ലക്ഷദ്വീപിനൊപ്പം തമിഴ്‌നാട്; അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് പ്രധാനമന്ത്രിയോട് സ്റ്റാലിന്‍

Glint desk
Thu, 27-05-2021 07:29:33 PM ;

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. അഡ്മിനിസ്‌ട്രേറ്റര്‍ ജനവിരുദ്ധനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ കെ പട്ടേലിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഭരണപരിഷ്‌കരണങ്ങളെ അപലപിച്ചുകൊണ്ട് കേരള നിയമസഭ പ്രമേയം പാസാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

'ജനദ്രോഹ നിയമങ്ങള്‍ ബലപ്രയോഗത്തിലൂടെ നടപ്പാക്കാനും അവിടെ താമസിക്കുന്ന മുസ്ലിങ്ങളെ ഒറ്റപ്പെടുത്താനും ശ്രമിക്കുന്ന പ്രഫുല്‍ കെ പട്ടേലിനെ പ്രധാനമന്ത്രി തിരിച്ചുവിളിക്കണം. വൈവിധ്യമാണ് രാജ്യത്തിന്റെ ശക്തി,'' സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.

അതേസമയം ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്റര്‍ ജനദ്രോഹ നടപടികള്‍ തുടരുകയാണ്. ദ്വീപിലെ എയര്‍ ആംബുലന്‍സുകള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. ഇതിനായി സ്വകാര്യ കമ്പനികളില്‍ നിന്ന് ടെണ്ടര്‍ വിളിച്ചിട്ടുണ്ട്. ദ്വീപില്‍ ആശുപത്രി സൗകര്യം കുറവായതിനാല്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ കേരളത്തിലെത്തിച്ചാണ് ചികിത്സ നടത്തുന്നത്.

Tags: