Skip to main content

അകമ്പടി വാഹനങ്ങളുടെ എണ്ണം കുറച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. തന്റെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് സ്റ്റാലിന്റെ ഈ തീരുമാനം. ഇനിമുതല്‍ 12 വണ്ടികള്‍ക്ക് പകരം ആറ് വണ്ടികളായിരിക്കും സ്റ്റാലിനെ അനുഗമിക്കുക. മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലും പിന്നിലുമായി രണ്ട് പൈലറ്റ് വാഹനങ്ങള്‍, മൂന്ന് അകമ്പടി വാഹനങ്ങള്‍, ഒരു ജാമര്‍ വാഹനം എന്നിങ്ങനെയായിയിരിക്കും ഇനി വാഹനവ്യൂഹത്തില്‍ ഉണ്ടാകുക. 

മന്ത്രിമാര്‍ കടന്നുപോകുമ്പോള്‍ ജനങ്ങളെയും അതുവഴിയുള്ള ഗതാഗതത്തെയും തടഞ്ഞുവെക്കുക പതിവാണ്. ഇത് ജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് സര്‍ക്കാര്‍ തീരുമാനം വ്യക്തമാക്കിയത്. മുഖ്യമന്ത്രി കടന്നുപോകുമ്പോള്‍ പൊതുജനങ്ങളുടെ ഗതാതഗതം നിര്‍ത്തിവെക്കാതെ തന്നെ പുതിയ ക്രമീകരണങ്ങള്‍ ഒരുക്കുന്ന കാര്യവും ചര്‍ച്ചയായി. നേരത്തെത്തന്നെ താന്‍ കടന്നുപോകുമ്പോള്‍ ഗതാഗതം തടസപ്പെടുത്തരുതെന്ന് സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും അവ കൃത്യമായി പാലിക്കപ്പെട്ടിരുന്നില്ല.