Skip to main content

കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന സാഹചര്യമായതിനാല്‍ ആരോഗ്യ പരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ആശങ്കാകുലരാകുന്ന ആളുകള്‍ ഒരു ഡോക്ടറെ കാണുകയോ ആരോഗ്യ പ്രവര്‍ത്തകരുടെയോ ഉപദേശം തേടുകയോ വേണം. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഒമിക്രോണിന്റെ കുതിച്ചുചാട്ടത്തെ നേരിടാന്‍ ടെലികണ്‍സള്‍ട്ടേഷന്‍ സേവനങ്ങള്‍ അടിയന്തിരമായി വര്‍ദ്ധിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

നിരവധി ആളുകള്‍ രോഗികളാകാനുള്ള സാധ്യത കൂടുതലാണെന്നും അവര്‍ മുന്നറിയിപ്പു നല്‍കി. രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളില്‍ തിരക്ക് കൂടും. ആഗോളതലത്തില്‍ പുതിയ ആശങ്കകള്‍ ഉണര്‍ത്തുകയും വീടുകളിലേക്കു പരിചരണം മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും ഡോ.സൗമ്യ സ്വാമിനാഥന്‍ പറഞ്ഞു. ഒ.പി വിഭാഗത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും നഴ്സുമാരും ഉണ്ടെന്ന് ഉറപ്പാക്കുക. ടെലിഹെല്‍ത്ത്, ടെലിമെഡിസിന്‍ സേവനങ്ങള്‍ ശരിക്കും വര്‍ദ്ധിപ്പിക്കേണ്ട സമയമാണിതെന്നു ഒമിക്രോണ്‍ വകഭേദം അപകടകാരി അല്ലെന്ന് ഈ ഘട്ടത്തില്‍ ഉറപ്പിക്കാനാവില്ലെന്നും ദക്ഷിണാഫ്രിക്കയില്‍ നിന്നും യു.കെയില്‍നിന്നും വിവരങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുന്നതേയുള്ളുവെന്നും ഡെല്‍റ്റയേക്കാള്‍ നാല് മടങ്ങ് വേഗത്തിലാണ് ഒമിക്രോണ്‍ വ്യാപിക്കുന്നതെന്നും അവര്‍ പറഞ്ഞു.

എല്ലാ മുതിര്‍ന്നവര്‍ക്കും പൂര്‍ണ്ണമായി വാക്‌സിനേഷന്‍ നല്‍കുക, കൂട്ടം കൂടുന്നത് ഒഴിവാക്കുക, വ്യാപകമായ ജീനോം സീക്വന്‍സിങ്, കേസുകളില്‍ അസാധാരണമായ പുരോഗതി എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കുക എന്നിവയാണ് 'ഒമിക്രോണിനെതിരെ' മറ്റ് ചില നിര്‍ദ്ദേശങ്ങള്‍.