ചക്കളത്തിപ്പോരാട്ടം കൊണ്ടു പൊറുതിമുട്ടിയ ഖുശ്ബുവിന്റെ കണ്ണ് ഡല്‍ഹിയിലേക്ക് നീണ്ടത് പെട്ടെന്നായിരുന്നു. ഡി.എം.കെയിലെ എം.എല്‍.എമാരെയും കരുണാനിധിയുടെ വിമതപുത്രന്‍ എം.കെ അഴഗിരിയെപ്പോലും തങ്ങളുടെ കുടക്കീഴിലാക്കി പാര്‍ട്ടിയെ വളര്‍ത്താന്‍ കുറുക്കുവഴികള്‍ നോക്കിനടന്ന ബി.ജെ.പിക്ക് ഖുശ്ബുവിനെക്കുറിച്ചോര്‍ത്തപ്പോള്‍ ആവേശം  ഉണ്ടായത് സ്വാഭാവികം. ഇതാ ഇപ്പോള്‍ അവര്‍ നേരേ കയറിച്ചെന്നത് ഡല്‍ഹിയിലേക്കാണ്. മുതിര്‍ന്ന ബി.ജെ.പി നേതാക്കന്മാരുടെ അനുഗ്രഹത്താല്‍ അവര്‍ കാവിപുതച്ചു സന്തോഷവതിയായി ചെന്നൈയിലേക്ക് പറന്നു.

എന്തായാലും അഞ്ചുവര്‍ഷത്തിനുള്ളില്‍ തമിഴകത്തിന്റെ ഭരണം പിടിച്ചെടുക്കുമെന്ന് പ്രസ്താവിച്ച ബി.ജെ.പി നേതാക്കന്മാരുടെ പുതിയ തന്ത്രങ്ങളുടെ പ്രചാരകയായി എത്തുന്ന ഖുശ്ബുവിന്റെ ഭാവി സുരക്ഷിതമാണ്. ദ്രാവിഡക്കോട്ടയില്‍ നിന്ന് കോണ്‍ഗ്രസിലേക്കും അവിടെ നിന്ന് കാവിക്കോട്ടയിലേക്കും നിരന്തരം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഖുശ്ബുവിനു അടുത്ത നിയമസഭാതെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പാണെന്ന് ജനം പറയുന്നതില്‍ അത്ഭുതമില്ലല്ലോ.എന്തായാലും ചെന്നൈയിലെ പമ്മലിലെ ഖുശ്ബുക്ഷേത്രത്തിലെ പ്രതിഷ്ഠയാണ് പാര്‍ട്ടിയുടെ ശക്തിയെന്ന് ബി.ജെ.പി മനസ്സിലാക്കുമെന്നുറപ്പാണ്.  


മുതിര്‍ന്ന മാദ്ധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമാണ് പി.കെ ശ്രീനിവാസന്‍.

 

Tags: