Skip to main content

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭരണകൂടത്തെ വിമര്‍ശിച്ച് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസുമാരായ യു.യു ലളിത്, അജയ് രസ്‌തോഗി എന്നിവരുടെ ബഞ്ച് പരിഗണിക്കുന്നത്. ഭരണഘടന ഉറപ്പ് വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ് 124 എ വകുപ്പെന്നും, നിയമത്തിലെ വ്യക്തത കുറവ് മൂലം അത് ദുരുപയോഗം ചെയ്യുകയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറും കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്.

മണിപ്പൂരിലെ മാധ്യമ പ്രവര്‍ത്തകന്‍ കിഷോര്‍ ചന്ദ്ര വാങ്ഖ്‌ചെ, ഛത്തീസ്ഘട്ടിലെ കാര്‍ട്ടൂണിസ്റ്റ് കനയ്യലാല്‍ ശുക്ല എന്നിവരാണ് ഹര്‍ജിക്കാര്‍. മണിപ്പൂര്‍ സര്‍വ്വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിന് അവിടുത്തെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഏജന്റ് എന്ന് വിളിച്ചുവെന്നാണ് കിഷോര്‍ ചന്ദ്രക്കെതിരായ കേസ്. പോലീസിന്റെ വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തതാണ് കനയ്യ ലാലിനെതിരായ കേസ്.