തമിഴ്‌നാട്ടില്‍ വെല്ലുവിളി ഏറ്റെടുത്ത് കമലഹാസന്‍

Glint staff
Fri, 21-07-2017 07:46:26 PM ;
chennai

kamal hassan

തമിഴ്‌നാട്ടില്‍ കമലഹാസന്റെ വാക്കുകള്‍ എ.ഐ.എഡി.എം.കെ നേതാക്കളെ പൊള്ളിച്ചു തുടങ്ങി. അഴിമതിയെ കുറിച്ചുളള പരാതികള്‍ ബന്ധപ്പെട്ട മന്ത്രിമാരെ മൂടത്തക്കവണ്ണം അയച്ചുകൊടുക്കാന്‍ കമലഹാസ്സന്‍ തന്റെ ആരാധകരെ ആഹ്വാനം ചെയതു. സംസ്ഥാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചുവെന്ന കാര്യം ഉയര്‍ത്തിക്കൊണ്ട് കമലഹാസന്‍ രാഷ്ട്രീയ പ്രവേശം നടത്തുമെന്ന് സൂചനകള്‍ നല്‍കിയ നാള്‍ മുതല്‍ മുഖ്യമന്ത്രി പളനിസാമിയും സഹമന്ത്രിമാരും കമലിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തുണ്ട്.
  

 

'എനിക്ക് രാഷ്ട്രീയമറിയില്ലെന്നാണ് എന്റെ അനുജനായ ധനകാര്യ മന്ത്രി ജയകുമാര്‍ പറയുന്നത്. ഞാന്‍ അഴിമതിക്കെതിരെ സംസാരിച്ച നിമിഷം മുതല്‍ ഞാന്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിരിക്കുകയാണെ'ന്ന് കമലഹാസ്സന്‍ പറഞ്ഞു.
    

 

ജെല്ലിക്കെട്ടു നിരോധിച്ചപ്പോള്‍ അതിനെതിരെ ഉയര്‍ന്ന ജനമുന്നേറ്റത്തെ പിന്തുണച്ചു കൊണ്ട് കമലഹാസ്സന്‍ തമിഴ്‌നാട്ടിലെ ദ്രാവിഡ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയുണ്ടായി. അഴിമതി അതിന്റെ കൊടിയ രൂപത്തില്‍ മറയില്ലാതെ തമിഴകത്തെ ചൂഴ്ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് കമലഹാസ്സന്‍ രാഷ്ട്രീയ പ്രവേശം നടത്തുന്നതെന്നുള്ളതാണ് ഇപ്പോള്‍ പ്രസക്തമാകുന്നത്. കമല്‍ സിനിമാ താരമാണെങ്കിലും താരപരിവേഷത്തിന്റെ ആനുകുല്യം രാഷ്ട്രീയമായി വിനിയോഗിച്ചു കൊണ്ട് രാഷ്ട്രീയമായി നേരിടാനാണ് ഒരുങ്ങുന്നത്. താരകേന്ദ്രീകൃതമായ അന്ധമായ ആരാധനയിലേക്ക് ആരാധകരെ വഴി തിരിക്കുന്നതിനു പകരം അവരെ രാഷ്ട്രീയമായി ഉദ്ബുദ്ധരാക്കുന്നതിനുള്ള ശ്രമം കൂടിയാണ് കമല്‍ നടത്തുന്നത്. തമിഴ്‌നാട്ടിലെ താരരാഷ്ട്രീയത്തിന്റെ പതിവ് രീതി തിരിച്ചുവിടാനും കമല്‍ ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തില്‍ നിന്ന് കമലിന്റെ രാഷട്രീയ പ്രവേശനം വ്യത്യസ്തമാകുന്നത്. സുബ്രഹ്മണ്യ സ്വാമിയുടെ വെട്ടോടുകൂടി രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശം ഉപേക്ഷിച്ച മട്ടാണ്. രാഷ്ട്രീയത്തിലിറങ്ങാന്‍ രജനി യോഗ്യനല്ലെന്ന് സ്വാമി പ്രഖ്യാപിച്ചിരുന്നു. അങ്ങനെ സംഭവിച്ചാല്‍ രജനിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ താന്‍ പുറത്താക്കുമെന്ന് സ്വാമി ഭീഷണിക്കും മുഴക്കിയിരുന്നു.
     

 

അന്ധമായ താരാരാധനയുടെ പേരില്‍ അണികള്‍ പിന്നില്‍ നിരന്നതാണ് അഴിമതി ഇത്രയധികം വര്‍ധിക്കാനും പരസ്യമായി അത് അവകാശം പോലെ കൊണ്ടു നടക്കാന്‍ ദ്രാവിഡ പാര്‍ട്ടി നേതാക്കള്‍ക്ക് അവസരം നല്‍കിയത്. അതില്‍ നിന്ന് വ്യത്യസ്തമായി തമിഴ് സത്വത്തെ ഉണര്‍ത്തി ആത്മാഭിമാനത്തിന്റെ വഴിയിലൂടെ ജനങ്ങളെ രാഷ്ട്രീയവത്കരിക്കാനാണ് കമല്‍ ശ്രമിക്കുന്നത്.

 

Tags: