വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന ബുള്‍ബാറുകള്‍ക്കും ക്രാഷ് ഗാര്‍ഡുകള്‍ക്കും കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള നിര്‍ദേശം എല്ലാ സംസ്ഥാന ട്രാന്‍സ്‌പോര്‍ട് കമ്മീഷണര്‍മാര്‍ക്കും കൈമാറിയിട്ടുണ്ട്. മോട്ടോര്‍വെഹിക്കിള്‍ ആക്ട് 1988 സെക്ഷന്‍ 52 പ്രകാരം ബുള്‍ബാറുകളും ക്രാഷ് ഗാര്‍ഡുകളും ഘടിപ്പിക്കുന്നത് നിയമ വിരുദ്ധമാണെന്നും ഇത് ലംഘിക്കുന്നവരില്‍ നിന്ന് സെക്ഷന്‍ 190, 191 പ്രകാരം 250 മുതല്‍ 2000 രൂപ വരെ പിഴ ഈടാക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
എന്നാല്‍ ഇരുചക്രവാഹനങ്ങളില്‍ ഈ നിയമം ബാധകമാണോ എന്ന് വ്യക്തതയില്ലെന്നും, കൂടുതല്‍ വിശദീകരണം അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര റോഡ് ട്രാന്‍സ്‌പോര്‍ട് മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ടെന്നും കേരള ട്രാന്‍സ്‌പോര്‍ട് കമ്മിഷണറുടെ ഓഫീസ് അറിയിച്ചു.
വാഹനാപകടം നടന്നുകഴിഞ്ഞാല്‍ ഇടിയുടെ ആഘാതം കുറയ്ക്കുന്നതിനാണ് ബംബറുകള്‍ ഉള്ളത്. വാഹനത്തിന്റെ ബോഡിയെക്കാള്‍ കനം കുറവായിരിക്കും ബംബറുകള്‍ക്ക്. അതുകൊണ്ട് തന്നെ വാഹനം എവിടെയെങ്കിലും ഇടിക്കുകയാണെങ്കില്‍ ബംബറുകള്‍ എളുപ്പത്തില്‍ തകരും. ഇതുവഴി ഇടിയുടെ ആഘാതം വാഹനത്തിനുള്ളിലേക്ക് എത്താതിരിക്കുകയും ചെയ്യും. അടുത്ത കാലത്തായി വാഹനങ്ങളുടെ പുറകിലും ഇത്തരത്തിലുള്ള ഇടിതാങ്ങികള്‍ കണ്ടുവരുന്നുണ്ട്, ഇതും അപകടമാണ്.
വാഹനത്തിന്റെ സുരക്ഷയെ കരുതിയാണ് പലരും വാഹനത്തില്‍ ബുള്‍ബാറുകള്‍ വയ്ക്കുന്നത്, പക്ഷെ വാഹനത്തിലുള്ളവര്‍ അരക്ഷിതരാവുകയാണ് ഇതിലൂടെ.ഇടിയുണ്ടായാല്‍ എയര്‍ബാഗ് തുറക്കുകയില്ലെന്ന് മാത്രമല്ല ഇടിയുടെ ആഘാതം പൂര്‍ണ്ണമായും ഡ്രൈവറുടെ ക്യാബിനില്‍ ഏല്‍ക്കാനിടയാക്കുകയും ചെയ്യും.
ബൈക്കുകളിലെ ക്രാഷ് ഗാര്‍ഡുകള്‍ അപകടത്തിന്റെ വ്യപ്തികുറക്കുന്നു എന്നാണ് ഉപയോക്താക്കള്‍ പറയുന്നത്. ക്രാഷ് ഗാര്‍ഡുള്ളത് കൊണ്ട് വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവരും ഉണ്ട്.