ആസാമിലെ നഗാവ് ജില്ലയില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സഹപാഠികള്‍ വീട്ടില്‍കയറി കൂട്ടബലാത്സംഘം ചെയ്ത ശേഷം കത്തിച്ചു. ശരീരത്തില്‍ തൊണ്ണൂറു ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി നഗാവ് ജില്ലാ ആശുപത്രിയില്‍ വച്ച് മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം.
സ്‌കൂളില്‍ തനിക്കൊപ്പം പഠിക്കുന്ന ആണ്‍കുട്ടികളാണ് ബലാത്സംഘം ചെയ്തതെന്ന പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രതികള്‍ മൂന്നുപേരും പ്രായപൂര്‍ത്തി ആകാത്തവരാണ്.
സ്‌കൂളില്‍ വിട്ട് തിരിച്ചെത്തിയ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്ന സമയത്ത് അക്രമികള്‍ വീട്ടില്‍ അതിക്രമിച്ചു കയറി കൂട്ടബലാത്സംഘം ചെയ്യുകയായിരുന്നു. പീഡിന ശേഷം പെണ്‍കുട്ടിയുടെ ശരീരത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി, തുടര്‍ന്നിവര്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
വീട്ടില്‍നിന്നും തീയും പുകയും ഉയരുന്നതു കണ്ട് എത്തിയ ബന്ധുക്കളാണ് പെണ്‍കുട്ടിയെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.