Skip to main content

sonia gandhi-shivasena-ncp

മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന് ശിവസേനക്ക് ഒരുതരത്തിലുള്ള പിന്തുണയും നല്‍കില്ലെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധി .ഇന്നലെ കോണ്‍ഗ്രസ് സഖ്യകക്ഷിയായ എന്‍സിപി നേതാവ് ശരദ് പവാറുമായി ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ച്ചയെ തുടര്‍ന്ന്  ശിവസേന-എന്‍സിപി സഖ്യം മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുകയും കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണക്കുകയും ചെയ്യുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് ശിവസേനയുമായി യാതൊരു ഒത്തുപോകലിനും  തയ്യാറല്ലെന്ന് സോണിയ ഗാന്ധി  വ്യക്തമാക്കിയത്.


കൂടിക്കാഴ്ചയില്‍ എന്താണ് സംഭവിച്ചതെന്ന് പറയുന്നില്ലെന്നും  മറ്റൊരു കൂടിക്കാഴ്ച കൂടി നടത്തിയേക്കാമെന്നും സോണിയാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം  ശരദ് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്  ഗവര്‍ണറുമായി സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.ജനവിധിയുള്ള ആര്‍ക്കും സര്‍ക്കാര്‍ രൂപീകരിക്കാമെന്ന് റാവത്ത് പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വന്ന് രണ്ടാഴ്ചയായിട്ടും സര്‍ക്കാര്‍ രൂപീകരണം മഹാരാഷ്ട്രയില്‍ അനിശ്ചിതത്വത്തിലാണ്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുടെ ബിജെപി, ശിവസേന തര്‍ക്കമാണ് സര്‍ക്കാര്‍ രൂപീകരണം വൈകിപ്പിക്കുന്നത്. മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി നവംബര്‍ എട്ടിന് അവസാനിക്കും. അതിനുമുമ്പ് സര്‍ക്കാര്‍ രൂപീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കും.