തമിഴ്‌നാട്ടില്‍ അധികാരമേറ്റതിന് പിന്നാലെ ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. മുഴുവന്‍ റേഷന്‍ കാര്‍ഡുടമകള്‍ക്കും 4,000 രൂപയുടെ കൊവിഡ് ആശ്വാസ പദ്ധതി, കൊവിഡ് ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കുക, പാല്‍വിലയില്‍ കുറവ്, സ്ത്രീകള്‍ക്ക് ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര തുടങ്ങിയവ അനുവദിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍ സ്റ്റാലിന്റെ ഡി.എം.കെ സര്‍ക്കാര്‍ നിറവേറ്റിയിരിക്കുകയാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായകമായ ജനപ്രിയ പ്രഖ്യാപനങ്ങളുണ്ടായത്.
സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളുടെ ബന്ധപ്പെട്ടുള്ള കൊവിഡിന്റെ എല്ലാ ചികിത്സാച്ചിലവും സര്‍ക്കാര്‍ ഏറ്റെടുക്കും. മുഖ്യമന്ത്രിയുടെ ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സാ സഹായം സൗജന്യമാക്കിയുള്ള പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാം നഗരങ്ങളിലും സര്‍വീസ് നടത്തുന്ന ഓര്‍ഡിനറി ബസുകളിലാണ് സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്. വിവിധ തൊഴില്‍രംഗങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കും ഉന്നത വിദ്യാഭ്യാസം നടത്തുന്ന പെണ്‍കുട്ടികള്‍ക്കുമാണ് ബസുകളില്‍ സൗജന്യ യാത്ര ഏര്‍പ്പെടുത്തിയിരിക്കുന്നത്. തമിഴ്നാട്ടിലെ സഹകരണ ക്ഷീരോല്‍പാദകരായ ആവിന്റെ പാല്‍വില ലിറ്ററിന് മൂന്നു രൂപയാണ് കുറിച്ചിരിക്കുന്നത്. ഈ മാസം 16 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വരും. 1,200 കോടി രൂപ ഇതിലേക്കായി വകയിരുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജനങ്ങള്‍ സമര്‍പ്പിച്ച പരാതികള്‍ 100 ദിവസത്തിനകം പരിഹരിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിട്ടുണ്ട് .
മുത്തുവേല്‍ കരുണാനിധി സ്റ്റാലിന്‍ എന്ന് മുഴുവന്‍ പേര് പറഞ്ഞ് അച്ഛന്‍ കരുണാനിധിയുടെ ഓര്‍മ്മകള്‍ പ്രകാശിപ്പിച്ചുകൊണ്ടാണെന് മുഖ്യമന്ത്രി പദത്തിലേക്ക് സ്റ്റാലിന്‍ അവരോധിതനായത്. ഡി.എം.കെയില്‍ നിന്ന് അണ്ണാദുരൈയ്ക്കും കരുണാനിധിക്കും ശേഷം മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെയാളാണു സ്റ്റാലിന്‍. സ്റ്റാലിന്‍ സത്യവാചകം ചൊല്ലുമ്പോള്‍ ഭാര്യ ദുര്‍ഗ സ്റ്റാലിന്‍ വികാരഭരിതയായി. പിന്നാലെ പാര്‍ട്ടിയിലെ രണ്ടാമനും ജനറല്‍ സെക്രട്ടറിയുമായ ദുരൈമുരുകന്‍. പിറകെ മന്ത്രിസഭയിലെ 32 പേരും അധികാരമേറ്റു. കൊവിഡ് കണക്കിലെടുത്തു പ്രവേശനം നിയന്ത്രിച്ചിരുന്ന ചടങ്ങില്‍ മുന്‍ധനമന്ത്രി പി.ചിദംബരം, മുന്‍ ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം, മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍, നടന്‍ ശരത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.