ക്ഷേത്രത്തില്‍ നിന്ന് ഭക്ഷണം നല്‍കാതെ ഇറക്കിവിട്ട അശ്വിനിയെ വീട്ടിലെത്തി കണ്ട് സ്റ്റാലിന്‍

Glint Desk
Thu, 04-11-2021 07:00:00 PM ;

ജാതിയുടെ പേരില്‍ ക്ഷേത്രത്തില്‍ നിന്ന് അന്നദാനം നല്‍കാതെ പുറത്താക്കിയ നരിക്കുറവ വിഭാഗക്കാരി അശ്വിനിയെ വീട്ടിലെത്തി കണ്ട് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍. ചെങ്കല്‍പേട്ട് ജില്ലയിലെ മാമല്ലപുരത്ത് നരിക്കുറവ, ഇരുള സമുദായങ്ങളില്‍പ്പെട്ടവര്‍ താമസിക്കുന്ന പൂഞ്ചേരിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സ്റ്റാലിന്‍ അശ്വിനിയുടെ ക്ഷണം സ്വീകരിച്ചാണ് വീട്ടിലെത്തിയത്.

പ്രദേശത്ത് അങ്കണവാടിയും, സ്‌കൂളുകളും അടക്കം മുനിസിപ്പല്‍ പബ്ലിക് ഫണ്ട് സ്‌കീമില്‍ 10 കോടിയുടെ വികസന പദ്ധതികള്‍ എം.കെ.സ്റ്റാലിന്‍ പ്രഖ്യാപിച്ചു. 81 നരിക്കുറവര്‍-ഇരുളര്‍ കുടുംബങ്ങള്‍ക്ക് അദ്ദേഹം പട്ടയം വിതരണം ചെയ്യുകയും ചെയ്തു. ഇതുകൂടാതെ 4.53 കോടി രൂപയുടെ ക്ഷേമപദ്ധതികളും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നരിക്കുറവര്‍, ഇരുളര്‍ വിഭാഗങ്ങളില്‍പ്പെട്ട 282 കുടുംബങ്ങള്‍ക്കാകും പദ്ധതിയുടെ ഗുണം ലഭിക്കുക.

പട്ടയങ്ങള്‍ക്കൊപ്പം തിരിച്ചറിയല്‍ രേഖകള്‍, ജാതി സര്‍ട്ടിഫിക്കറ്റുകള്‍, റേഷന്‍ കാര്‍ഡുകള്‍, ഭവന നിര്‍മ്മാണത്തിനുള്ള ബോണ്ടുകള്‍, ക്ഷേമ പദ്ധതി കാര്‍ഡുകള്‍, പരിശീലന ഉത്തരവുകള്‍, വായ്പകള്‍ എന്നിവയും എം.കെ.സ്റ്റാലിന്‍ വിതരണം ചെയ്തു. മുദ്ര പദ്ധതി അനുസരിച്ച് 12 പേര്‍ക്ക് ഒരു ലക്ഷം രൂപയുടെ വായ്പ നല്‍കി. 33 പേര്‍ക്ക് 10,000 രൂപ വീതം ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു.

റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ലഭിക്കാന്‍ പോലും വര്‍ഷങ്ങളായി ബുദ്ധിമുട്ടുന്ന തങ്ങള്‍ക്ക്, മുഖ്യമന്ത്രി നല്‍കിയ ദീപാവലി സമ്മാനം അത്ഭുതപ്പെടുത്തിയെന്ന് അശ്വിനി പ്രതികരിച്ചു. ഗ്രാമത്തിലെ 68 കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കുന്നതിനായി അഞ്ച് വാട്ടര്‍ ടാങ്കുകള്‍ സ്ഥാപിച്ചു. തെരുവു വിളക്കുകള്‍ സ്ഥാപിച്ചു, ഇവിടെ ഇനി ഇരുട്ട് ഇല്ലെന്നും അശ്വിനിയുടെ സഹോദരി കീര്‍ത്തിക പറഞ്ഞു. തന്റെ സഹോദരിക്ക് മന്ത്രി പി.കെ.ശേഖര്‍ ബാബു നല്‍കിയ വാക്കുകള്‍ വെറും നാല് ദിവസം കൊണ്ടാണ് നിറവേറ്റിയിരിക്കുന്നതെന്നും കീര്‍ത്തിക. താനുള്‍പ്പടെയുള്ളവരുടെ പ്രശ്നം പുറംലോകത്തെത്തിച്ച മകളെയോര്‍ത്ത് അഭിമാനിക്കുന്നുവെന്നായിരുന്നു അശ്വിനിയുടെ പിതാവ് പറഞ്ഞത്. മന്ത്രിക്കും, മുഖ്യമന്ത്രിക്കും നന്ദി പറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: