Skip to main content

Innocent in Geethanjaliക്യാൻസർ രോഗ ചികിത്സയ്ക്കു ശേഷം ഇന്നസെന്റ് വീണ്ടും ക്യാമറയ്ക്കു മുന്നിലേക്ക്. തന്റെ പ്രിയടീമിനൊപ്പമാണ് ഇന്നസെന്റിന്റെ ഈ തിരിച്ചുവരവ്. രോഗത്തേയും ഇടവേളയേയും ചികിത്സകൊണ്ടും ചിരികൊണ്ടും നേരിട്ടുള്ള ഈ വരവ് സിനിമാലോകം കാത്തിരുന്നതാണ്. മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയെ കേന്ദ്രകഥാപാത്രമാക്കി പ്രിയദർശൻ ഒരുക്കുന്ന ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് ഇന്നസെന്റ് വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തിയത്. മോഹൻലാലിനും പ്രിയദർശനുമൊപ്പം സെറ്റിൽ തമാശയും കളിചിരിയുമായി ആഘോഷമാക്കുകയാണ് ഇന്നസെന്റ്.

 

പണത്തോട് ആർത്തിയുള്ള എന്നാൽ തമാശക്കാരനായ തങ്കപ്പൻ പിള്ളയെയാണ് ഇന്നസെന്റ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്.

 

പ്രിയന്റെ പടമായതിനാൽ വെറുതെയൊരു വേഷമാകില്ല. പിന്നെ ഇവർക്കൊപ്പം മടങ്ങിവരുന്നതിന്റെ സുഖമുണ്ട്. ഇതു കഴിഞ്ഞാൽ സത്യൻ അന്തിക്കാടിന്റെ ചിത്രത്തിലേക്കാണ്. അതും സ്വന്തം സെറ്റുപോലെയായിരിക്കും- ഇന്നസെന്റ് പറയുന്നു.

 

ബാല്യകാലസഖി വീണ്ടും വരുന്നു

ബഷീറിന്റെ ബാല്യകാലസഖി വീണ്ടും സിനിമയാവുന്നു. മലയാളികളുടെ മനസിൽ ഇടം പിടിച്ച മജീദും സുഹറയുമാവുന്നത് മമ്മൂട്ടിയും ഇഷാ ഷെർവാണിയുമാണ്. മമ്മൂട്ടി മജീദാവുന്നതിനൊപ്പം ബാപ്പയായും ഇരട്ടവേഷത്തിലാണ്. പ്രമോദ് പയ്യന്നൂരാണ് സംവിധാനം. നേരത്തെ പ്രേംനസീറിനെയും ഷീലയേയും പ്രധാനവേഷത്തിലവതരിപ്പിച്ച് ശശികുമാറാണ് ബാല്യകാലസഖി ഒരുക്കിയത്. അന്ന്‍ ചിത്രം പരാജയമായിരുന്നു.

 

ബംഗാളി നടൻ പരമ്പ്രത ചാറ്റർജി, സീമ ബിശ്വാസ്, ബിജുമേനോൻ, കെ.പി.എ.സി ലളിത, മാമുക്കോയ എന്നിവരാണ് മറ്റു താരങ്ങൾ. ആലപ്പുഴയിലെ പെരുന്വളം ദ്വീപിൽ പ്രത്യേകം സെറ്റിട്ടാണ് പഴയകാലം പുന:സൃഷ്ടിക്കുന്നത്. കൊൽക്കത്തയാണ് മറ്റൊരു ലൊക്കേഷൻ. ആഗസ്ത് അഞ്ചിന് ചിത്രീകരണം ആരംഭിക്കും. മലയാളം, തമിഴ്, ബംഗാളി ഭാഷകളിൽ ഒരേസമയം ചിത്രം റിലീസ് ചെയ്യും. ഗൾഫ് മലയാളികളായ എം.ഡി.മുന്‍സിൻ, സജീബ്ഹാഷിം, എടയത്ത് രവി എന്നിവരാണ് നിർമ്മാണം. പഴയ ചിത്രത്തിന് എം.എസ് ബാബുരാജാണ് ഈണം പകർന്നിരുന്നത്. പുതിയ ചിത്രത്തിൽ രാഘവൻമാസ്റ്ററും ഷഹബാസ് അമനും സംഗീതം നൽകിയിരിക്കുന്നു.

 

ഉയരങ്ങളിൽ വീണ്ടും

മോഹൻലാലിന്റെ വില്ലത്തരം കൊണ്ട് പ്രേക്ഷകമനസിൽ ഇടം നേടിയ ചിത്രമാണ് ഉയരങ്ങളിൽ. എം.ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഐ.വി ശശി സംവിധാനം ചെയ്ത ചിത്രം വീണ്ടും അവതരിപ്പിക്കുന്നു. ജോമോനാണ് സംവിധാനം. കാലികമായ മാറ്റങ്ങളോടെ എം.ടി തന്നെ തിരക്കഥയെഴുതും. വൈശാഖ രാജനാണ് നിർമ്മാണം. 1984ൽ പുറത്തുവന്ന ഈ ത്രില്ലർ ചിത്രത്തിൽ മോഹൻലാലിനെ തന്നെ അഭിനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സംവിധായകൻ.