ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി സെപ്തംബര്‍ 30ന്

Glint desk
Wed, 16-09-2020 03:36:30 PM ;

ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസില്‍ പ്രത്യേക കോടതി സെപ്തംബര്‍ 30ന് വിധി പ്രസ്താവിക്കും. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് 28 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴാണ് കേസില്‍ വിധി പ്രസ്താവിക്കാന്‍ പോകുന്നത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവരാണ് കേസിലെ പ്രതികള്‍. ലഖ്‌നൗവിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുക. 

മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍സിങ് തുടങ്ങി കേസിലെ 32 പ്രതികളും അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് നിര്‍ദേശിച്ചു.

ബാബ്‌റി മസ്ജിദ് തകര്‍ത്തതിന് പിന്നിലെ ഗൂഢാലോചനയില്‍ പങ്കില്ലെന്നും രാഷ്ട്രീയ പകപോക്കലിനായി കേസിലേക്ക് വലിച്ചിഴച്ചതാണെന്നും എല്‍.കെ അദ്വാനി കോടതിയില്‍ മോഴി നല്‍കിയിരുന്നു. മുരളി മനോഹര്‍ ജോഷിയും വിചാരണയില്‍ കുറ്റം നിഷേധിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് കോടതി ഇവരുടെ മൊഴി രേഖപ്പെടുത്തിയത്. 

സെപ്റ്റംബര്‍ 30 നുള്ളില്‍ കേസില്‍ വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.

Tags: