ബോധരഹിതനായ 28കാരനെ തോളത്തെടുത്ത് എസ്.ഐ; രക്ഷാപ്രവര്‍ത്തനത്തിന് കയ്യടിച്ച് സോഷ്യല്‍ മീഡിയ

Glint Desk
Thu, 11-11-2021 06:36:24 PM ;

ചെന്നൈയില്‍ കനത്ത മഴയ്ക്കിടെ അപകടത്തില്‍പ്പെട്ടയാളെ രക്ഷിച്ച വനിതാ എസ്.ഐ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം കയ്യടി നേടുന്നത്. അബോധാവസ്ഥയിലായ യുവാവിനെ തോളില്‍ ചുമന്നാണ് ആശുപത്രിയിലെത്തിക്കാന്‍ എസ്.ഐ ഓട്ടോയില്‍ കയറ്റിയത്. എല്ലാവരും മരിച്ചെന്ന് കരുതിയ യുവാവിനാണ് രാജേശ്വരിയുടെ സമയോജിതമായ ഇടപെടല്‍ മൂലം ജീവന്‍ തിരിച്ചു കിട്ടിയത്.

വ്യാഴാഴ്ച രാവിലെ, ചെന്നൈയിലെ വെള്ളത്തില്‍ മുങ്ങിയ കില്‍പോക്കിലെ സെമിത്തേരിയില്‍ ഒരു യുവാവിന്റെ മൃതദേഹം കിടക്കുന്നു എന്ന കോളാണ് പോലീസ് സ്‌റ്റേഷനിലേക്ക് വന്നത്. ഇതനുസരിച്ച് എട്ടരയോടെ രാജേശ്വരി സ്ഥലത്തെത്തി. പരിശോധിച്ചപ്പോള്‍ യുവാവിന് നേരിയ പള്‍സ് ഉണ്ടെന്ന് മനസിലായി. ഒട്ടും താമസിക്കാതെ തന്നെ 28കാരനായ യുവാവിനെ തോളിലെടുത്ത് വാഹനത്തിന് അടുത്തേക്ക് പോവുകയായിരുന്നു.

സെമിത്തേരിയില്‍ ജോലി ചെയ്യുന്ന ഉദയ്കുമാര്‍ എന്ന യുവാവാണ് അപകടത്തില്‍ പെട്ടതെന്നാണ് റിപ്പോര്‍ട്ട്. താഴെ കിടന്നിരുന്ന ഉദയ്കുമാറിനെയും എടുത്ത് വരുന്ന രാജേശ്വരിയെയും, ഓട്ടോയില്‍ കയറ്റുന്നതും ഉള്‍പ്പടെ പുറത്തുവന്ന വീഡിയോയില്‍ കാണാം. ആംബുലന്‍സിനായി അറിയിപ്പ് നല്‍കിയെങ്കിലും അതിന് കാത്തുനില്‍ക്കുന്നത് യുവാവിന്റെ ജീവന്‍ അപകടത്തിലാക്കിയേക്കും എന്നുള്ളതിനാല്‍ അടുത്ത് കണ്ട ഓട്ടോയില്‍ യുവാവിനെ കയറ്റുകയായിരുന്നു. ഓട്ടോയ്ക്ക് പിന്നാലെ പോലീസ് ഉദ്യോഗസ്ഥരും ആശുപത്രിയിലെത്തിയിരുന്നു.

ചുരുങ്ങിയ സമയം കൊണ്ടാണ് രാജേശ്വരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഐ.എ.എസ് ഉദ്യോഗസ്ഥരടക്കം അഭിനന്ദനങ്ങള്‍ അറിയിച്ച് വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Tags: