Skip to main content

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഐ.എം.ഡി(ഇന്ത്യന്‍ മെറ്ററോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്)യുടെ കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങളിലെ പോരായ്മ ചൂണ്ടിക്കാണിച്ചാണ് കത്ത്. ചെന്നൈയിലെ ഇന്ത്യന്‍ മെറ്ററോളജിക്കല്‍ സെന്ററിനെ (ഐ.എം.സി) കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഴ മുന്നറിയിപ്പുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ സര്‍ക്കാരിനെ അതത് സമയത്ത് അറിയിക്കാനുള്ള സംവിധാനമുണ്ടാകണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ട് ദിവസമായി ചെന്നൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയാണ് പെയ്തത്. ഈ പശ്ചാത്തലത്തിലാണ് സ്റ്റാലിന്റെ കത്ത്. ഹൈ അലേര്‍ട്ട് സാഹചര്യങ്ങള്‍ മുന്‍കൂട്ടി പ്രവചിക്കാനും സംസ്ഥാന സര്‍ക്കാരിനെ കൃത്യ സമയത്ത് അറിയിക്കാനും ആവശ്യമായ ശേഷിയിലേക്ക് ചെന്നൈ ഐ.എം.സിയെ ഉയര്‍ത്താന്‍ വേണ്ട കാര്യങ്ങള്‍ ചെയ്യണമെന്നാണ് സ്റ്റാലിന്‍ കത്തില്‍ അഭ്യര്‍ത്ഥിക്കരുത്.

ദുരന്ത സാഹചര്യങ്ങളില്‍ തയ്യാറെടുക്കാന്‍ ഐ.എം.സിയില്‍ നിന്നുള്ള മുന്നറിയിപ്പുകളാണ് സംസ്ഥാന സര്‍ക്കാര്‍ പ്രയോജനപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഐ.എം.സിയുടെ പ്രവചനത്തിലെ പോരായ്മകള്‍ സംസ്ഥാനത്തിന്റെ എമര്‍ജന്‍സി മാനേജ്‌മെന്റ് സംവിധാനത്തെ ബാധിക്കുന്നുണ്ടെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കുന്നുണ്ട്.