രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതോടെ സിനിമാ അഭിനയം അവസാനിപ്പിക്കുകയാണെന്ന് കമല്‍ ഹാസന്‍. രാഷ്ട്രീയ പ്രവേശനത്തിനുള്ള തന്റെ തീരുമാനം അന്തിമമാണ്, അതുകൊണ്ട് തന്നെ മുഴുവന്‍സമയവും അതിനായി നീക്കിവെക്കാനാണ് ഉദ്ദേശിക്കുന്നതെന്നതെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.
ബോസ്റ്റണിലെ ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയില്‍ വെച്ച് ഒരു സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹ ഇക്കാര്യം വെളിപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോല്‍ക്കുകയാണെങ്കില്‍ തീരുമാനം മാറ്റുമോ എന്ന ചോദ്യത്തിന് 'സത്യസന്ധമായി ജീവിക്കുന്നതിനു വേണ്ടി എന്തെങ്കിലും ജോലി ചെയ്യേണ്ടി വരുമെന്നും പക്ഷേ, തോല്‍വിയുണ്ടാവില്ലെന്നാണ് കരുതുന്നെതെന്നും' കമല്‍ പറഞ്ഞു.
ദ്രാവിഡ സംസ്‌ക്കാരത്തെ സംരക്ഷിക്കുന്നതായിരിക്കും തന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രിയാവുകയല്ല തന്റെ ലക്ഷ്യമെന്നും കമല്‍ പറഞ്ഞു.