ഇന്ത്യൻ ഫുട്‌ബോളിന്റെ കറുത്തമുത്ത് ഐ.എം വിജയൻ തമിഴ് സിനിമയിലേക്ക് . തിർക്ക് മാസി വീഥി എന്ന സിനിമയിൽ കഠാരി എന്ന വില്ലനായാണ് വിജയന്‍ തമിഴ് സിനിമയിലേക്ക് വീണ്ടും കടക്കുന്നത്. ചിത്രം തമിഴാണെങ്കിലും അണിയറയിൽ ഏറെയും മലയാളികളാണ്. പ്രണയത്തിന്റെയും വലയൻസിന്റെയും വേറിട്ട വഴികളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ചെന്നൈയിലും മധുരയിലുമായി ചിത്രീകരിച്ച തിർക്ക് മാസി വീഥിയുടെ ചില ഭാഗങ്ങൾ പകര്‍ത്തിയത് വടക്കഞ്ചേരിയിലുമായിരുന്നു. സംവിധാനം മുകിൽ. തമിഴ് ചലച്ചിത്രതാരം പാണ്ഡ്യന്റെ മകൻ പൃഥ്വിയാണ് നായകൻ. കളഭമഴയിലൂടെ നായികയായെത്തി മഴവില്‍ മനോരമയിൽ കോമഡി ഫെസ്റ്റിവലിൽ അവതാരികയായ ദേവികയാണ് നായിക. തീപ്പെട്ടി ഗണേശൻ കിജോ, മുത്തുക്കാള ബാലസിംഗ്, പുതുമുഖം കണ്ണൻ, ശ്രദ്ധ, അംബികാമോഹൻ എന്നിവരും അഭിനയിക്കുന്നു. വൈരശേരി സമന്വയ ക്രിയേഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ക്യാമറ കണിപ്രസാദ്, പ്രസാദ് കാവിൽപ്പാട്, സംഭാഷണം ഉദയ പാണ്ഡ്യൻ, എഡിറ്റിംഗ് സായി സുകേഷ്, ഗാനരചന മുത്തുവിജയൻ, മുത്തുകുമാർ, സംഗീതം ജെ.വി. ബാപ്പയ്യൻ.