അഭയ കേസ് അട്ടിമറിച്ചവരെ കണ്ടെത്താന്‍ അന്വേഷണ കമ്മീഷന്‍ വേണം

Glint Desk
Wed, 23-12-2020 05:56:21 PM ;

അഭയയെ കൊല ചെയ്ത പ്രതികള്‍ ശിക്ഷിക്കപ്പെട്ടു. ആ കൊലപാതകത്തിനേക്കാള്‍ ഗുരുതരവും തീവ്രവുമായ കുറ്റകൃത്യങ്ങളാണ് ആ കൊലപാതകത്തെ മൂടി വയ്ക്കാന്‍ നടത്തിയ ശ്രമങ്ങള്‍. അത് വ്യക്തമാകുന്നത് ആ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട സ്ഥാപനങ്ങളിലേക്ക് നോക്കുമ്പോഴാണ്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍, കേന്ദ്ര സംസ്ഥാന അന്വേഷണ ഏജന്‍സികള്‍, വത്തിക്കാന്‍, മതമേലധ്യക്ഷന്മാര്‍, കോടതി എന്ന് വേണ്ട ജനായത്ത സംവിധാനത്തിലെ എല്ലാ സ്ഥാപനങ്ങളും സംഘടിതമായി ഈ കുറ്റകൃത്യത്തില്‍ ഏതാണ്ട് നഗ്നമായി തന്നെ ഇടപെട്ടു. ഒന്നോ അതിലധികമോ വ്യക്തികള്‍ പ്രത്യേക സാഹചര്യത്തില്‍ അഭയയെ കൊന്ന് കിണറ്റില്‍ തള്ളിയതിനേക്കാള്‍ എത്രയോ വലിയ കുറ്റകൃത്യമാണ് ഈ സംവിധാനങ്ങളുടെ താക്കോല്‍ സ്ഥാനങ്ങളിലുള്ളവര്‍ ചെയ്തത്.

ജനായത്ത സംവിധാനത്തെ കശാപ്പ് ചെയ്യുകമാത്രമല്ല, ചില വ്യക്തികള്‍ ഈ സ്ഥാപനങ്ങളെ ഉപയോഗിച്ച് ചെയ്തത്, മറിച്ച് സാധാരണ മനുഷ്യന്റെ ജീവനും സ്വത്തിനും വിലയില്ലാത്ത സുരക്ഷിതത്വമില്ലാത്ത ഒരു സാഹചര്യത്തെ സൃഷ്ടിക്കുകയും ചെയ്തു. സി.ബി.ഐ ഡയറക്ടര്‍ ത്യാഗരാജന്‍ കേസന്വേഷിച്ച വര്‍ഗീസ് പി തോമസിനോട് അഭയയുടേത് ആത്മഹത്യയാക്കി മാറ്റാന്‍ അവശ്യപ്പെടുന്നു. അഭയ മരിച്ചുകിടന്ന കിണറും പരിസരവും നേരിട്ട് കാണണമെന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രഘുനാഥന്‍ ഉത്തരവിടുന്നു. ആ ഉത്തരവ് പിന്‍വലിക്കണമെന്ന് സിറ്റിങ് ജഡ്ജി രജിസ്റ്റാറിലൂടെ മജിസ്‌ട്രേറ്റിനോടാവശ്യപ്പെടുന്നു. അതിന് വഴങ്ങാതായപ്പോള്‍ അഭയകേസ് ഫയല്‍ മുഴുവന്‍ ഹൈക്കോടതി പിടിച്ചെടുക്കുന്നു. തുടര്‍ന്ന് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ സ്ഥലം മാറ്റുകയും ചെയ്യുന്നു. അഭയയുടെ മരണം കൊലപാതകമാണെന്ന റിപ്പോര്‍ട്ട് മാറ്റാതിരുന്ന വര്‍ഗീസ് പി തോമസും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് രഘുനാഥും സര്‍വീസില്‍ നിന്ന് രാജി വച്ചു. അവര്‍ ലോകത്തോട് തുറന്ന് പറഞ്ഞു. അഭയയുടേത് കൊലപാതകമാണെന്ന്. പലതവണ കോടതി തന്നെ തള്ളിക്കളയുകയും സി.ബി.ഐ കേസവസാനിപ്പിക്കുകയും ചെയ്തിരുന്നു. എന്നിട്ടും മനസാക്ഷി മരവിക്കാത്ത ഏതാനും മജിസ്‌ട്രേറ്റുമാരും കേസുമായി മുമ്പോട്ട് പോയ ജോമോന്‍ പുത്തന്‍പുരയ്ക്കലും നിമിത്തം കേസില്‍ പുനരന്വേഷണം വന്നു. ജോലി രാജിവച്ചവരുടെ ത്യാഗവും, ചില മജിസ്‌ട്രേറ്റുമാരുടെ സത്യസന്ധതയും ധൈര്യവും അടയ്ക്കാ രാജുവിന്റെ സാക്ഷിമൊഴിയും സത്യത്തെ ഉയര്‍ത്തെഴുന്നേല്‍പ്പികുകയാണുണ്ടായത്. 

ഈ സ്ഥാപനങ്ങളെ ഇത്രയും കൊടിയ കുറ്റം ചെയ്യാന്‍ ഇടയാക്കിയതിലൂടെ സമൂഹത്തിലവശേഷിക്കുന്ന സന്ദേശം വളരെ വിനാശകരമാണ്. പണവും സ്വാധീനവുമുണ്ടെങ്കില്‍ ഇവിടുത്തെ ഏത് സംവിധാനത്തെയും വരുതിക്ക് നിര്‍ത്താന്‍ കഴിയും എന്ന സന്ദേശം. ഇത് ആശ്വാസ്യമല്ല. അഭയയെ കൊലപാതകത്തേക്കാള്‍ കൊടിയ കുറ്റകൃത്യമാണ്. ഈ കുറ്റകൃത്യത്തിലേര്‍പ്പെട്ട കുറ്റവാളികളെ കണ്ടെത്തി ശിക്ഷിച്ചില്ലെങ്കില്‍ നിലവിലെ സംവിധാനം പണവും സ്വാധീനമുള്ളവര്‍ക്ക് വെറും കാര്യസാധ്യമാര്‍ഗമായി മാറുക തന്നെ ചെയ്യും. അതിനാല്‍ അഭയകേസ് തമസ്‌കരിക്കാന്‍ ശ്രമിച്ച കുറ്റകൃത്യത്തിലേര്‍പ്പെട്ടവരെ കണ്ടെത്തി ശിക്ഷിക്കേണ്ടത് അനിവാര്യമാണ്. അതിനായി ഫലവത്തായ ഒരന്വേഷണ കമ്മീഷനെ ഇതിനായി നിയോഗിക്കേണ്ടത് ഏറ്റവും ചുരുങ്ങിയ ആവശ്യമാണ്. 

Tags: